Astronomy | 2025നെ ബഹിരാകാശം വരവേല്‍ക്കുക ഉല്‍ക്കാ വര്‍ഷത്തോടെ; ഇന്ത്യയിലും ദൃശ്യമാകും
● 2003 ഇഎച്ച്1 എന്ന ഛിന്നഗ്രഹത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്
● ഉല്‍ക്കാ വര്‍ഷം 2025 ജനുവരി 16 വരെ തുടരും.
● ജനുവരി 3നും 4നും രാത്രിയില്‍ ഇന്ത്യയില്‍ കാണാം.
ദില്ലി: (KVARTHA) ഇന്ത്യയിലെ ശാസ്ത്രകുതകികളെ ആനന്ദിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഉല്‍ക്കാ വര്‍ഷത്തോടെ ആയിരിക്കും 2025നെ ബഹിരാകാശം വരവേല്‍ക്കുക. വരും ദിവസങ്ങളിലെ ഉല്‍ക്കാ വര്‍ഷം പതിവില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ നിന്നും കാണാനാകും എന്ന പ്രത്യേകതയുമുണ്ട്.
ഇക്കഴിഞ്ഞ ഡിസംബര്‍ 27 മുതല്‍ മാനത്ത് ദൃശ്യമാകുന്ന ക്വാഡ്രാന്റിഡ്സ് ഉല്‍ക്കാമഴ ജനുവരി 3-4 തിയതികളില്‍ പാരമ്യതയിലെത്തും. ജനുവരി 3-4 തിയതികളില്‍ പുതുവര്‍ഷത്തിലെ ആദ്യ ഉല്‍ക്കാ വര്‍ഷം സജീവമാകും. ജനുവരി 3നും 4നും രാത്രിയില്‍ ഇന്ത്യയില്‍ ക്വാഡ്രാന്റിഡ്സ് ഉല്‍ക്കാമഴ കാണാനാകും എന്ന് ലഖ്നൗവിലെ ഇന്ദിരാ ഗാന്ധി പ്ലാനറ്റോറിയത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ സുമിത് ശ്രീവാസ്തവ അറിയിച്ചു.
ഒട്ടുമിക്ക ഉല്‍ക്കാ വര്‍ഷങ്ങളും ധൂമകേതുക്കളില്‍ നിന്നാണ് ആവിര്‍ഭവിക്കുന്നതെങ്കില്‍ ക്വാഡ്രാന്റിഡ്സ് ഉത്ഭവിക്കുന്നത് 2003 ഇഎച്ച്1 എന്ന ഛിന്നഗ്രഹത്തില്‍ നിന്നാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പറയുന്നു.
ചുരുക്കം മണിക്കൂറുകളില്‍ മാത്രം ദൃശ്യമാകുന്ന ബഹിരാകാശ വിരുന്നാണ് ക്വാഡ്രാന്റിഡ്സ് ഉല്‍ക്കാ മഴയെങ്കിലും അതിശക്തമായ ഇവയുടെ ജ്വാല ഭൂമിയില്‍ നിന്ന് വ്യക്തമായി കാണാം എന്നതാണ് സവിശേഷത. ഡെഡ് കോമറ്റായിരിക്കാം ഈ ഛിന്നഗ്രഹം എന്നാണ് നാസയുടെ അനുമാനം.
ക്വാഡ്രാന്റിഡ്സ് ഉല്‍ക്കാ വര്‍ഷം 2025 ജനുവരി 16 വരെ തുടരും. എല്ലാ വര്‍ഷവും ജനുവരിയുടെ തുടക്കത്തില്‍ ഭൂമിയില്‍ നിന്ന് ദൃശ്യമാകുന്ന ഉല്‍ക്കാ വര്‍ഷമാണ് ക്വാഡ്രാന്റിഡ്സ്. ഉല്‍ക്കാമഴ പാരമ്യത്തിലെത്തുമ്പോള്‍ 60 മുതല്‍ 200 വരെ ഉല്‍ക്കകളെ ആകാശത്ത് കാണാനാകും.
#meteorshower #Quadrantids #astronomy #space #India #nightsky #science