Analysis | പ്രധാനമന്ത്രിയുടെ ഇത്തവണത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ കൗതുകകരമായ കാര്യങ്ങൾ; പരാമർശിച്ചത് 150-ഓളം സവിശേഷ വിഷയങ്ങൾ! 

 
modis 11th independence day speech focuses on developed in
modis 11th independence day speech focuses on developed in

Photo Credit: PIB

2022 ലും 2023 ലും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന വിഷയം അഴിമതിയായിരുന്നു.

ന്യൂഡൽഹി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ തൻ്റെ പതിനൊന്നാമത് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് 'വികസിത ഭാരതം' എന്ന വിഷയത്തിൽ. സ്വാതന്ത്ര്യത്തിൻ്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിനായി പ്രധാനമന്ത്രി തൻ്റെ ഒന്നര മണിക്കൂറിലധികം നീണ്ട പ്രസംഗത്തിൽ 150 വിഷയങ്ങൾ പരാമർശിച്ചതായി മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.

40 കോടി ജനങ്ങൾക്ക് സ്വാതന്ത്ര്യം നേടാനാകുമെങ്കിൽ, 140 കോടി ജനങ്ങൾക്ക് വികസിത ഇന്ത്യ കൈവരിക്കാൻ ഏത് പ്രയാസവും തരണം ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളും സ്ത്രീകളുമാണ് പരിഗണനയുടെ പ്രാഥമിക വിഷയങ്ങൾ. മോദി തൻ്റെ പ്രസംഗത്തിൽ യുവാക്കളെയും സ്ത്രീകളെയും ഏകദേശം 25 തവണ പരാമർശിച്ചു. തൻ്റെ മുൻ പ്രസംഗങ്ങളിൽ ചെയ്തതിനേക്കാൾ കൂടുതലാണിത്.

'സ്ത്രീ സ്വയം സഹായ സംഘങ്ങൾക്ക് ഒമ്പത് ലക്ഷം കോടി രൂപ വിതരണം ചെയ്തു. ഒരു കോടി ലക്ഷപ്രഭുക്കളായ സഹോദരിമാരെ സൃഷ്ടിച്ചതിൽ അഭിമാനം തോന്നുന്നു', പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കവെ, അദ്ദേഹം വേഗത്തിലുള്ള നീതിയാവശ്യപ്പെട്ടു. കർഷകരെയും കൃഷിയെയും ഇരുപതോളം തവണയും പരാമർശിച്ചു.

'ബജറ്റിൽ ജൈവ കൃഷിക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. ഇന്ത്യക്ക് ജൈവ ഭക്ഷണത്തിന്റെ കലവറയാകാൻ കഴിയും', മോദി പറഞ്ഞു. പ്രസംഗത്തിൽ വികസിത ഇന്ത്യയും 2047-ഉം 31 തവണ പ്രതിപാദിച്ചു. പരിഷ്‌കാരങ്ങൾ 18 തവണ പരാമർശിക്കപ്പെട്ടു. പ്രധാനമന്ത്രി വികസിത ഇന്ത്യയെ കുറിച്ച് ആദ്യമായി പരാമർശിച്ചത് 2022ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ്, 2047 എന്നത് 2021ലാണ് വന്നത്.

ദാരിദ്ര്യം, സംസ്ഥാനങ്ങൾ, അഴിമതി, വിദ്യാഭ്യാസം, പട്ടികവർഗം എന്നിവയും നൈപുണ്യവും നൈപുണ്യ വികസനവും അദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ ശ്രദ്ധേയമായിരുന്നു. 2022 ലും 2023 ലും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന വിഷയം അഴിമതിയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനി ബിർസാ മുണ്ടയുടെ 150-ാം വാർഷികം ഉദ്ധരിച്ച്,  എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയെക്കുറിച്ച് സംസാരിച്ചു.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നടത്തിയ പ്രസംഗത്തിൽ പ്രകൃതി ദുരന്തങ്ങൾ, പരിസ്ഥിതി, പരിസ്ഥിതി ശാസ്ത്രം എന്നിവയും വിഷയമായി. നിർമ്മാണം, 'മേക്ക് ഇൻ ഇന്ത്യ' എന്നിവയും ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രസംഗത്തിൽ പരാമർശിച്ചു. ഇന്ത്യയെ വ്യാവസായിക ഉൽപ്പാദന കേന്ദ്രമാക്കുന്നതിനെ കുറിച്ചും സൂചിപ്പിച്ചു. സ്‌മാർട്ട്‌ഫോണുകൾ, കളിപ്പാട്ടങ്ങൾ, പ്രതിരോധ നിർമാണം, കയറ്റുമതി എന്നിവയിൽ കൈവരിച്ച പുരോഗതി അദ്ദേഹം എടുത്തുപറഞ്ഞു.

ഉന്നത പഠനത്തിന് വിദേശത്തേക്ക് പോകേണ്ടി വരുന്ന സാഹചര്യം ഇല്ലാതാക്കുന്ന വിധത്തിലുള്ള വിദ്യാഭ്യാസ സംവിധാനത്തിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. '75,000 അധിക മെഡിക്കൽ സീറ്റുകൾ സൃഷ്ടിക്കും,' എന്നും അദ്ദേഹം പറഞ്ഞു. പ്രതിവർഷം 25,000 വിദ്യാർത്ഥികൾ മെഡിക്കൽ പഠനത്തിന് വിദേശത്തേക്ക് പോകുന്നതായി അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, 2036 ൽ ഒളിമ്പിക്‌സിന് ആതിഥേയത്വം, യൂണിഫോം സിവിൽ കോഡ് എന്നീ ആശയങ്ങളും പ്രസംഗത്തിലുണ്ടായി. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ചൂണ്ടിക്കാട്ടിയ മോദി രാജ്യത്തെ ഹിന്ദു സമൂഹത്തെയും ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാൻ ആഹ്വാനം ചെയ്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia