Babri Masjid | തകർത്ത ബാബരി മസ്ജിദിന് പകരം നൽകിയ ഭൂമിയിൽ നിർമിക്കുന്ന പള്ളിക്ക് എന്ത് സംഭവിച്ചു?
● ഹൈവേയിൽ നിന്ന് 200 മീറ്റർ അകലെയാണ് ഈ ഗ്രാമത്തിലെ മസ്ജിദിൻ്റെ നിർദിഷ്ട സ്ഥലം.
● ബോർഡ് ഇൻഡോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐഐസിഎഫ്) എന്ന പേരിൽ ഒരു ട്രസ്റ്റ് രൂപീകരിച്ചു.
● മസ്ജിദ് നിർമാണത്തിന് 100 കോടി രൂപ വേണമെന്ന് ഫൗണ്ടേഷൻ ചെയർമാൻ സുഫർ ഫാറൂഖി പറഞ്ഞു.
അയോധ്യ: (KVARTHA) 1992 ഡിസംബർ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തത്. നീണ്ട നിയമനടപടികൾക്ക് ശേഷം, 2019 നവംബർ ഒമ്പതിന്, സുപ്രീം കോടതി അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനുള്ള തീരുമാനത്തിൽ അംഗീകാരം നൽകി.
ബാബറി മസ്ജിദ്-രാമജന്മഭൂമി കേസിൽ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായ വിധി പുറപ്പെടുവിച്ചിരുന്നു.
ഇതനുസരിച്ച്, അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി രാമക്ഷേത്രം പണിയാൻ നൽകുകയും മുസ്ലീം വിഭാഗത്തിന് മസ്ജിദ് പണിയാൻ അഞ്ചേക്കർ ബദൽ ഭൂമി നൽകുകയും ചെയ്തു.
അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്നിട്ട് ഉടൻ ഒരു വർഷം തികയുമ്പോൾ, ധനിപൂരിൽ പുതിയ മസ്ജിദിൻ്റെ നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഉത്തർപ്രദേശിലെ ഗോരഖ്പൂർ-അയോധ്യ-ലക്‌നൗ ഹൈവേയിൽ റൗനഹി പൊലീസ് സ്റ്റേഷൻ്റെ തൊട്ടടുത്തുള്ള റോഡിലാണ് ധനിപൂർ ഗ്രാമം ആരംഭിക്കുന്നത്. ഹൈവേയിൽ നിന്ന് 200 മീറ്റർ അകലെയാണ് ഈ ഗ്രാമത്തിലെ മസ്ജിദിൻ്റെ നിർദിഷ്ട സ്ഥലം.
സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് 2020ൽ സുന്നി സെൻട്രൽ വഖഫ് ബോർഡിന് പള്ളി പണിയാൻ സർക്കാർ ഭൂമി നൽകിയിരുന്നു. ഇതിനുശേഷം ബോർഡ് ഇൻഡോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐഐസിഎഫ്) എന്ന പേരിൽ ഒരു ട്രസ്റ്റ് രൂപീകരിച്ചു.
ഫണ്ടില്ലാത്തതിനാൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനായില്ലെന്ന് ഫൗണ്ടേഷൻ പ്രസിഡൻ്റ് സുഫർ ഫാറൂഖിയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. ധനസമാഹരണത്തിനായി ഒരു കമ്മിറ്റിയും രൂപീകരിച്ചെങ്കിലും ഈ വർഷം സെപ്റ്റംബറിൽ അത് പിരിച്ചുവിട്ടു.
ധനസമാഹരണത്തിനായി രൂപീകരിച്ച സമിതിക്ക് അതിൻ്റെ പ്രവർത്തനങ്ങൾ കൃത്യമായി നിർവഹിക്കാൻ കഴിഞ്ഞില്ലെന്ന് ഐഐസിഎഫ് സെക്രട്ടറി അത്തർ ഹുസൈൻ പറയുന്നു.
1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൻ്റെ ഓർമകൾ നിലനിറുത്താൻ ധനിപൂരിൽ മസ്ജിദിനൊപ്പം അത്യാധുനിക കാൻസർ ആശുപത്രിയും മ്യൂസിയവും നിർമിക്കുമെന്ന് ഐഐസിഎഫ് ട്രസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ നായകനും ഫൈസാബാദിലെ താമസക്കാരനുമായ മൗലവി അഹമ്മദ് ഉല്ലാ ഷായുടെ പേരാണ് മ്യൂസിയത്തിന് നൽകുന്നത്.
മസ്ജിദ് നിർമാണത്തിന് 100 കോടി രൂപ വേണമെന്ന് ഫൗണ്ടേഷൻ ചെയർമാൻ സുഫർ ഫാറൂഖി പറഞ്ഞു. ബാക്കിയുള്ള പദ്ധതികൾക്ക് ഏകദേശം 400 കോടി രൂപ ചെലവ് വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘വിദേശത്ത് നിന്നുള്ള നിരവധി ആളുകൾ സംഭാവന നൽകാൻ തയ്യാറാണ്. ഇതിനായി എഫ്‌സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) പ്രകാരം അപേക്ഷ നൽകിയിട്ടിട്ടുണ്ടെന്ന് അധികൃതർ വിശദീകരിക്കുന്നു.
ട്രസ്റ്റ് അതിൻ്റെ പ്രവർത്തനം ആരംഭിക്കേണ്ടതായിരുന്നുവെന്നും അവർ പിന്നീട് പണത്തിനായി ജനങ്ങളോട് അഭ്യർത്ഥിക്കണമായിരുന്നുവെന്നും അയോധ്യയിലെ മാധ്യമപ്രവർത്തകൻ അർഷാദ് അഫ്സൽ ഖാൻ പറയുന്നു. എന്നാൽ, പണം പിരിക്കാൻ എല്ലാ സംസ്ഥാനങ്ങളിലും സന്നദ്ധപ്രവർത്തകരെ തയ്യാറാക്കുന്നുണ്ടെന്നും ജനകീയ സംഭാവന പിരിവിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഫാറൂഖി പറയുന്നു.
മറുവശത്ത്, അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠയ്ക്ക് ശേഷം അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.
ഏകദേശം 1800 കോടി രൂപയാണ് രാമക്ഷേത്ര നിർമ്മാണത്തിനായി ചെലവഴിക്കുന്നത്.
അയോധ്യയിലെ രാമക്ഷേത്രം വരെ രാമപാത നിർമ്മിച്ചു. അയോധ്യയുടെ സൗന്ദര്യവൽക്കരണവും സർക്കാർ നടത്തിയിട്ടുണ്ട്, ഇതിനായി സർക്കാർ പ്രത്യേകം ഫണ്ട് അനുവദിച്ചിരുന്നു.
ഭക്തരുടെ വരവിനായി സർക്കാർ വിമാനത്താവളം തുറന്നുകൊടുത്തു, പുതിയ ബസ് സ്റ്റാൻഡ് നിർമിച്ചു, റെയിൽവേ വിപുലീകരണ പ്രവൃത്തികൾ നടന്നുവരികയാണ്.
ഈ വർഷത്തെ ബജറ്റിൽ അയോധ്യയുടെ വികസനത്തിന് 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിമാനത്താവളത്തിൻ്റെ വിപുലീകരണത്തിന് 150 കോടി രൂപ അനുവദിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും മസ്ജിദിന് അനുവദിച്ച സ്ഥലത്ത് പണി തുടങ്ങിയിട്ടില്ല. പലയിടത്തും ബോർഡുകൾ മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ വർഷം ആദ്യം, ബാബറി മസ്ജിദ് ഭൂമി തർക്ക കേസിൽ കക്ഷിയായിരുന്ന ഇഖ്ബാൽ അൻസാരിയും പള്ളിയുടെ പണി പുരോഗമിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
എന്തായിരുന്നു അയോധ്യ തർക്കം?
അയോധ്യ തർക്കത്തിൻ്റെ ചരിത്രത്തിന് ഏകദേശം നൂറ്റമ്പത് വർഷത്തെ പഴക്കമുണ്ട്.
1528: അയോധ്യയിൽ മസ്ജിദ് നിർമ്മിച്ചു. മുഗൾ ചക്രവർത്തി ബാബറാണ് ഈ പള്ളി പണിതത്, അതിനാലാണ് ഇത് ബാബറി മസ്ജിദ് എന്ന് അറിയപ്പെട്ടിരുന്നത്.
1853: ഈ സ്ഥലത്തിന് സമീപം ആദ്യമായി വർഗീയ കലാപം നടന്നു.
1859: ബ്രിട്ടീഷ് ഭരണാധികാരികൾ തർക്കസ്ഥലത്ത് വേലികെട്ടി, സമുച്ചയത്തിൻ്റെ ഉൾഭാഗത്ത് മുസ്ലീങ്ങൾക്കും പുറത്തും ഹിന്ദുക്കൾക്കും പ്രാർത്ഥിക്കാൻ അനുമതി നൽകി.
1949: മസ്ജിദിൽ രാമൻ്റെ വിഗ്രഹങ്ങൾ കണ്ടെത്തി. ചില ഹിന്ദുത്വ പ്രവർത്തകർ ഈ വിഗ്രഹങ്ങൾ അവിടെ കൊണ്ടുവന്ന് വെച്ചതാണെന്നാണ് ആരോപണം. ഇതിനെതിരെ മുസ്ലീങ്ങൾ പ്രതിഷേധിക്കുകയും ഇരുവിഭാഗവും കോടതിയിൽ കേസ് നൽകുകയും ചെയ്തു. ഈ സ്ഥലം തർക്ക ഭൂമിയാണെന്ന് സർക്കാർ പ്രഖ്യാപിക്കുകയും പൂട്ടിയിടുകയും ചെയ്തു.
1984: വിശ്വഹിന്ദു പരിഷത്തിൻ്റെ നേതൃത്വത്തിൽ ശ്രീരാമൻ്റെ ജന്മസ്ഥലം മോചിപ്പിക്കുന്നതിനും അവിടെ രാമക്ഷേത്രം നിർമ്മിക്കുന്നതിനുമായി ഒരു കമ്മിറ്റി രൂപീകരിച്ചു. പിന്നീട് നേതൃത്വം എൽ കെ അദ്വാനി ഏറ്റെടുത്തു.
1986: പള്ളി ഹിന്ദുക്കൾക്കായി തുറന്നുകൊടുക്കാൻ ഫൈസാബാദ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഹർജിയിൽ 24 മണിക്കൂറിനകമാണ് തർക്കഭൂമി തുറന്നു കൊടുക്കാൻ കോടതി ഉത്തരവിട്ടത്. ഉത്തരവ് കിട്ടി നാൽപ്പതു മിനിറ്റിനകം തുറന്നു. ഇതിനെതിരെ മുസ്ലിം വിഭാഗം ബാബറി മസ്ജിദ് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു.
1989: വിശ്വഹിന്ദു പരിഷത്ത് രാമക്ഷേത്രം നിർമ്മിക്കുന്നതിനുള്ള പ്രചാരണം ശക്തമാക്കുകയും തർക്കഭൂമിക്ക് സമീപം രാമക്ഷേത്രത്തിന് ശിലാന്യാസം നടത്തുകയും ചെയ്തു.
1990: വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ബാബറി മസ്ജിദിന് കേടുപാടുകൾ വരുത്തി. തർക്കം ചർച്ചയിലൂടെ പരിഹരിക്കാൻ അന്നത്തെ പ്രധാനമന്ത്രി ചന്ദ്രശേഖർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
1992: വിശ്വഹിന്ദു പരിഷത്ത്, ശിവസേന, ഭാരതീയ ജനതാ പാർട്ടി എന്നിവയുടെ പ്രവർത്തകർ ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തു. ഇതിന് പിന്നാലെ രാജ്യത്തുടനീളം ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു.
2010: ചരിത്രപരമായ ഒരു വിധിയിൽ, അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് അയോധ്യയിലെ തർക്കഭൂമി രാമജന്മഭൂമിയായി പ്രഖ്യാപിക്കുകയും അതിനെ മൂന്നായി വിഭജിക്കുകയും ചെയ്തു.
2011: അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.
2019: അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിന് സുപ്രീം കോടതി അനുമതി നൽകി. മുസ്ലീം വിഭാഗത്തിന് മസ്ജിദ് നിർമിക്കാൻ അഞ്ചേക്കർ ബദൽ ഭൂമി നൽകാനും വിധി.
#BabriMasjid #Ayodhya #RamMandir #MosqueConstruction #LandDispute #India