Hajj | 2025 ലെ ഹജ്ജിന് ഇപ്പോൾ അപേക്ഷിക്കാം; എങ്ങനെ ചെയ്യാമെന്ന് ഇതാ; പുതിയ മാറ്റങ്ങളും അറിയാം 

 
hajj 2025 applications open in india
hajj 2025 applications open in india

Photo Credit: Pexels /Haydan As-soendawy

സൗദി അറേബ്യ ഇന്ത്യക്ക് 1,75,025 ക്വാട്ടയാണ് അനുവദിച്ചിട്ടുള്ളത്

ന്യൂഡൽഹി: (KVARTHA) ഹജ്ജ് കമ്മിറ്റി വഴി 2025ലെ ഹജ്ജ് തീർഥാടനത്തിന് ഉദ്ദേശിക്കുന്ന തീർഥാടകർക്കുള്ള അപേക്ഷ സമർപ്പണം ആരംഭിച്ചു. കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി കിരൺ റിജിജു തുടക്കം കുറിച്ചു. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിന് പുറമേ 'ഹജ്ജ് സുവിധാ ആപ്പിലും' അപേക്ഷിക്കാവുന്നതാണ്. സൗദി അറേബ്യ ഇന്ത്യക്ക് 1,75,025 ക്വാട്ടയാണ് അനുവദിച്ചിട്ടുള്ളത്.

45 വയസോ അതിൽ കൂടുതലുള്ള മുസ്ലീം സ്ത്രീകൾക്ക് മെഹ്റം (പുരുഷ സഹയാത്രികൻ) ഇല്ലാതെ ലേഡീസ് വിത്ത് മെഹ്റാം (എൽഡബ്ല്യുഎം) വിഭാഗത്തിൽ ഹജ്ജ് ചെയ്യാൻ അനുവാദമുണ്ട്. ഹജ്ജ് സുവിധാ ആപ്പ് വഴി തീർഥാടകർക്ക് താമസം, വിമാന വിവരങ്ങൾ, സാധനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, അടിയന്തര ഹെൽപ് ലൈൻ (എസ്ഒഎസ്), പരാതി പരിഹാരം തുടങ്ങിയ വിവിധ വിവരങ്ങളും ലഭ്യമാണ്.

65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് മുൻ‌തൂക്കം നൽകും. ഈ പ്രായ മാനദണ്ഡം മുമ്പ് 70 വയസായിരുന്നു. കൂടാതെ ഹജ്ജ് കമ്മിറ്റിക്ക് മുൻകൂട്ടി പാസ്പോർട്ട് നൽകേണ്ടുന്നതിന്റെ ആവശ്യമില്ലാത്തതിനാൽ ഡോക്യുമെന്റ് നടപടികൾ എളുപ്പമായിരിക്കും. നാലോ അഞ്ചോ മാസത്തേക്ക് പാസ്പോർട്ട് ഹജ്ജ് കമ്മിറ്റിയിൽ ഏൽപ്പിക്കേണ്ടതിന്റെ ആവശ്യകത ഇപ്പോൾ ഇല്ലാതായി. തീർഥാടകർക്ക് പാസ്പോർട്ട് എത്രയും വേഗം ലഭ്യമാക്കാൻ പാസ്പോർട്ട് ഓഫീസുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

സർക്കാർ ഹജ്ജ് തീർഥാടകർക്ക് ആരോഗ്യ സേവനങ്ങൾ നൽകി വരുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള യാത്രാരംഭം മുതൽ സൗദി അറേബ്യയിലെ താമസം വരെയുള്ള കാലയളവിൽ ഇത്തരം സേവനങ്ങൾ ലഭ്യമാണ്. എല്ലാ ഹജ്ജ് തീർഥാടകരുടെ ആരോഗ്യ ചരിത്രവും നിലവിലെ ശാരീരിക അവസ്ഥയും ആപ്പ് വഴി വിലയിരുത്തപ്പെടും. ആരോഗ്യ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും ആരോഗ്യ പ്രശ്നങ്ങളും അടിയന്തിര സാഹചര്യങ്ങളും നേരിടുന്നതിന് വേണ്ടുന്ന നടപടികൾ ഉറപ്പാക്കാനും ഇതുവഴി സാധിക്കും.

ഖാദിമുൽ ഹുജ്ജാജ് എന്നറിയപ്പെടുന്ന കേന്ദ്ര, സംസ്ഥാന സർക്കാര്‍ ഉദ്യോഗസ്ഥരായ ഹജ്ജ്  ഇൻസ്പെക്ടർമാരുടെ എണ്ണം 2025ലെ തീർഥാടനത്തിൽ വർധിപ്പിക്കും. മുമ്പ് ഒരു ഖാദിമുൽ ഹുജ്ജാജിന് 300 തീർഥാടകരുടെ ചുമതലയാണ് ഉണ്ടായിരുന്നത്. ഇനി അത് 150 ആയി കുറയ്ക്കും. ഇതോടെ തീർഥാടകർക്ക് കൂടുതൽ മികച്ച സഹായവും മാർഗനിർദേശവും നൽകാൻ സാധിക്കും.

തീർഥാടകർക്ക് കൂടുതൽ സൗകര്യപ്രദമായ ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിനായി, എല്ലാ ദേശീയ പ്രാധാന്യമുള്ള ബാങ്കുകൾക്കും (D-SIB) രാജ്യത്തുടനീളമുള്ള തങ്ങളുടെ ശാഖകളിലൂടെയും യാത്ര പുറപ്പെടുന്ന സ്ഥലങ്ങളിലും പ്രത്യേകമായി രൂപകൽപ്പന ചെയ്ത ബാങ്കിംഗ് സേവനങ്ങൾ നൽകാൻ അനുമതി നൽകിയിട്ടുണ്ട്.

എങ്ങനെ അപേക്ഷിക്കാം?

2024 സെപ്റ്റംബർ ഒമ്പത് വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകന് 15.01.2026 വരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്‌പോർട്ട് ഉണ്ടായിരിക്കണം. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം. സെപ്റ്റംബർ മൂന്നാം ആഴ്ചയിൽ നറുക്കെടുപ്പ് നടക്കും. 65 വയസിന് മുകളിലുള്ളവർക്കും മെഹ്‌റമില്ലാത്ത 45 വയസിന് മുകളിലുള്ള സ്ത്രീകൾക്കും നറുക്കെടുപ്പില്ലാതെ അവസരം നൽകും.

* അപേക്ഷിക്കാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റ്: https://hajcommittee(dot)gov(dot)in
* കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റ്: https://keralahajcommittee(dot)org
* മൊബൈൽ ആപ്പ് - Hajsuvidha

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia