Controversy | പൂരനഗരിയിലെത്തിയത് ആംബുലന്‍സിലല്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി സുരേഷ് ഗോപി
● മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു
● തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കവെയാണ് പൂരം വിവാദത്തില്‍ മന്ത്രി പ്രതികരിച്ചത്
● തന്നെ കണ്ടുവെങ്കില്‍ അത് മായക്കാഴ്ചയാണെന്നും പറഞ്ഞു
● താന്‍ അവിടെ പോയത് ജില്ലാ അധ്യക്ഷന്റെ കാറിലാണെന്നും അറിയിച്ചു
തൃശ്ശൂര്‍: (KVARTHA) പൂരനഗരിയിലെത്തിയത് ആംബുലന്‍സിലല്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരില്‍ ഒരു ചടങ്ങിനെത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയും മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്.
പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം ചേലക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കവെ പൂരം വിവാദത്തില്‍ മന്ത്രിയുടെ പ്രതികരണം ഉണ്ടായത്. താന്‍ പൂരനഗരിയില്‍ വന്നത് ആംബുലന്‍സിലല്ലെന്നും ജില്ലാ അധ്യക്ഷന്റെ കാറിലാണെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. ആംബുലന്‍സില്‍ വന്നത് കണ്ടെങ്കില്‍ അത് മായക്കാഴ്ചയായിരിക്കുമെന്നും സുരേഷ് ഗോപി എംപി പറഞ്ഞിരുന്നു.
സുരേഷ് ഗോപിയുടെ വാക്കുകള്‍:
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ ഞാന്‍ അവിടെ പോയിട്ടില്ല. സാധാരണ കാറിലാണ് പോയത്. ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയത്. ആംബുലന്‍സില്‍ എന്നെ കണ്ടത് മായക്കാഴ്ചയാണോ അല്ലയോ എന്ന് വ്യക്തമാകണമെങ്കില്‍ അന്വേഷിക്കട്ടെ.
പക്ഷേ, കേരളത്തിലെ പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ സത്യം അറിയില്ല. സിബിഐ വരണം. അതിന് തയാറാണോ? ഒറ്റതന്തയ്ക്ക് പിറന്നവരാണെങ്കില്‍ സിബിഐക്ക് വിടണം. തിരുവമ്പാടി അവരുടെ സത്യം പറയട്ടെ, പാറമേക്കാവ് അവരുടെ സത്യം പറയട്ടെ. ഇതു സിനിമാ ഡയലോഗ് മാത്രമായി എടുത്താല്‍ മതി.
ഞാനവിടെ ചെല്ലുന്നത് നൂറുകണക്കിന് പൂരപ്രേമികളെ പൊലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാനാണ്. ആ കലക്ടറെയും കമ്മിഷണറെയും ഒരു കാരണവശാലും ഇവിടെനിന്നു മാറ്റരുത്, അവരെ ശിക്ഷിക്കരുതെന്ന് അന്നു തന്നെ മാധ്യമങ്ങളോട് പറഞ്ഞതാണ്. 2025ല്‍ എങ്ങനെ പൂരം നടത്തുമെന്ന് അവര്‍ക്ക് കാണിച്ച് കെടുക്കുമെന്ന് അന്ന് തന്നെ പറഞ്ഞതാണ്- എന്നും സുരേഷ് ഗോപി പറഞ്ഞു.
ആംബുലന്‍സിലല്ല ഏതുവാഹനത്തില്‍ വേണമെങ്കിലും സുരേഷ് ഗോപിക്ക് വന്നിറങ്ങാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വേദിയില്‍വെച്ച് പറഞ്ഞിരുന്നു. അദ്ദേഹത്തെ വേദിയിലിരുത്തിക്കൊണ്ടുതന്നെയാണ് സുരേഷ് ഗോപി സുരേന്ദ്രനെ തിരുത്തിയത്.
സുരേഷ് ഗോപി പുലര്‍ച്ചെ ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആംബുലന്‍സില്‍ വന്നു എന്നുതന്നെയാണ് ബിജെപി നേതാക്കളും പറഞ്ഞിരുന്നത്.
പൊലീസ് സുരേഷ് ഗോപിയെ ഒരുവിധത്തിലും പൂരനഗരിയിലേക്ക് കടത്തിവിടില്ലെന്ന നിലപാടെടുത്തപ്പോഴാണ് സേവാഭാരതിയുടെ ആംബുലന്‍സില്‍ അദ്ദേഹത്തെ കൊണ്ടുവന്നതെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ കെകെ അനീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കുറച്ചുദൂരം മാത്രമേ സുരേഷ് ഗോപി ആംബുലന്‍സില്‍ സഞ്ചരിച്ചിട്ടുള്ളൂ എന്നും അതാണ് സുരേഷ് ഗോപി ഉദ്ദേശിച്ചതെന്നും ജില്ലാ അധ്യക്ഷന്‍ അനീഷ് കുമാര്‍ പിന്നീട് വിശദീകരിച്ചു.
#SureshGopi #ThrissurPooram #AmbulanceControversy #KeralaPolitics #BJP #CBI