Snub | ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നിനെത്തിയത് ചീഫ് സെക്രട്ടറി മാത്രം; ബഹിഷ്‌ക്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
● ചാണ്ടി ഉമ്മനും കെ വി തോമസും പങ്കെടുത്തു.
● പൗര പ്രമുഖരും മതമേലധ്യക്ഷന്‍മാരും വിരുന്നിനെത്തി.
● 5 ലക്ഷം രൂപയാണ് ആഘോഷത്തിനായി അനുവദിച്ചിരുന്നത്.
തിരുവനന്തപുരം: (KVARTHA) ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തത് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മാത്രം. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. രാജ്ഭവനില്‍ സംഘടിപ്പിച്ച വിരുന്നില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയും സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസും പങ്കെടുത്തു. കൂടാതെ പൗര പ്രമുഖരും മതമേലധ്യക്ഷന്‍മാരും പങ്കെടുത്തു. അഞ്ച് ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനിലെ ആഘോഷത്തിനായി അനുവദിച്ചിരുന്നത്.
സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടലില്‍ അതൃപ്തി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിട്ടുനില്‍ക്കല്‍. സര്‍വകലാശാല ഭരണം സംബന്ധിച്ച് സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് തുടരുകയാണ്. അതിനിടെയാണ് വിരുന്നില്‍ നിന്നു കൂടി വിട്ടു നിന്ന് മന്ത്രിസഭയൊന്നാകെ പ്രതിഷേധം കടുപ്പിച്ചത്. കഴിഞ്ഞവര്‍ഷവും മുഖ്യമന്ത്രി ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തിരുന്നില്ല.
അതേസമയം കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുക്കപ്പെട്ട് നാല് മാസമായിട്ടും പ്രവര്‍ത്തകരെ സത്യ പ്രതിജ്ഞ ചെയ്യാന്‍ പോലും സമ്മതിച്ചിട്ടില്ലെന്ന് ചൂണ്ടികാട്ടി ക്യാമ്പസില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തിയ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഗവര്‍ണര്‍ ക്യാമ്പസിലെ സംസ്‌കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാനായി എത്തിയപ്പോഴായിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
#KeralaPolitics #GovernorVsCM #ChristmasFeast #UniversityRow #Kerala