Mission | യാത്രക്കാരില്ലാതെ സ്റ്റാര്‍ലൈനര്‍ പേടകം തിരികെ ഭൂമിയിലേക്ക് 

 
Starliner spacecraft docked at the International Space Station
Starliner spacecraft docked at the International Space Station

Photo Credit: Facebook/NASA - National Aeronautics and Space Administration

തിയതിയും സ്ഥലവും നാസ അറിയിച്ചു. 

സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്കം അടുത്ത വര്‍ഷം. 

കാലിഫോര്‍ണിയ: (KVARTHA) സ്റ്റാർലൈനർ പേടകം യാത്രക്കാര്‍ ആരുമില്ലാതെ ഈ വരുന്ന സെപ്റ്റംബർ ആറാം തിയതി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (International Space Station) നിന്ന് അണ്‍ഡോക്ക് ചെയ്യും എന്ന് നാസ അറിയിച്ചു. നീണ്ട ആശയക്കുഴപ്പങ്ങൾക്കൊടുവിലാണ് ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിന്റെ (Boeing's Starliner spacecraft) ഭൂമിയിലേക്കുള്ള മടക്കയാത്ര തീരുമാനമായത്.

സെപ്റ്റംബര്‍ ആറാം തിയതി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക് ചെയ്യുന്ന സ്റ്റാര്‍ലൈനര്‍ പേടകം ആറ് മണിക്കൂറിന് ശേഷം ഭൂമിയില്‍ ലാന്‍ഡ് ചെയ്യും. ന്യൂ മെക്സിക്കോയിലെ വൈറ്റ് സാന്‍ഡ് സ്‌പ്രേസ് ഹാര്‍ബറാണ് പേടകത്തിന്റെ ലാന്‍ഡിംഗിനുള്ള ഇടമായി കണ്ടെത്തിയിരിക്കുന്നത്. 

2024 ജൂണ്‍ അഞ്ചിന് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ചതായിരുന്നു ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകം (Boeing's Starliner spacecraft). 'ക്രൂ ഫ്‌ലൈറ്റ് ടെസ്റ്റ്' (Crew Flight Test) എന്നായിരുന്നു ഈ ദൗത്യത്തിന്റെ പേര്. എന്നാല്‍ യാത്രക്കിടെയുണ്ടായ ഹീലിയം ചോർച്ചയും ത്രസ്റ്ററുകള്‍ പ്രവർത്തനരഹിതമായതും പേടകത്തെ അപകടാവസ്ഥയിലാക്കി. വളരെ സാഹസികമായാണ് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും വഹിച്ച് സ്റ്റാര്‍ലൈനര്‍ പേടകം ഐഎസ്എസിൽ (ISS) ഡോക് ചെയ്തത്. വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിതയ്ക്കും ബുച്ചിനും ഇതോടെ മുന്‍നിശ്ചയിച്ച പ്രകാരം സ്റ്റാര്‍ലൈനറില്‍ ഭൂമിയിലേക്ക് മടങ്ങാനായില്ല. പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതിനാല്‍ മൂന്ന് മാസമായി ഐഎസ്എസിൽ സ്റ്റാര്‍ലൈനര്‍ പേടകം ഡോക് ചെയ്തിട്ടിരിക്കുകയാണ്.

സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ തന്നെ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമം അതീവ അപകടകരമായതിനാലാണ് ആളില്ലാതെ സ്റ്റാര്‍ലൈനറിനെ ഭൂമിയില്‍ തിരികെ ലാന്‍ഡ് ചെയ്യിക്കാന്‍ തീരുമാനമായത്. സുനിതയുടെയും ബുച്ചിന്റെയും മടക്കയാത്ര 2025 ഫെബ്രുവരിയിലേക്ക് നീട്ടുകയും ചെയ്തിരുന്നു. സ്‌പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകമാണ് ഇരുവരെയും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരിക. 

#Starliner #Boeing #NASA #ISS #space #spaceflight #spacemission #returnToEarth

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia