Festival | 'ദക്ഷിണ മൂകാംബികയിൽ' ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകളുടെ വൻ തിരക്ക്
● കണ്ണൂർ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ.
● കനത്ത തിരക്കിനെ തുടർന്ന് കർശന പൊലീസ് സുരക്ഷ.
● പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്നു.
കണ്ണൂർ: (KVARTHA) വിദ്യാരംഭത്തിന്റെ ആദ്യ അക്ഷരം കുറിക്കാനെത്തിയ കുരുന്നുകളുടെയും ഭക്തരുടെയും വൻ തിരക്കിലാണ് കണ്ണൂരിലെ ക്ഷേത്രങ്ങൾ. ദക്ഷിണ മൂകാംബികയെന്ന് അറിയപ്പെടുന്ന കണ്ണൂർ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിൽ ആയിരങ്ങളാണ് എത്തിയത്. അതിരാവിലെ തന്നെ ക്ഷേത്രത്തിൽ എഴുത്തിനിരുത്തു ആരംഭിച്ചു.
കണ്ണൂർ ജില്ലയുടെ വിവിധ കോണുകളിൽ നിന്നായി പതിനായിരക്കണക്കിന് ഭക്തർ വിജയദശമി ദിവസം ക്ഷേത്രം ദർശനത്തിനെത്തി. കനത്ത തിരക്കിനെ തുടർന്ന് കർശന പോലിസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. വനിതാ പോലിസ് ഉൾപ്പെടെയുള്ളവർ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി സജ്ജമായിരുന്നു.
പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ അഞ്ചു പേരാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിലും കോവിലുകളിലും വിജയദശമി ദിനത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടന്നു. കാലവർഷം പ്രതികൂലമായിരുന്നിട്ടും, ഇക്കുറി നവരാത്രി മഹോത്സവത്തിൽ കണ്ണൂർ നഗരത്തിലെ ക്ഷേത്രങ്ങളിൽ വൻ ജനതിരക്കാണ് അനുഭവപ്പെട്ടത്.
#KannurTemples #Vidyarambham #Vijayadashami #KeralaFestivals #HinduRituals #IndianCulture