Election | 'ഡിസിസിക്ക് മുകളിലാണ് കെപിസിസി'; പാലക്കാട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കെ മുരളീധരൻ പങ്കെടുമെന്ന് കെ സുധാകരൻ
● കത്ത് വിവാദം മാധ്യമങ്ങൾ ഉണ്ടാക്കിയതാണെന്നും വിമർശനം.
● 'കത്തെന്ന പേരിൽ തുണ്ട് കടലാസും പിടിച്ച് നടന്നിട്ട് കാര്യമില്ല'.
● സി.പി.എം, പി പി ദിവ്യയെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം.
കണ്ണൂർ: (KVARTHA) കത്ത് വിവാദങ്ങൾക്കിടെ, പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ മുരളീധരൻ എത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു. കണ്ണൂർ ഡിസിസിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കില്ലെന്ന് മുരളീധരൻ പറഞ്ഞിട്ടില്ല. കത്ത് വിവാദം മാധ്യമങ്ങൾ ഉണ്ടാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
കത്തെന്ന പേരിൽ തുണ്ട് കടലാസും പിടിച്ച് നടന്നിട്ട് കാര്യമില്ല. ഡിസിസി മാത്രമല്ല കെപിസിസിയും കത്ത് കൊടുത്തിട്ടുണ്ട്. ഡിസിസിക്ക് മുകളിലാണ് കെപിസിസിയെന്നും കെ സുധാകരൻ പറഞ്ഞു. കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യാ പ്രേരണാ കേസിൽ റിമാൻഡിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയെ രക്ഷിക്കാനുള്ള ശ്രമമാണ് സി.പിഎം നടത്തുന്നതെന്ന് സുധാകരൻ ആരോപിച്ചു.
ഈ കേസിൽ നീതിപൂർവ്വമായ അന്വേഷണം നടക്കുമെന്ന് യാതൊരു വിശ്വാസവുമില്ല. ദിവ്യയും കമ്മിഷൻ പറ്റാനുള്ള ആവേശമാണ് കാണിച്ചത്. നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ കണ്ണൂർ കലക്ടർക്കെതിരെയും അന്വേഷണം വേണമെന്നും സുധാകരൻ പറഞ്ഞു. ദിവ്യയുടെ റിമാൻഡ് റിപ്പോർട്ടിലെ കാര്യങ്ങളിൽ സി.പി.എം ഇടപ്പെട്ട് തിരുത്തൽ വരുത്തും. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി ഇടപെടുമെന്നും സുധാകരൻ ആരോപിച്ചു.
#KeralaPolitics, #KPCMuralidharan, #ElectionCampaign, #CPMAllegations, #Kannur, #Controversy