Clarification | നിര്‍ബന്ധിത ഇ-കെവൈസി റേഷന്‍ കാര്‍ഡ് ഉടമകളെ ഒഴിവാക്കാനോ? കേന്ദ്രസര്‍ക്കാര്‍ പറയുന്നത് 

 
Central Government Denies E-KYC Leading to Exclusion of Ration Card Holders
Central Government Denies E-KYC Leading to Exclusion of Ration Card Holders

Photo Credit: X/Divya Himachal

● റേഷൻ കാർഡ് ഉടമകളെ ബാധിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ 
● യഥാർത്ഥ ഗുണഭോക്താക്കളെ തിരിച്ചറിയാനാണ് ഈ നടപടിയെന്ന് വാദം.
● ഇത് പാവപ്പെട്ടവരെ ബാധിക്കുമെന്ന് ആരോപണം.

അർണവ് അനിത 

(KVARTHA) നിര്‍ബന്ധിത ഇ-കെവൈസി വെരിഫിക്കേഷന്‍ നടപടി റേഷന്‍ കാര്‍ഡ് ഉടമകളെ ഒഴിവാക്കുന്നതിലേക്ക് നയിക്കുന്നുണ്ടോ? എന്ന ചോദ്യത്തിന്, ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുകയോ, ഒഴിവാക്കുകയോ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയില്‍ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയ സഹമന്ത്രി നിമുബെന്‍ ജയന്തിഭായ് ബംഭാനിയ പറഞ്ഞു. 

ഇ-കെവൈസി പ്രക്രിയ സംസ്ഥാന സര്‍ക്കാരുകളാണ് നടത്തുന്നതെന്നും ചൂണ്ടിക്കാട്ടി. ഇ-കെവൈസി പ്രക്രിയ സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ ആണ് നടത്തുന്നത്. ഇത് നടപ്പിലാക്കിയതിനാല്‍ റദ്ദാക്കിയ റേഷന്‍ കാര്‍ഡുകളുടെ വിവരങ്ങളൊന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പില്‍ ലഭ്യമല്ലെന്നും കോണ്‍ഗ്രസ് എംപി ശശികാന്ത് സെന്തിലിന്റെ ചോദ്യത്തിന് മറുപടിയായി ബംഭനിയ പറഞ്ഞു.

ഓരോ കുടുംബത്തിന്റെയും റേഷന്‍ കാര്‍ഡില്‍ പേരുള്ള ഓരോ അംഗവും അവരുടെ ആധാര്‍ കാര്‍ഡ് മുഖേന ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് റേഷന്‍ കടയില്‍ നേരിട്ട് ഹാജരായി ബയോമെട്രിക് ഓതന്റിക്കേഷന്‍ നല്‍കേണ്ട പ്രക്രിയയാണ് ഇ-കെവൈസി. ഭക്ഷ്യസുരക്ഷാ പരിധിയിലുള്ളവരുടെ പട്ടികയില്‍ നിന്ന് മരിച്ചവരെയും വ്യാജന്മാരെയും നീക്കം ചെയ്യുന്നതിനുള്ള ഇ-കെവൈസി പരിശോധനാ  യഥാര്‍ത്ഥ റേഷന്‍ കാര്‍ഡ് ഉടമകളില്‍ ഭൂരിഭാഗത്തിനും, പ്രത്യേകിച്ച് കുടിയേറ്റ ജനതയ്ക്ക് ഭീഷണിയാണെന്ന് ഭക്ഷണത്തിനുള്ള അവകാശ കാമ്പെയ്ന്‍ നേരത്തെ എടുത്തുകാണിച്ചിരുന്നു.

'2021 ലെ സെന്‍സസ് നടത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ പേരില്‍ കോടിക്കണക്കിന് ആളുകള്‍ ഭക്ഷ്യസുരക്ഷാ പരിധിയില്‍ നിന്ന് പുറത്താണ്, ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ (എന്‍എഫ്എസ്എ) നിന്ന് ഒഴിവാക്കപ്പെട്ട എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കുന്നതിനുപകരം നിലവിലുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കൂടുതല്‍ തടസ്സം സൃഷ്ടിക്കുന്നതിനാണ് സര്‍ക്കാര്‍ ഊര്‍ജവും വിഭവങ്ങളും ചെലവഴിക്കുന്നത്', ഓഗസ്റ്റില്‍ നടന്ന ഭക്ഷ്യാവകാശ കാമ്പയിന്‍ ആരോപിച്ചു.

ഒരു സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും കേന്ദ്രഭക്ഷ്യസുരക്ഷാ വകുപ്പിന് ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ലോക്സഭയില്‍ നല്‍കിയ മറുപടിയില്‍ ബംഭാനിയ പറഞ്ഞു. അര്‍ഹതയില്ലാത്ത/ ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡുകള്‍ തിരിച്ചറിയുന്നതിനും അര്‍ഹരായ ഗുണഭോക്താക്കള്‍ / കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്നതിനും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് ഉത്തരവാദികളെന്നും മന്ത്രി പറഞ്ഞു.

ടാര്‍ഗെറ്റഡ് പൊതുവിതരണ സമ്പ്രദായം (ടിപിഡിഎസ്) കണ്‍ട്രോള്‍ ഓര്‍ഡര്‍ 2015 അനുസരിച്ച്, റേഷന്‍ കാര്‍ഡുകള്‍/ഗുണഭോക്താക്കളുടെ ലിസ്റ്റ് അവലോകനം ചെയ്യല്‍, അര്‍ഹതയില്ലാത്ത/ ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡുകള്‍ തിരിച്ചറിയല്‍, അര്‍ഹരായ ഗുണഭോക്താക്കള്‍/കുടുംബങ്ങളെ ഉള്‍പ്പെടുത്തല്‍ എന്നിവ ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. യഥാര്‍ത്ഥ ഗുണഭോക്താക്കളുടെ റേഷന്‍ കാര്‍ഡുകള്‍ ഇല്ലാതാക്കുകയോ സസ്‌പെന്‍ഡ് ചെയ്യപ്പെടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍, തിരിച്ചറിഞ്ഞ ഓരോ കേസിന്റെയും ശരിയായ പരിശോധന (ഫീല്‍ഡ് വെരിഫിക്കേഷന്‍ ഉള്‍പ്പെടെ) നടത്താന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും/കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,' രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കുന്നു.

ഇ-കെവൈസി പ്രക്രിയയുടെ പിന്നിലെ യുക്തി എന്താണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംപി പ്രതിമ മൊണ്ടലിന്റെ ചോദ്യത്തിന്, ശരിയായ ലക്ഷ്യത്തിനും യഥാര്‍ത്ഥ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നത് ഉറപ്പാക്കുന്നതിനുമാണ് ഇ-കെവൈസി. ഇത് പാര്‍ശ്വവല്‍ക്കരണത്തിലേക്ക് നയിക്കുന്നില്ല, പകരം അര്‍ഹതയില്ലാത്ത ഗുണഭോക്താക്കളെ ഒഴിവാക്കുന്നതിനാണെന്നും മന്ത്രി പറഞ്ഞു.
കൂടാതെ, റേഷന്‍ കാര്‍ഡുകള്‍/ഗുണഭോക്താക്കളുടെ പട്ടിക അവലോകനം ചെയ്യുക, അര്‍ഹതയില്ലാത്ത/ ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡുകള്‍ തിരിച്ചറിയുക, അര്‍ഹരായ ഗുണഭോക്താക്കള്‍/വീടുകള്‍ എന്നിവരെ ഉള്‍പ്പെടുത്തുക എന്നിവ ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

5.8 കോടി റേഷന്‍ കാര്‍ഡുകള്‍ നീക്കം ചെയ്തതായും 64% പിഡിഎസ് ഗുണഭോക്താക്കളും അവരുടെ ഇ-കെവൈസി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ബാക്കിയുള്ള ഗുണഭോക്താക്കള്‍ക്കായി ഇ-കെവൈസി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും നവംബര്‍ 20ന് ഒരു പ്രസ്താവനയില്‍ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഗുണഭോക്താക്കളുടെ സൗകര്യാര്‍ത്ഥം, രാജ്യത്തുടനീളമുള്ള ഏത് റേഷന്‍ കടയിലും  ഗുണഭോക്താവിന്റെ ഇ-കെവൈസി ഭക്ഷ്യവകുപ്പ് സുഗമമാക്കിയിട്ടുണ്ട്. 

ഡിജിറ്റലൈസേഷനും ആധാര്‍ സീഡിംഗും റേഷന്‍ കാര്‍ഡുകളുടെ ഡ്യൂപ്ലിക്കേഷനിലേക്ക് നയിച്ചു. പിഡിഎസ് സംവിധാനത്തില്‍ നിന്ന് 5.8 കോടി റേഷന്‍ കാര്‍ഡുകള്‍ നീക്കം ചെയ്തു, യോഗ്യരായ വ്യക്തികളെ മാത്രമേ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന  / ദേശീയഭക്ഷ്യസുരക്ഷാ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂവെന്ന് ഉറപ്പാക്കുന്നെന്നും പ്രസ്താവനയില്‍ പറയുന്നു.

പൊതുവിതരണ സമ്പ്രദായവും ആരോഗ്യവകുപ്പുമാണ് രാജ്യത്ത് ഏറ്റവും അത്യാവശ്യവും കാര്യക്ഷമമായി നടക്കേണ്ടതുമായ രണ്ട് വകുപ്പുകള്‍. ദൗര്‍ഭാഗ്യവശാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ രണ്ട് വകുപ്പുകളിലും വലിയ അലംഭാവമാണ് കാണിക്കുന്നതെന്ന ആക്ഷേപം പ്രതിപക്ഷം ഉയർത്തുന്നു. യുപിഎ സര്‍ക്കാരാണ് ഭക്ഷ്യസുരക്ഷാ നിയമം പാസ്സാക്കിയത്.

#eKYC #rationcard #foodsecurity #India #government #PDS #Aadhaar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia