Celebration | സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഇത്തവണ മോദി ധരിച്ച തലപ്പാവിന്റെ പ്രത്യേകത അറിയാമോ?
ആദ്യ ടേം (2014) മുതൽ എല്ലാ വർഷവും വ്യത്യസ്ത തലപ്പാവ് ധരിച്ചാണ് മോദി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല.
ന്യൂഡൽഹി: (KVARTHA) രാജ്യം 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 11-ാം തവണയും ചെങ്കോട്ടയിൽ പതാക ഉയർത്തി. എല്ലാ വർഷവും സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി മോദി തൻ്റെ വസ്ത്രത്തിൻ്റെയും തലപ്പാവിൻ്റെയും പേരിൽ വാർത്തകളിൽ നിറയാറുണ്ട്. ആദ്യ ടേം (2014) മുതൽ എല്ലാ വർഷവും വ്യത്യസ്ത തലപ്പാവ് ധരിച്ചാണ് മോദി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല.
ചെങ്കോട്ടയിൽ നടന്ന 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓറഞ്ച്, മഞ്ഞ, പച്ച നിറങ്ങൾ കലർന്ന രാജസ്ഥാനി ലെഹേരിയ തലപ്പാവ് ആണ് അണിഞ്ഞത്. ഒപ്പം വെള്ള നിറമുള്ള കുർത്ത-പൈജാമയും നീല നിറത്തിലുള്ള ബന്ധഗാല ജാക്കറ്റുമാണ് ധരിച്ചത്.
എന്താണ് ലെഹേരിയ?
രാജസ്ഥാനിലെ സമ്പന്നമായ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും പ്രതിഫലനമാണ് ലെഹേരിയ. തലമുറകളായി പരമ്പരാഗതമായി പകർന്നുവന്ന ഈ തുണിത്തരം, അതിന്റെ രൂപകല്പനകളും ആഘോഷമായ നിറങ്ങളും കൊണ്ട് പ്രശസ്തമാണ്. ലെഹേരിയ പ്രിന്റുകൾ സാരികളിലും ദുപ്പട്ടകളിലും വസ്ത്രങ്ങളിലും സാധാരണമാണെങ്കിലും, അവ തലപ്പാവുകളിലും അതിശയകരമായി കാണപ്പെടുന്നു.
രാജസ്ഥാനിലെ പരമ്പരാഗത തുണിത്തരങ്ങളിൽ ഏറ്റവും ആകർഷകമായ ഒന്നാണ് ലെഹേരിയ.പരുത്തിയോ സിൽക്കോ ആയ തുണിയെ ഒരു കോണിൽ നിന്ന് മറുകോണിലേക്ക് ചുരുട്ടി ആവശ്യത്തിനനുസരിച്ച് കെട്ടിയിട്ടാണ് ലെഹേരിയ നിറമുണ്ടാക്കുന്നത്. രാജസ്ഥാനിലെ ജയ്പൂർ, ജോധ്പൂർ എന്നീ നഗരങ്ങളാണ് ലെഹേരിയയുടെ പ്രധാന കേന്ദ്രങ്ങൾ.
ഇത്തവണ സ്വാതന്ത്ര്യ ദിനത്തിൽ, 11 വിഭാഗങ്ങളിലായി 18,000 അതിഥികളാണ് ആകർഷണ കേന്ദ്രം. ഇതിൽ ആറായിരം വിശിഷ്ടാതിഥികൾ സ്ത്രീകളും കർഷകരും യുവാക്കളും പാവപ്പെട്ട വിഭാഗവുമാണ് എന്നതാണ് പ്രത്യേകത. വികസിത ഇന്ത്യ @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രമേയം. പതാക ഉയർത്തുന്നതിന് മുമ്പ് പ്രധാനമന്ത്രി മോദി രാജ്ഘട്ടിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. ഇതിനുശേഷം ചെങ്കോട്ടയിലെത്തി പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു.
'ഇന്ന്, ധീരതയും കഠിനാധ്വാനവും ഉള്ളവരാണ് രാജ്യത്തെ മുന്നോട്ട് നയിക്കാൻ പ്രവർത്തിക്കുന്നത് - നമ്മുടെ സൈനികർ, കർഷകർ, യുവാക്കൾ. ഞാൻ അവരെയെല്ലാം അഭിവാദ്യം ചെയ്യുന്നു', പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
#IndependenceDay #India #Modi #RedFort #Leheriya #Rajasthan