Launch | ഐഫോണ്‍ 16 സീരീസിൽ ആപ്പിൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നതെന്ത്, അപ്രതീക്ഷിത ഫീച്ചറുകള്‍ ഉണ്ടാകുമോ?
പുതിയ കാമറ സെൻസറുകളും പ്രതീക്ഷിക്കുന്നു.
വാഷിംഗ്ടൺ: (KVARTHA) ആപ്പിൾ അടുത്ത ഐഫോൺ 16 സീരീസ് സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കുപ്പർട്ടിനോ ആസ്ഥാനമായുള്ള ടെക്‌നോളജി ഭീമൻ ഐഫോൺ 15ന്റെ പിൻഗാമിയായ തങ്ങളുടെ പുതിയ മോഡലുകൾ സെപ്റ്റംബർ 10ന് അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത ലോഞ്ച് ഇവന്റിൽ ആപ്പിൾ പുതിയ ആപ്പിൾ വാച്ച്, എയര്‍പോഡ് മോഡലുകളും പുതിയ ഫീച്ചറുകളോടെ അവതരിപ്പിക്കും.
ഈ വർഷം, ആപ്പിൾ പ്രോ മോഡലുകൾക്ക് അൽപ്പം വലിയ ഡിസ്പ്ലേകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ കമ്പനി തങ്ങളുടെ ഹാൻഡ്‌സെറ്റുകളിൽ പ്രത്യേക 'ക്യാപ്ചർ' ബട്ടൺ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു. കമ്പനി ഈ വർഷം ഐ ഫോൺ 16, ഐ ഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നീ നാല് മോഡലുകൾ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് മുൻ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇവ സെപ്റ്റംബർ 20ന് വിൽപ്പനയ്ക്ക് എത്താം.
ആപ്പിൾ ഐഫോൺ 16 സീരീസിൽ ക്യാപ്ചർ ബട്ടൺ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഫോട്ടോകൾ പെട്ടെന്ന് പകർത്താൻ ഇത് ഉപയോഗിക്കാം. കൂടുതൽ വിലയുള്ള ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് മോഡലുകൾ അപ്‌ഗ്രേഡ് ചെയ്ത അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, മുൻഗാമികളേക്കാൾ 0.2 ഇഞ്ച് വലിയ ഡിസ്പ്ലേകൾ, വലിയ ബാറ്ററികൾ എന്നിവയോടെ വരും.
ആപ്പിൾ ഇന്ത്യയിൽ ഐഫോൺ 16 പ്രോ മോഡലുകൾ അസംബ്ലി ചെയ്യും. ഐഫോൺ 16 സീരീസിലെ നാല് മോഡലുകളും ആപ്പിളിന്റെ പുതിയ ഓൺ-ഡിവൈസ് എഐ ടെക്‌നോളജിയും പുതുക്കിയ സിരി വേർഷനും പിന്തുണയ്ക്കും. ഈ അപ്‌ഗ്രേഡുകൾ ആപ്പിളിന് തങ്ങളുടെ പുതിയ സ്മാർട്ട്ഫോൺ മോഡലുകളുടെ വിൽപ്പന വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആപ്പിൾ പുതിയ എയർപോഡ്‌സ് മോഡലുകളും പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഇവയിൽ ബജറ്റ് മുതൽ മിഡ്‌റേഞ്ച് വരെയുള്ള മോഡലുകൾ ഉണ്ടാകും. മിഡ്‌റേഞ്ച് മോഡലിൽ ശബ്ദത്തടസ്സം നീക്കം ചെയ്യുന്ന ഫീച്ചർ (ആക്ടീവ് നോയിസ് കാൻസലേഷൻ) ഉണ്ടാകും. അതേസമയം, ആപ്പിൾ വാച്ച് സീരീസ് 10 വലിയ സ്‌ക്രീനും നേർത്ത ബോഡിയുമായി എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്