Criticism | സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ മണിപ്പൂർ ഓർമപ്പെടുത്തുന്നത്; മതത്തിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെ രണ്ടായി കാണാത്ത നാൾ പുലരട്ടെ
കഴിഞ്ഞ 10 വർഷത്തെ ജി.ഡി.പി വളർച്ചാനിരക്ക് എന്താണ്, തൊഴിലില്ലായ്മയുടെ നിരക്ക് എന്താണ്, ബി.പി.എൽ ആളുകളുടെ എണ്ണം എത്ര ശതമാനം വർദ്ധിച്ചു, രൂപയുടെ വിനിമയ മൂല്യം എന്തായി, ഇതൊക്കെ പരിശോധിക്കപ്പെടേണ്ടതാണ്
കെ ആർ ജോസഫ്
(KVARTHA)വർഗീയത ഇല്ലാത്ത, വിദ്യാഭ്യാസവും, കാഴ്ചപ്പാടുകളും, പൗരന്മാരുടെ വേദനകളും അറിയുന്ന ഭരണാധികാരികൾ ഉള്ള രാജ്യത്തിനോ സംസ്ഥാനങ്ങൾക്കോ മാത്രമേ ഒന്നാമതെത്താൻ സാധിക്കൂ. അല്ലെങ്കിൽ എല്ലാവർഷവും 'പുരോഗതി കൈവരിക്കും' എന്ന് പറഞ്ഞുകൊണ്ടിരിക്കാനെ പറ്റൂ. സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗവും അതുമായി ബന്ധപ്പെട്ട് പൊതുജനം സോഷ്യൽ മീഡിയയിൽ നടത്തുന്ന കമൻ്റുകളുമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെങ്കോട്ടയിലെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ: 'രാജ്യം ഒന്നാമത്, അതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ മുദ്രാവാക്യം. സർക്കാർ കൊണ്ടുവന്ന പരിഷ്ക്കാരങ്ങൾ രാജ്യത്തിന്‍റെ വളർച്ചയുടെ ബ്ലൂ പ്രിന്‍റാണ്. അത് പബ്ലിസിറ്റിക്കായല്ല. കഴിഞ്ഞ പത്ത് വർഷത്തെ വളർച്ച യുവാക്കളിൽ വലിയ പ്രതീക്ഷ നൽകിയിരിക്കുന്നതാണ്. ലോകം ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുകയാണ്. ഭാരതത്തെ മൂന്നാമത്തെ സമ്പദ് ശക്തിയാക്കണം. നിയമ രംഗത്ത് കൂടുതൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരണം. ആ ലക്ഷ്യത്തിലേക്ക് വൈകാതെയെത്തും.
സ്വച്ഛ് ഭാരത് പദ്ധതിയും വിജയം കൈവരിച്ചു. കാലാവസ്ഥ വ്യതിയാനത്തിനെതിരെ സുശക്തമായ ഇടപെടലുകൾ ഉണ്ടായി. സൈന്യത്തിന്‍റെ പോരാട്ടം യുവാക്കൾക്ക് പ്രചോദനമായി. ഉൽപാദന മേഖലയുടെ ഹബ്ബായി ഇന്ത്യ മാറി. ദ്രുതവളർച്ചയാണ് യുവാക്കൾ ആഗ്രഹിക്കുന്നത്. സ്വയം സഹായ സംഘങ്ങളിലൂടെ ഒരു കോടി സ്ത്രീകൾ ലക്ഷാധിപതികളായി. പത്ത് കോടിയിലധികം വനിതകൾ ഇന്ന് സ്വയം പര്യാപ്തരാണ്. ആവശ്യമുള്ളവന്‍റെ വാതിൽക്കൽ ഇന്ന് സർക്കാരുണ്ട്. ബഹിരാകാശ രംഗത്ത് സർക്കാർ വലിയ ശക്തിയായി മാറി. ആ മേഖലയിൽ കൂടുതൽ സ്റ്റാർട്ടപ്പുകൾ വരികയാണ്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടു. ചെറിയ, ചെറിയ കാര്യങ്ങൾക്ക് ജയിലിലിടുന്ന നിയമങ്ങൾ കാറ്റിൽ പറത്തി. പുതിയ ക്രിമിനൽ നിയമങ്ങൾ നിയമ വ്യവസ്ഥയുടെ അന്തസുയർത്തി. വേഗത്തിൽ നീതി നൽകാൻ കഴിയുന്നു. മധ്യ വർഗത്തിന് ഗുണമേന്മയുള്ള ജീവിതം ഉറപ്പ് നൽകാൻ സർക്കാരിനായി. എല്ലാവരെയും ഒപ്പം ചേർത്തുള്ള വികസിത ഭാരതമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം'.
ഈ പറയുമ്പോൾ, മണിപ്പൂരിൽ സ്വതന്ത്രമായി ജീവിക്കാൻ പറ്റുന്നുണ്ടോ, എന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ? മറ്റൊന്ന് പാലങ്ങളും വലിയ വലിയ കെട്ടിടങ്ങളുമൊക്കെ ഇവിടെ തകർന്ന് വീശുന്നതും കാണാതിരിക്കാൻ പറ്റുമോ? എങ്ങനെ ഈ രാജ്യത്തെ വികസിത രാജ്യമാക്കുമെന്ന് പറയാൻ പറ്റും? അംബാനിയുടെയും അദാനിയുടെയും കീശ മാത്രം വികസിക്കുന്നുവെന്നാണ് പ്രതിപക്ഷം അടക്കം വിമർശിക്കുന്നത്. സാധാരണക്കാരുടെ കീശ നന്നായി ചോരുകയാണ്. സാധാരണക്കാരുടെ കീശയും വികസിപ്പിക്കാനുള്ള എന്തങ്കിലും നടപ്പാക്കുകയാണ് വേണ്ടത്. അല്ലാതെ വെറുതെ കിടന്ന് തള്ളിയിട്ട് എന്ത് കാര്യം?
കഴിഞ്ഞ 10 വർഷത്തെ ജി.ഡി.പി വളർച്ചാനിരക്ക് എന്താണ്, തൊഴിലില്ലായ്മയുടെ നിരക്ക് എന്താണ്, ബി.പി.എൽ ആളുകളുടെ എണ്ണം എത്ര ശതമാനം വർദ്ധിച്ചു, രൂപയുടെ വിനിമയ മൂല്യം എന്തായി, ഇതൊക്കെ പരിശോധിക്കപ്പെടേണ്ടതാണ്. 'എന്റെ രാജ്യമേ, ഇനിയും എത്ര നാൾ കാണേണ്ടിവരും നാടകങ്ങൾ', എന്ന് പറഞ്ഞ് വിലപിക്കുന്നവർ ഇവിടെ ഉണ്ടെന്നും ഭരണാധികാരികൾ ഓർക്കുക.
നിങ്ങൾ പറയുന്ന 'വികസിത ഇന്ത്യ' പട്ടിണിസൂചികയിൽ ഇപ്പോൾ 94-ാം സ്ഥാനത്താണ്. എന്നിട്ടാണ് ഈ ഗീർവാണം. ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും ഇപ്പോള്‍ ഒന്നാം സ്ഥാനം ഇന്ത്യക്ക് തന്നെയെന്ന് കുറ്റപ്പെടുത്തുന്നുവരുണ്ട്. ഇന്ന് ഇവിടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഭാരതത്തിലെ ജനം തരുന്ന സന്ദേശം ഇതാണ്. മതത്തിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെ രണ്ടായി കാണാത്ത ഒരു നാൾ ഉണ്ടാവട്ടെ. ഏവർക്കും സ്വതന്ത്ര ദിന ആശംസകൾ.
#IndiaIndependenceDay #ModiSpeech #SocialMediaDebate #IndianPolitics #Development #Inequality