Digital System | മുദ്രപത്രത്തിന് വിട; കേരളം നടപ്പിലാക്കിയ 'ഇ-സ്റ്റാമ്പിംഗ്' സംവിധാനം എന്താണ്? പ്രത്യേകതകളും ഗുണങ്ങളും അറിയാം


● വ്യാജ സ്റ്റാമ്പ് പേപ്പറുകളുടെ സാധ്യത ഇല്ലാതാക്കുന്നു.
● സ്റ്റാമ്പിനായി അടച്ച തുകയുടെ വിശദാംശങ്ങൾ ഓൺലൈനിൽ പരിശോധിക്കാം.
● മുദ്രപത്രം എന്ത് ആവശ്യത്തിനാണെന്നു പറയണം.
ഡോണൽ സോണി
(KVARTHA) കേരളം സമ്പൂർണ ഇ-സ്റ്റാമ്പിംഗ് സംവിധാനത്തിലേക്ക് മാറിയതോടെ സംസ്ഥാനത്തിന്റെ സ്റ്റാമ്പ് പേപ്പർ ഇടപാടുകളിൽ ഒരു പുതിയ അധ്യായം ആരംഭിച്ചിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി ഈ സംവിധാനം പൂർണമായി നടപ്പിലാക്കുന്ന സംസ്ഥാനമെന്ന ഖ്യാതിയും കേരളം സ്വന്തമാക്കിയിരിക്കുകയാണ്. പരമ്പരാഗത സ്റ്റാമ്പ് പേപ്പർ രീതിക്ക് വിട നൽകി ഡിജിറ്റൽ യുഗത്തിലേക്ക് കാലെടുത്ത് വെക്കുന്ന ഈ മാറ്റം നിരവധി സാധ്യതകൾക്കും സൗകര്യങ്ങൾക്കും വാതിൽ തുറക്കുന്നു. ഇതിൻ്റെ ഗുണങ്ങളും പ്രത്യേകതകളും എന്തെന്ന് സാധാരണക്കാർക്ക് കൂടുതലായി അറിയാമെന്ന് കരുതുന്നില്ല. അതേപ്പറ്റി അറിയാം.
എന്താണ് ഇ-സ്റ്റാമ്പിംഗ്?
സംസ്ഥാനത്തെ സ്റ്റാമ്പ് പേപ്പർ സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് നടപടി. പരമ്പരാഗത പേപ്പർ അധിഷ്ഠിത സ്റ്റാമ്പുകളെ അപേക്ഷിച്ച് നിരവധി ആനുകൂല്യങ്ങളാണ് ഇ-സ്റ്റാമ്പ് പേപ്പറുകൾ നല്‍കുന്നത്. വ്യാജ സ്റ്റാമ്പ് പേപ്പറുകളുടെ സാധ്യത ഇല്ലാതാക്കാൻ കഴിയും, സ്റ്റാമ്പിനായി അടച്ച തുകയുടെ വിശദാംശങ്ങൾ ഓൺലൈനിൽ പരിശോധിക്കാം തുടങ്ങിയവ ഇ-സ്റ്റാമ്പിംഗിൻ്റെ പ്രയോജനങ്ങളാണ്. വെണ്ടർമാർക്ക് അവരുടെ കൈവശമുള്ള ഫിസിക്കൽ സ്റ്റാമ്പ് പേപ്പറുകളുടെ ശേഷിക്കുന്ന സ്റ്റോക്ക് വിൽക്കാൻ 2025 മാർച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.
ഈ തീയതിക്ക് ശേഷം, ഒരു ലക്ഷം രൂപയിൽ താഴെയുള്ള സ്റ്റാമ്പ് പേപ്പറുകൾ ഉൾപ്പെടുന്ന എല്ലാ ഇടപാടുകൾക്കും ഇ-സ്റ്റാമ്പിംഗ് മാത്രമാണ് അനുവദിക്കുക. മുദ്രപത്രം കിട്ടാനില്ലാത്തതിന്റെ പരിഹാരമായി സംസ്ഥാനം സമ്പൂര്‍ണ ഇ-സ്റ്റാമ്പിംഗ് രീതയിലേക്കു മാറിയിരുന്നു. ഒടിപി സംവിധാനമായതിനാല്‍ ഇ-സ്റ്റാംപിനായി അപേക്ഷകന്‍ നേരിട്ടെത്തണം. മുൻപ് ഉപയോഗിച്ചിരുന്ന മുദ്രപത്രം നാസിക്കിലെ സെക്യൂരിറ്റി പ്രസില്‍നിന്നാണ് അച്ചടിക്കാറുള്ളത്. അവിടെനിന്നു സംസ്ഥാന സ്റ്റാംപ് ഡിപ്പോയിലേക്കു കൊണ്ടുവരും. ജില്ലാ ട്രഷറികളില്‍ എത്തിച്ച് സബ് ട്രഷറി മുഖേനയാണ് വെണ്ടര്‍മാര്‍ക്ക് മുദ്രപത്രങ്ങളും സ്റ്റാംപുകളും നല്‍കുക.
2024 ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് ഇ-സ്റ്റാമ്പിംഗ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. മുദ്രപത്രം എന്ത് ആവശ്യത്തിനാണെന്നു പറയണം, അതനുസരിച്ചുള്ള കോഡില്‍ കയറി വേണം വെണ്ടര്‍ക്ക് അപ്ലോഡ് ചെയ്യാന്‍. ഒന്നാം കക്ഷിയുടെയും രണ്ടാം കക്ഷിയുടെയും പേര്, മേല്‍വിലാസം എന്നിവ നല്‍കണം. തുടര്‍ന്ന് ഒടിപിക്കായി ഫോണ്‍ നമ്പറും നല്‍കി കാത്തിരിക്കണം. ട്രഷറി സൈറ്റ് ഡൗണാകുകയോ മറ്റോ ചെയ്താല്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവരും. ഒരുതവണ വിവരങ്ങള്‍ നല്‍കുന്നതിനിടയ്ക്ക് സോഫ്റ്റ്‌വെയർ തകരാറായാല്‍ വീണ്ടും വിവരങ്ങള്‍ ചേര്‍ക്കേണ്ടി വരും. അംഗീകൃത വെണ്ടര്‍മാര്‍ ബന്ധപ്പെട്ട ട്രഷറിയില്‍നിന്നു ലഭിച്ച ലോഗിന്‍ ഐഡി ഉപയോഗിച്ച് പോര്‍ട്ടലില്‍നിന്ന് മുദ്രപത്രം ഡൗണലോഡ് ചെയ്തു നല്‍കുകയാണു ചെയ്യുന്നത്.
എല്ലാവര്‍ക്കും സ്വയം ഓണ്‍ലൈനായി ക്യാഷ് അടച്ച് ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കുവാനുള്ള സൗകര്യം ഭാവിയിൽ ഏര്‍പ്പെടുത്തും. ഒരു മുദ്രപത്രം പ്രിന്റ് ചെയ്യുന്നതിന് അഞ്ച് രൂപയോളം ചെലവു വരും. വെണ്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കമ്മീഷന്‍ ചെറിയ ശതമാനം മാത്രമായതിനാല്‍ പ്രിന്റിങ് ചാര്‍ജ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കേണ്ടിവരും. മറ്റു സംസ്ഥാനങ്ങളില്‍ അങ്ങനെയാണ് ചെയ്യുന്നത്. കേരളത്തില്‍ ആര്‍ക്ക് ഇ സ്റ്റാംപ് ആവശ്യമായി വന്നാലും സംസ്ഥാനത്തുള്ള 1500 വെണ്ടര്‍മാരെ മാത്രമേ ആശ്രയിക്കാന്‍ കഴിയൂ. ബോണ്ട് പേപ്പറില്‍ ആണ് ഇ സ്റ്റാംപ് പ്രിന്റ് എടുത്തു കൊടുക്കേണ്ടത്. ഇതിനുള്ള പണം നല്‍കി വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനിടയ്ക്ക് സെര്‍വര്‍ തകരാറില്‍ ആയാല്‍ കൊടുത്ത പണം അന്നുതന്നെ മടക്കിക്കിട്ടില്ല.
ഉദാഹരണത്തിന് 500 രൂപ നല്‍കി ഇ സ്റ്റാംപിനായി വിവരം അപ്‌ലോഡ് ചെയ്യുമ്പോള്‍ തകരാറ് ഉണ്ടായാല്‍ വീണ്ടും അപേക്ഷിക്കണമെങ്കില്‍ 500 രൂപ കൂടി അപ്പോള്‍ തന്നെ നല്‍കേണ്ടിവരും. പ്രിന്റ് ചെയ്ത ഇ സ്റ്റാംപില്‍ ഏതെങ്കിലും തരത്തില്‍ തെറ്റ് സംഭവിച്ചാല്‍ തിരുത്താനും അവസരം ഉണ്ടായിരിക്കില്ല. വീണ്ടും പണം നല്‍കി ഇ സ്റ്റാംപ് വാങ്ങുകയാകും മുന്നിലുള്ള ഏക പോംവഴി. റവന്യു സ്റ്റാമ്പ് പോർട്ടൽ മുഖേന മുദ്രപ്പത്രം ഡൗൺലോഡ് ചെയ്ത് എടുക്കാം. അംഗീകൃത സ്റ്റാമ്പ് വെണ്ടർമാർ ബന്ധപ്പെട്ട ട്രഷറിയിൽനിന്ന് ലഭിച്ച രജിസ്റ്റേർഡ് ലോഗിൻ ഐഡി ഉപയോഗിച്ച് estamp(dot)treasury(dot)kerala(dot)gov(dot)in എന്ന പോർട്ടൽ ലോഗിൻ ചെയ്ത് ഇ-സ്റ്റാമ്പ് ഡൗൺലോഡ് ചെയ്താണ് പൊതുജനത്തിന് വിതരണം ചെയ്യുന്നത്. പോർട്ടിൽ വിവരം നൽകിക്കഴി ഞ്ഞാൽ അപേക്ഷകന്റെ മൊബൈലിലേക്ക് വരുന്ന ഒ.ടി.പി നമ്പർ കൊടുക്കുന്നതോടെ പത്രത്തിന്റെ പ്രിന്റെടുക്കാം.
രജിസ്ട്രേഷൻ വകുപ്പിൻ്റെ https://pearl(dot)registration(dot)kerala(dot)gov(dot)in വെബ്സൈറ്റില്‍ കയറി സബ് രജിസ്ട്രാർ ഓഫീസ് തിരഞ്ഞെടുത്ത് ഇ-സ്റ്റാമ്പിംഗ് ഉപയോഗിച്ച് സെയിൽ ഡീഡുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. https://estamp(dot)kerala(dot)gov(dot)in അല്ലെങ്കിൽ https://pearl(dot)registration(dot)kerala(dot)gov(dot)in വെബ്സൈറ്റ് സന്ദര്‍ശിച്ച് ഉപയോക്താക്കള്‍ക്ക് ഇ-സ്റ്റാമ്പുകളുടെ ആധികാരികത പരിശോധിക്കാം. 'ഇ-സ്റ്റാമ്പിംഗ്' നെക്കുറിച്ച് വിശദമായി അറിയാൻ പലർക്കും ഈ കുറിപ്പ് സഹായകമാകും. ഭാവിയിൽ ഇന്ത്യ മുഴുവൻ ഈ 'ഇ-സ്റ്റാമ്പിംഗ്' സമ്പ്രദായം എത്തപ്പെടും. അതിൻ്റെ തുടക്കമെന്നുള്ള രീതിയിലാണ് കേരളത്തിൽ ഇത് ആവിഷ്ക്കരിക്കപ്പെടുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Kerala has implemented a complete e-Stamping system, replacing traditional stamp papers. The system offers benefits such as online tracking, fraud prevention, and ease of use. This pioneering move is expected to spread across India.
#eStamping #Kerala #DigitalIndia #StampPaper #GovtInitiative #Innovation