Criticism | സ്റ്റാർ ലിങ്കിനെ ചുവപ്പു പരവതാനി വിരിച്ച് വരവേൽക്കുമ്പോൾ ഇന്ത്യയിൽ നടക്കുക ഉപഗ്രഹ യുദ്ധമോ? തരം പോലെ കളം മാറാൻ ഇൻ്റർനെറ്റ് സേവനദാതാക്കൾ

 
Starlink to India, providing high-speed internet access
Starlink to India, providing high-speed internet access

Photo Credit: Facebook/ Elon Musk Fans

● സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഇന്റർനെറ്റ് സേവനം നൽകുന്നു.
● ജിയോയും എയർടെലും സ്റ്റാർലിങ്കുമായി സഹകരിക്കുന്നു.
● സ്റ്റാർലിങ്കിന്റെ വരവ് ഇന്റർനെറ്റ് വേഗത വർധിപ്പിക്കും.
● രാജ്യസുരക്ഷയെ ബാധിക്കുമെന്ന ആശങ്ക പ്രതിപക്ഷം ഉയർത്തുന്നു.


ഭാമനാവത്ത്

(KVARTHA) സാറ്റലൈറ്റ് ഇന്റര്‍നെറ്റുമായി ഇന്ത്യയിലേക്കുള്ള ഇലോണ്‍ മസ്‌കിന്റെ സ്റ്റാർ ലിങ്കിൻ്റെ വരവിനെ എതിര്‍ത്ത ഇന്ത്യയിലെ രണ്ട് വൻകിട സേവന ദാതാക്കൾ  ഇപ്പോൾ അവരെ വരവേൽക്കാൻ തയ്യാറായിരിക്കുകയാണ്. ഇന്ത്യൻ ഇൻ്റർനെറ്റ് ഭീമൻമാരായ ജിയോയും എയര്‍ടെല്ലുമാണ് സാഹചര്യം മുതലെടുക്കുന്നതിനായി അപ്രതീക്ഷിത നീക്കം നടത്തിയത്. ഇവർ യൂടേണടിച്ചത് മറ്റു സേവന ദാതാക്കളെ വെട്ടിലാക്കിയിരിക്കുകയാണ്. അതിജീവനം തേടുന്ന പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ വരെ മുൻപോട്ടു പോക്കിൽ ആശങ്കയിലാണെന്നാണ് വിവരം.

ഇരു കമ്പനികളും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്കുമായി കൈകോര്‍ത്തത് ദേശീയ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയായിട്ടുണ്ട്. കുറച്ചു ദിവസം മുൻപുവരെ സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലേക്ക് ഉള്ള വരവിനെ എതിര്‍ത്തിരുന്ന ജിയോയും എയര്‍ടെലും സ്റ്റാര്‍ലിങ്കുമായി ചേര്‍ന്ന സേവനം നല്‍കാന്‍ തീരുമാനിച്ചതായി അപ്രതീക്ഷമായിരുന്നു  മസ്‌കിന്റെ ഇന്ത്യയിലേക്കുള്ള വരവില്‍ ഉയരുന്ന ചില ചോദ്യങ്ങള്‍ പ്രതിപക്ഷ പാർട്ടികളും ചില സംഘടനകളും ഉയർത്തുന്നുണ്ട്. ഇതിൽ തീരെകഴമ്പില്ലെന്ന് ആർക്കും പറയാനാവില്ല.

എന്തുകൊണ്ടാണ് എയര്‍ടെലും ജിയോയും മസ്‌കുമായി കൈകോര്‍ത്തത്, എങ്ങനെയാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാവുക, എയര്‍ടെലും ജിയോയും സ്റ്റാര്‍ലിങ്കും ഒന്നിച്ചതോടെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ഇന്ത്യയില്‍ ചെലവേറിയതാകുമോ, രാജ്യസുരക്ഷയെ തന്നെ ഇതു ബാധിക്കുമോ? എന്നിവയാണ് ഉയരുന്ന പ്രധാന ചോദ്യങ്ങൾ. സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ആക്‌സസ് നല്‍കുന്നതിനായി ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് നിര്‍മ്മിക്കുന്ന ഉപഗ്രഹങ്ങളുടെ കൂട്ടമാണ് സ്റ്റാര്‍ലിങ്ക്. 

പതിനായിരിക്കണക്കിന് ചെറു കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്നും നേരിട്ട് അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്ന പദ്ധതിയാണിത്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ബഹിരാകാശത്തുള്ള ഒരു ഉപഗ്രഹത്തിലേക്ക് ഒരു ഇന്റര്‍നെറ്റ് സിഗ്‌നല്‍ അയയ്ക്കുന്നു, അത് പിന്നീട് ഉപയോക്താക്കളിലേക്ക് അതിവേഗംതിരികെ വരികയും ചെയ്യും. വളരെ ചുരുങ്ങിയ ചെലവിൽ ഇത്തരത്തിൽ ഇൻ്റർനെറ്റ് സൗകര്യം ഒരുക്കുമെന്നാണ് സ്റ്റാർ ലിങ്കിൻ്റെ വാഗ്ദാനം. 

ലോകത്ത് ഏറ്റവും കൂടുതൽ ഇൻ്റർനെറ്റ് ഉപഭോക്താക്കളുള്ള ഇന്ത്യയിൽ സ്റ്റാർ ലിങ്കിന് വ്യക്തമായ വാണിജ്യ താൽപര്യങ്ങളുണ്ട്. ഇതിനായി ഉപഭോക്താക്കളെ ആകർഷിക്കാൻ എന്തു ചെയ്യുമെന്നാണ് ഇവരുടെ നിലപാട്
ഇവർ സേവന നിരക്ക് കുറച്ചാല്‍ മറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരും ഇതിന് നിര്‍ബന്ധിതരാവും. ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കിനൊപ്പം വന്‍ ബാധ്യതകളും ഇത് കമ്പനികള്‍ക്ക് ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതിന് പുറമെ സ്റ്റാര്‍ലിങ്കിനെ പോലെ സാറ്റലൈറ്റ് സേവനങ്ങള്‍ നല്‍കാന്‍ കൂടുതല്‍ പണം ബിസിനസിലേക്ക് നിക്ഷേപിക്കേണ്ടി വരുമെന്നും ഇന്ത്യന്‍ കമ്പനികള്‍ ഭയന്നിരുന്നു.

ഇതോടെയാണ് സ്റ്റാര്‍ലിങ്കുമായി ധാരണയിലെത്താന്‍ ജിയോയും എയര്‍ടെല്ലും തയ്യാറായത്. ജിയോയും എയര്‍ടെലുമായി ധാരണയില്‍ എത്തിയതോടെ സാറ്റ്‌ലെറ്റ് ഇന്റര്‍നെറ്റിന്റെ പ്ലാനുകളിലും മറ്റും വലിയ നിരക്കുകൾ വ്യത്യാസം വരാൻ സാദ്ധ്യതയുണ്ട്. എന്നാൽ റിപ്പോര്‍ട്ടുകള്‍ പ്രകാരം മസ്‌കിന്റെ സേവനത്തിന് ചെലവ് കൂടുതലായിരിക്കുമെന്നാണ് ഐടി രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ മത്സരാര്‍ത്ഥികളും, നിലവിലെ കൂട്ടാളികളുമായ എയര്‍ടെല്ലും, ജിയോയും നിലവില്‍ നല്‍കിവരുന്ന പ്ലാനുകള്‍ പരിഷ്‌കരിച്ചേക്കാമെന്നു വിദഗ്ധര്‍ പറയുന്നത്.

നിലവില്‍ ഇന്ത്യയിലെ സാധാരണ പ്രതിമാസ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ചെലവ് 700 രൂപ മുതല്‍ 1,500 രൂപ വരെയാണ്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്റ്റാര്‍ലിങ്കിന്റെ ഗിയറിന് 25,000 മുതല്‍ 35,000 രൂപ വരെ വില വരും. ഇതു പ്രാരംഭ നിക്ഷേപം അല്ലേയെന്നു കരുതി സമാധാനിക്കാന്‍ കഴിയില്ല. പ്രതിമാസ സബ്സ്‌ക്രിപ്ഷന് 5,000 മുതല്‍ 7,000 രൂപ വരെ ചെലവു വരുമെന്നാണു വിലയിരുത്തല്‍. ഇപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയിട്ടില്ലെങ്കിലും ഉടന്‍ തന്നെ കിട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കിട്ടി കഴിഞ്ഞാല്‍ ഇന്ത്യയുടെ മുക്കിലും, മൂലയിലും ഇന്റര്‍നെറ്റ് എത്തുമെന്നതു യഥാര്‍ത്ഥ്യമാണ്. വിദൂര മേഖലകള്‍, സ്‌കൂളുകള്‍, ബിസിനസുകള്‍, ആരോഗ്യ സംരക്ഷണ ദാതാക്കള്‍ എന്നിവര്‍ക്ക് ഇതു നേട്ടമാണ്.

അതേസമയം കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പുതിയ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. സ്റ്റാര്‍ലിങ്ക് മേധാവി മസ്‌കിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രീതി സമ്പാദിക്കാന്‍ മോദി ആവിഷ്‌കരിച്ച കരാറാണിതെന്നാണ് കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയായ ജയ്റാം രമേശ് പറഞ്ഞത്. കരാറുമായി ബന്ധപ്പെട്ട് രാജ്യസുരക്ഷയെ ബാധിക്കുന്ന നിരവധി കാര്യങ്ങളുണ്ടെന്നന്നും ജയ്റാം രമേശ് വ്യക്തമാക്കി. ദേശീയ സുരക്ഷയെ ബാധിക്കുന്ന അവസരങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഓണും ഓഫും ചെയ്യാനുള്ള അധികാരം സ്റ്റാര്‍ലിങ്കിനാണോ അവരുടെ ഇന്ത്യന്‍ പങ്കാളികള്‍ക്കാണോയെന്നും ജയ്റാം രമേശ് ചോദിച്ചു. 

സ്വകാര്യ ഉപഗ്രഹങ്ങളെ സുപ്രധാന ഭ്രമണപഥ സ്ഥാനങ്ങളില്‍ കയറ്റാന്‍ അനുവദിക്കുന്നത് ദേശീയ സുരക്ഷയെ അപകടത്തിലാക്കുമെന്നുമാണ് സിപിഎം പൊളിറ്റ്ബ്യൂറോ ചൂണ്ടിക്കാട്ടുന്നത്.
എന്തായാലും സ്റ്റാര്‍ലിങ്കിന്റെ വരവോടെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് സേവനങ്ങളുടെ വേഗത കൂടുമെന്ന് ഉറപ്പാണ്, പക്ഷെ സ്റ്റാര്‍ലിങ്കും എയര്‍ടെലും ജിയോയും ഒന്നിച്ചതോടെ ഇന്റര്‍നെറ്റ് നിരക്കുകള്‍ കുറയുമോയെന്ന് കണ്ടറിയണം.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കു

The arrival of Elon Musk's Starlink in India has sparked debates about its impact on national security and internet services. Major telecom companies like Jio and Airtel have partnered with Starlink, raising concerns about potential high costs and security risks.

#Starlink, #India, #Internet, #Telecom, #Security, #ElonMusk

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia