Tragedy | പാറമേക്കാവ് അഗ്രശാലയിലെ തീപിടിത്തത്തില്‍ അട്ടിമറി സംശയിച്ച് ദേവസ്വം


● ആര്‍ക്കും പരുക്കില്ല.
● അരക്കോടി രൂപയുടെ നഷ്ടം.
● പൊലീസിന് പരാതി നല്‍കി.
തൃശൂര്‍: (KVARTHA) നവരാത്രി പരിപാടി നടക്കുന്നതിനിടെ പാറമേക്കാവ് (Paramekkavu) ക്ഷേത്രത്തോട് ചേര്‍ന്ന അഗ്രശാല (Agrashala) ഹാളിന്റെ മുകള്‍നിലയില്‍ വന്‍ തീപിടിത്തം ഉണ്ടായതില്‍ അട്ടിമറി ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടു. പിന്നില്‍ അട്ടിമറിയാണോയെന്ന് സംശയിക്കുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു.
ഷോട്ട് സര്‍ക്യൂട്ട് ആണോ അതോ അതിനു പിന്നില്‍ മറ്റു കാര്യങ്ങളാണോ എന്ന് അന്വേഷണം വേണമെന്നാണ് ആവശ്യം. റവന്യൂ മന്ത്രിയും സര്‍ക്കാരും വിഷയത്തില്‍ ഇടപെടണമെന്നും പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കി.
അതേസമയം, ഭക്ഷണം വെക്കുന്ന പായ പോലുള്ള വസ്തുക്കളാണ് ചൂട് കാരണം തീപിടിച്ചതെന്നും സംശയിക്കുന്നു. മൂന്ന് യൂണിറ്റ് അഗ്‌നിരക്ഷാ സേനാ സംഘമെത്തി വെള്ളം പമ്പു ചെയ്താണ് അരമണിക്കൂറില്‍ തീ നിയന്ത്രണവിധേയമാക്കിയത്. അരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണ് ദേവസ്വം അധികൃതരുടെ പ്രാഥമിക നിഗമനം.
ഞായറാഴ്ച വൈകിട്ട് എട്ടേമുക്കാലോടെയാണ് സംഭവം. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഹാളിന്റെ താഴത്തെ നിലയില്‍ നൃത്തപരിപാടി സംഘടിപ്പിച്ചിരുന്നു. പാലക്കാട് നവതരംഗം നൃത്തസംഘത്തിന്റെ പരിപാടി തുടങ്ങി രണ്ട് നൃത്തങ്ങള്‍ക്ക് പിന്നാലെയാണ് ഹാളിന്റെ മുകള്‍നിലയില്‍ നിന്നു പുക ഉയരുന്നതു കണ്ടത്.
പൂരത്തിന്റെ സമയത്തു പൂരക്കഞ്ഞി വിളമ്പാന്‍ എത്തിച്ച പാളപ്പാത്രങ്ങളില്‍ മിച്ചം വന്നവ ഇവിടെ സൂക്ഷിച്ചിരുന്നു. ഇവയിലേക്ക് തീപടര്‍ന്നതോടെ ആളിക്കത്താന്‍ തുടങ്ങി. പുകയും തീയും കണ്ടു പരിഭ്രാന്തരായി നര്‍ത്തകരും കാണികളുമടക്കം ഹാളില്‍ നിന്നു പുറത്തേക്കോടി രക്ഷപ്പെട്ടു. ഉടന്‍ തന്നെ ആളുകളെ പൂര്‍ണമായി പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കി. ആര്‍ക്കും പരുക്കില്ല. ഹാളിലെ കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സംവിധാനവും നര്‍ത്തകരുടെ ബാഗുകളടക്കം കത്തിനശിച്ചു.
#Paramekkavu #Agrashala #Fire #Navaratri #Tragedy #Kerala