Hajj Preparation | ഹാജിമാർക്ക് വേണ്ടിയുള്ള ഹജ്ജ് കമ്മിറ്റിയുടെ സംസ്ഥാന തല സാങ്കേതിക പരിശീലന ക്ലാസുകൾക്ക് തുടക്കമായി
● ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകൾ താനൂരിൽ ഉദ്ഘാടനം ചെയ്തു.
● ഫാക്കള്‍റ്റി മെമ്പര്‍മാരായ അമാനുല്ല മാസ്റ്റർ, എന്‍ പി ഷാജഹാന്‍ എറണാകുളം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്‍കി.
● ഈ സാങ്കേതിക പരിശീലന ക്ലാസുകളില്‍ ഏതിലെങ്കിലും ഒന്നിൽ എല്ലാ ഹാജിമാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
താനൂർ: (KVARTHA) സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് കർമ്മത്തിന് പോകുന്ന തീർത്ഥാടകർക്ക് വേണ്ടി സംഘടിപ്പിക്കാറുള്ള ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകൾക്ക് തുടക്കമായി. ക്ലാസുകളുടെ സംസ്ഥാന തല ഉദ്‌ഘാടനം താനൂരിൽ ന്യൂനപക്ഷ ക്ഷേമ-കായിക- വഖഫ് - ഹജ്ജ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു.
ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന ഹാജിമാർ രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും നന്മക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ തീർത്ഥാടകരെ ഓർമപ്പെടുത്തി. സംസ്ഥാന സർക്കാര്‍ വഴി ഹജ്ജിന് പുറപ്പെടുന്ന 14,590 പേർക്കും ഇനി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കും പ്രയാസരഹിതമായി ഹജ്ജ് നിർവഹിച്ചു തിരിച്ചു വരാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും സർക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഫാക്കള്‍റ്റി മെമ്പര്‍മാരായ അമാനുല്ല മാസ്റ്റർ, എന്‍ പി ഷാജഹാന്‍ എറണാകുളം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്‍കി. മലപ്പുറം ജില്ലാ കലക്ടറും ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുമായ വി ആർ വിനോദ് അധ്യക്ഷത വഹിച്ചു.
ഹജ്ജ് കർമ്മത്തിന്റെ വിശദാംശങ്ങൾ, ആചാരങ്ങൾ, നിബന്ധനകൾ എന്നിവയെക്കുറിച്ച് തീർത്ഥാടകർക്ക് പൂർണമായ അറിവ് നൽകുകയാണ് ഈ ക്ലാസ്സുകളുടെ ലക്ഷ്യം. സംസ്ഥാനത്തെ 600 ഓളം പരിശീലകരുടെയും 20 ഫാക്കള്‍ട്ടി മെമ്പര്‍മാരുടെയും നേതൃത്വത്തിൽ പതിനാല് ജില്ലകളിലായി അറുപതില്‍പരം കേന്ദ്രങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് ക്ലാസ്സുകൾ നടക്കുക. അനുഭവസമ്പന്നരായ ഫാക്കൽറ്റി മെമ്പർമാർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ഈ സാങ്കേതിക പരിശീലന ക്ലാസുകളില്‍ ഏതിലെങ്കിലും ഒന്നിൽ എല്ലാ ഹാജിമാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഹജ്ജ് സംബന്ധമായി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി തയ്യാറാക്കിയ കൈപുസ്തകം താനൂർ മുനിസിപ്പല്‍ ചെയര്‍മാന്‍ റഷീദ് മോരിയക്ക് നല്‍കി മന്ത്രി പ്രകാശനം നിര്‍വഹിച്ചു. ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരായ പി ടി അക്ബര്‍, അഷ്‌കര്‍ കോരാട്, ജാഫര്‍ കണ്ണൂര്‍, മുന്‍ ഹജ്ജ് കമ്മിറ്റി മെമ്പര്‍ കെ എം മുഹമ്മദ് ഖാസിം കോയ, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി കെ എം ബഷീര്‍, അസിസ്റ്റന്റ് സെക്രട്ടറി എന്‍ മുഹമ്മദ് അലി, സ്‌റ്റേറ്റ് ട്രെയിനിങ് ഓര്‍ഗനൈസര്‍ ബാപ്പു ഹാജി, ജില്ലാ ട്രെയിനിങ് ഓര്‍ഗനൈസര്‍ മുഹമ്മദ് റൗഫ്, മണ്ഡലം ട്രൈനെർ ബാവ എന്നിവർ സംസാരിച്ചു.
#HajjTraining #KeralaHajj #HajjPilgrims #Thanoor #Hajj2024 #HajjPreparation