Successful Landing | അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സുനിത വില്യംസും ബുഷ് വില്‍മോറും ഭൂമിയിലേക്ക് പറന്നിറങ്ങി; ഇന്ത്യയിലും പടക്കം പൊട്ടിച്ച് ആഘോഷം; യാത്രികരെ വൈദ്യ പരിശോധനക്കായി മാറ്റി

 
 Sunita Williams and Crew Safely Return to Earth
 Sunita Williams and Crew Safely Return to Earth

Photo Credit: X/NASA Astronauts

● മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ലോറിഡയുടെ തീരത്താണ് ലാന്‍ഡ് ചെയ്തത്. 
● നിക്ക് ഹേഗ് ആണ് യാത്രക്കാരില്‍ ആദ്യം പുറത്തിറങ്ങിയത്.  
● കൈ വീശി ചിരിച്ച് കൊണ്ട് മൂന്നാമതായാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്. 
● സുനിതയുടെ ജന്മനാടായ ജുലാസന്‍ ഗ്രാമത്തില്‍ പടക്കം പൊട്ടിച്ച് ആഘോഷം.

ഫ്‌ലോറിഡ: (KVARTHA) അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുഷ് വില്‍മോറും ഭൂമിയിലേക്ക് പറന്നിറങ്ങി. മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ലോറിഡയുടെ തീരം സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ക്രൂ- 9 ലാന്‍ഡിംഗിന് ശേഷം സുനിതാ വില്യംസും സംഘവും ഡ്രാഗണ്‍ പേടകത്തിന് പുറത്തിറങ്ങി. നേരത്തെ തീരുമാനിച്ചതുപോലെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.27 നായിരുന്നു സ്പ്ലാഷ് ഡൗണ്‍.    

നിക്ക് ഹേഗ് ആണ് യാത്രക്കാരില്‍ ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിതയും പുറത്തിറങ്ങി. ആവേശത്തോടെ കൈ വീശിക്കാണിച്ച് ചിരിച്ച് കൊണ്ടാണ് സുനിതാ വില്യംസ് പേടകത്തില്‍നിന്ന് പുറത്തിറങ്ങിയത്. സ്‌പേസ് എക്‌സിന്റെ എംവി മേഗന്‍ എന്ന കപ്പല്‍ പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്‌ക്കെത്തിച്ചു. നിലവില്‍ ഇവരെ സ്‌ട്രെച്ചറില്‍ വൈദ്യ പരിശോധനക്കായി മാറ്റി.

ഡ്രാഗണ്‍ പേടകത്തില്‍ നിന്ന് സോളാര്‍ പാനലുകള്‍ അടങ്ങിയ ട്രങ്ക് എന്ന ഭാഗം ബുധനാഴ്ച (19.03.2025) പുലര്‍ച്ചെ 2.36-ഓടെ വേര്‍പ്പെടുത്തി. തൊട്ടുപിന്നാലെ 2.41ഓടെ ഡ്രാഗണ്‍ പേടകം ഭൂമിയിലേക്ക് പ്രവേശിക്കാനായുള്ള അവസാനവട്ട എഞ്ചിന്‍ ജ്വലനം നടത്തുകയും ലാന്‍ഡിംഗ് പാത ഉറപ്പിക്കുകയും ചെയ്തു. 3.27 ഓടെ പേടകം മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ലോറിഡയുടെ തീരത്തോട് ചേര്‍ന്ന് ലാന്‍ഡ് ചെയ്തു. 

ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്. നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, പിന്നെ റഷ്യന്‍ കോസ്മനോട്ട് അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. സ്റ്റാര്‍ലൈനര്‍ പ്രതിസന്ധി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എട്ട് ദിവസത്തെ ദൗത്യത്തിന്റെ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസും ബുച്ച് വില്‍മോറും നീണ്ട 9 മാസത്തെ ദൗത്യം ആവേശകരമായി പൂര്‍ത്തിയാക്കിയാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. 


2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിലേക്ക് കുതിച്ചത്. വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനായില്ല. ഇരുവരുമില്ലാതെ പേടകത്തെ ലാന്‍ഡ് ചെയ്യിക്കുകയാണ് ബോയിംഗും നാസയും ചെയ്തത്. 


അതേസമയം, ലോകമാകെ ഉറ്റുനോക്കിയ സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ജന്മനാടും ആഘോഷമാക്കുകയാണ്. ബഹിരാകാശത്തുനിന്നും സുനിത വില്യംസും സംഘവും തിരിച്ചെത്തിയതിന്റെ ആഘോഷത്തിലാണ് സുനിത വില്യംസിന്റെ ജന്മനാടായ ജുലാസന്‍ ഗ്രാമവും. നിരവധി പേരാണ് സുനിതയുടെ മടങ്ങി വരവ് പടക്കം പൊട്ടിച്ച് ആവേശം പ്രകടിപ്പിച്ചത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.


ഈ വാർത്ത ഷെയർ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തൂ.

Sunita Williams and Butch Wilmore safely returned to Earth, landing in the Gulf of Mexico after a 9-month space mission. Celebrations erupted in her hometown.

#SunitaWilliams #SpaceReturn #NASA #SpaceX #SuccessfulLanding #Celebration

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia