Biography | ഓഡിയോ കാസറ്റ്, ടേപ് റെക്കോർഡർ എന്നീ 2 വിപ്ലവകരമായ കണ്ടുപിടുത്തത്തിന്റെ ഉടമ; ലൂ ഓട്ടൻസിന്റെ ജീവിതം
ഓട്ടൻസിന്റെ കണ്ടുപിടുത്തങ്ങൾ സംഗീത ലോകത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി.
ഫിലിപ്സ് കമ്പനിയിൽ വച്ച് ഓട്ടൻസ് നടത്തിയ പരീക്ഷണങ്ങളാണ് കാസറ്റിന്റെ ജനനത്തിലേക്ക് നയിച്ചത്.
സോണിച്ചൻ ജോസഫ്
(KVARTHA) ഇന്നും ഒരു തലമുറയുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ് ഓഡിയോ കാസറ്റുകൾ. അങ്ങനെ ഒരു കാസറ്റിനായി ഓടി നടന്ന ഒരു കാലമുണ്ടായിരുന്നു പലർക്കും. പലരും ടേപ് റെക്കോർഡറിൽ ഓഡിയോ കാസറ്റും മറ്റും ഇട്ടായിരുന്നു പാട്ടുകളും ചലച്ചിത്ര ശബ്ദ രേഖകളും ഒക്കെ കേട്ടിരുന്നത്. പഴയ കാലത്ത് സിനിമയുടെ പ്രേമോഷൻ തന്നെ ഈ രീതിയിൽ വീട്ടിലിട്ട് കേൾക്കുന്ന ചലച്ചിത്ര ശബ്ദ രേഖകളായിരുന്നു. മോഹൻലാൽ നായകനായ രാജാവിൻ്റെ മകൻ എന്ന സിനിമയൊക്കെ വലിയ ഹിറ്റ് ആയതിന് പിന്നിൽ വീടുകളിൽ കേട്ട ചലച്ചിത്ര ശബ്ദ രേഖകൾ ആയിരുന്നു.
അത് കേട്ട് കാണാപാഠം പഠിച്ച് അതിലെ നായകൻ്റെ ഡയലോഗുകൾ ഇരുവിട്ടുകൊണ്ട് നടന്ന ധാരാളം ചെറുപ്പക്കാരെയും വിദ്യാർത്ഥികളെയും അക്കാലത്ത് കാണാമായിരുന്നു. അന്നത്തെ 'ഓഡിയോ കാസറ്റ്', ടേപ് റെക്കോർഡർ എന്നിവയിൽ നിന്ന് വികാസം കൊണ്ടതാണ് ഇന്നത്തെ തലമുറയിലെ ടി.വിയും ഇൻ്റർനെറ്റും ഒ.ടി.ടി യുമൊക്കെ എന്നത് മറക്കരുത്. അപ്പോൾ ഈ 'ഓഡിയോ കാസറ്റ്', ടേപ് റെക്കോർഡർ എന്ന രണ്ട് വിപ്ലവകരമായ കണ്ടുപിടുത്തത്തിന്റെ ഉടമ ആരാണെന്ന് അറിയാമോ?. ഈ രണ്ട് കണ്ടുപിടുത്തങ്ങളുടെയും ഉപഞ്ജാതാവ് ഒരാൾ തന്നെയാണ്. അദ്ദേഹത്തെക്കുറിച്ച് വിശദമായി പറയുന്ന ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചു പറ്റുന്നത്.
കുറിപ്പിൽ പറയുന്നത്: 'ഒരേ ഉപഞ്ജാതാവിൻ്റെ രണ്ട് കണ്ട് പിടുത്തങ്ങൾ സൂപ്പർ ഹിറ്റാവുകയും ആദ്യത്തെ കണ്ട് പിടുത്തത്തിന് തുടർച്ചയായി വന്ന രണ്ടാമത്തെ കണ്ട് പിടുത്തം ആദ്യത്തേതിനെ മറികടക്കുകയും ചെയ്യുക ലോക ചരിത്രത്തിൽ അപൂർവ്വമാണ്. ആ ബഹുമതിക്ക് അർഹനായ ഒരാളാണ് ഫിലിപ്സ് (നെതർലാൻഡ്) കമ്പനിയിലെ ചീഫ് ഡിസൈൻ എഞ്ചിനീയറായിരുന്ന ലൂ ഓട്ടൻസ്. ശബ്ദലേഖന ലോകത്ത് ചരിത്രം സൃഷ്ടിച്ച ലൂ ഓട്ടൻസ് 2021 മാർച്ച് 6ന് വിടവാങ്ങി. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. നെതര്‍ലന്‍ഡിലെ ഡുയ്സെലില്‍ വച്ചാണ് അദ്ദേഹം മരണമടഞ്ഞത്.
ഓഡിയോ കാസറ്റ് എന്ന വിപ്ലവകരമായ കണ്ടുപിടുത്തത്തിന്റെ ഉടമയാണ് ഓട്ടൻസ്. നെതർലൻഡ്‌സിലെ ബെല്ലിങ്വോൾഡിൽ അധ്യാപകരായ മാതാപിതാക്കളുടെ മകനായാണ് 1926 ജൂൺ 21ന് ഓറ്റെൻസിന്റെ ജനനം. കുട്ടിക്കാലത്ത് തന്നെ സാങ്കേതികവിദ്യയിൽ ഒരു പ്രതിഭയായിരുന്നു ഓറ്റെൻസ്. രണ്ടാം ലോകയുദ്ധകാലത്ത് തന്റെ കുടുംബാംഗങ്ങൾക്കു കേൾക്കാനായി ഒരു റേഡിയോ നിർമിച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യ പ്രധാന നേട്ടം. യൗവനത്തിൽ കുറച്ചു കാലം ഡച്ച് വ്യോമസേനയിൽ സൈനികനായി ജോലി ചെയ്ത ശേഷം യുദ്ധാനന്തരം ഓട്ടൻസ് ഡെൽഫ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ചു.
യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ, ഒരു എക്സ്-റേ ടെക്നോളജി ഫാക്ടറിയുടെ ഡ്രാഫ്റ്റിംഗ് ടെക്നീഷ്യനായി ഓട്ടൻസ് പാർട്ട് ടൈം ജോലി ചെയ്തു. എൻജിനീയറിങ് പഠനത്തിനു ശേഷം പ്രശസ്ത കമ്പനിയായ ഫിലിപ്‌സിൽ, 1952ലാണ് അദ്ദേഹം ജോലിയിൽ പ്രവേശിക്കുന്നത്. തികഞ്ഞ ആശയസമ്പന്നതയും സ്ഥിരോൽസാഹവും കൈമുതലായുണ്ടായിരുന്ന ആ ഇരുപത്തിയഞ്ചുകാരൻ യുവാവിനു ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിവിധ ഉദ്യോഗക്കയറ്റങ്ങൾ കിട്ടി. ഒടുവിൽ തന്റെ 33-ാമത്തെ വയസ്സിൽ 1960ൽ ഫിലിപ്‌സിന്റെ പ്രൊഡക്ട് ഡെവലപ്പമെന്റ് വിഭാഗം തലവനായി ചുമതലയേല്‍ക്കുന്നത്. കാസറ്റിൻ്റെ കണ്ട് പിടുത്തത്തിനൊപ്പം അത് ഉപയോഗിക്കുവാനായി അദ്ദേഹം ലോകത്തെ ആദ്യ പോർട്ടബിൾ ടേപ് റിക്കോർഡറും നിർമിച്ചു.
പത്തുലക്ഷത്തിലധികം ഫിലിപ്സ് കാസറ്റ് ടേപ്പ് റെക്കോർഡറുകളാണു തുടർന്ന് വന്ന 5 വർഷത്തിനകം വിറ്റുപോയത്. വലിയ സ്പൂൾ ടേപ്പ് ഉപയോഗിച്ച് പാട്ട് പാടിയിരുന്ന റീൽ റ്റു റീൽ മ്യൂസിക് പ്ലയറുകൾ സംഗീതാസ്വാദകർക്ക് വളരെ അസൗകര്യം സൃഷ്ടിക്കുന്നുവെന്ന് ഓട്ടൻസിന് എപ്പോഴും തോന്നിയിരുന്നു. അവ ഭാരം കൂടിയതും ഉപയോഗിക്കാൻ സൗകര്യം കുറഞ്ഞതും പോരാത്തതിന് വിലയേറിയതുമായിരുന്നു. കുറഞ്ഞ വിലയിൽ ആളുകൾക്ക് ലഭ്യമാക്കാൻ കഴിയുന്നതും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്നതുമായ ഒരുപകരണം കണ്ടെത്തണമെന്ന ആഗ്രഹം അങ്ങനെയാണ് ഉടലെടുക്കുന്നത്.
സംഗീതം എല്ലാ ആളുകൾക്കും പ്രാപ്യമായിരിക്കണം, എളുപ്പത്തിൽ കൊണ്ടുനടക്കാനും ഉപയോഗിക്കാനും കഴിയുന്ന റെക്കോർഡുകൾ കണ്ടെത്തണം എന്നത് ഓട്ടൻസ് എല്ലായ്പ്പോഴും മനസിൽ താലോലിച്ചിരുന്ന ആഗ്രഹമായിരുന്നു. അദ്ദേഹം ഫിലിപ്സ് കമ്പനി ഡയറക്റ്റർ ബോർഡിനോട് താൻ കണ്ട് പിടിച്ച ഈ കോംപാക്റ്റ് കാസറ്റുകളുടെയും കാസറ്റ് പ്ലയറുകളുടെയും പേറ്റൻ്റ് മറ്റ് ഇലക്ട്രോണിക്സ് ഉപകരണ നിർമാതാക്കൾക്ക് സൗജന്യമായി കൊടുക്കണമെന്ന് ഒരു നിർദ്ദേശം വച്ചു. കാസറ്റുകൾ ഒരു ലോക സ്റ്റാൻഡേർഡ് ആയി മാറാൻ അത് വഴി തെളിക്കുമെന്ന് അദ്ദേഹം കരുതി. ഫിലിപ്സ് കമ്പനി മാനേജ്മെൻ്റ് ലൂ ഓട്ടൻസിൻ്റെ നിർദ്ദേശം അംഗീകരിക്കുകയും ലോകത്തെ എല്ലാ പ്രമുഖ ഇലക്ട്രോണിക്സ് കമ്പനികൾക്കും കാസറ്റും, കാസറ്റ് പ്ലയറുകളും നിർമ്മിക്കാനുള്ള അവകാശം റോയൽറ്റി ഇല്ലാതെ നൽകുകയും ചെയ്തു.
ഓട്ടന്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ നിരവധി പരീക്ഷണങ്ങളിലൂടെ ഫിലിപ്‌സ് കമ്പനി 1960 കളിൽ ഓഡിയോ കാസറ്റ് രൂപപ്പെടുത്തിയത്. നിരന്തര പരീക്ഷണ നീരീക്ഷണങ്ങൾക്ക് ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തി 1963ല്‍ ബെര്‍ലിന്‍ റേഡിയോ ഇലക്ട്രോണിക്‌സ് മേളയിലാണ് ഓഡിയോ കാസറ്റുകള്‍ ആദ്യമായി അവതരിപ്പിക്കുന്നത്. ഒരു സിഗരറ്റ് പായ്ക്കറ്റിനേക്കാൾ ചെറുത് എന്ന ടാഗ് ലൈനോടെയാണ് ഇവ പുറത്തിറങ്ങിയത്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഓഡിയോ കാസറ്റുകള്‍ ലോകം മുഴുവന്‍ ഹിറ്റായി. ആ വര്‍ഷം ഏറ്റവും പ്രചാരം നേടിയ ഉല്‍പന്നങ്ങളിലൊന്നായി കാസറ്റുകള്‍ മാറി. വൻവിപ്ലവം സൃഷ്ടിച്ച ഈ കാസെറ്റുകളുടെയും, പ്ലയറുകളുടെയും കുത്തക പിന്നീട് ജപ്പാനിലെ സോണി, നാഷണൽ, ഹിറ്റാച്ചി, ജെ വി സി, സാനിയോ, തുടങ്ങിയ കമ്പനികൾ കയ്യടക്കി.
പതിനായിരം കോടിയിലധികം കസെറ്റുകൾ 2000 ആണ്ട് വരെ ലോകത്തു വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. ഓഡിയോ കാസറ്റുകള്‍ കണ്ടെത്തിയതിന്റെ അമ്പതാം വാര്‍ഷികത്തില്‍. ആദ്യ ദിവസം മുതല്‍ ‘സെന്‍സേഷന്‍’ ആയ കണ്ടെത്തല്‍ എന്നായിരുന്നു ബി.ബി.സി വിശേഷിപ്പിച്ചത്. കസെറ്റുകൾക്ക് ശേഷം ലോകമാകെ മാറ്റിമറിച്ച കോംപാക്റ്റ് ഡിസ്കിൻ്റെ (സി.ഡി) കണ്ടെത്തലിനും തുടക്കമിട്ടത് ഓറ്റെൻസാണ്. നമ്മുടെ നാട്ടിൽ ഈ നൂറ്റാണ്ടിന്‌റെ തുടക്കത്തിലാണ് സിഡികൾ പ്രചുരപ്രചാരം നേടിയതെങ്കിലും 1978ൽ തന്നെ കോംപാക്റ്റ് ഡിസ്‌ക് എന്ന ആശയം ഫിലിപ്‌സ് കമ്പനി രൂപീകരിച്ചിരുന്നു. ഓറ്റെൻസിനായിരുന്നു ഇതിന്‌റെയും നേതൃത്വചുമതല.
ജാപ്പനീസ് കമ്പനിയായ സോണിയുമായി ഫിലിപ്‌സ് സഹകരിച്ചാണു സിഡി എന്ന ആശയം പൂർണതയിലെത്തിച്ചത്. 12 സെന്‌റിമീറ്റർ വ്യാസത്തിൽ 74 മിനിറ്റോളം ശബ്ദം റിക്കോർഡ് ചെയ്യാവുന്ന സിഡിയാണ് ആദ്യം പുറത്തിറങ്ങിയത്. ഇതു ശരിക്കും വികസിപ്പിച്ചത് 1982ലാണ് ഇതോടെ കസെറ്റ്, ടേപ് യുഗത്തിന്‌റെ അവസാനമായെന്നു ഓറ്റെൻസ് പ്രഖ്യാപിച്ചു. ഇവിടെ ഒരു പാകപ്പിഴ ഫിലിപ്സ് കമ്പനിക്ക് പറ്റി. സി ഡി ടെക്നോളജി വികസിപ്പിച്ചെങ്കിലും, അന്നത്തെ ജാപ്പാനീസ് ഇലക്ട്രോണിക്സ് ഭീമൻമാരായ സോണി, പാനാസോണിക് JVC, പോലുള്ള കമ്പനികൾ വൻ മുടക്ക് മുതലിറക്കി ചൂടപ്പം പോലെ വിറ്റിരുന്ന ഓഡിയോ, വീഡിയോ കാസറ്റ് പ്ലയറുകളുടെ വിപണി നഷ്ടപ്പെട്ട് പോകുമെന്ന ഭീതിയിൽ സി ഡി ടെക്നോളജി പിടിച്ച് വച്ചു.
ഇതിനിടയിൽ ബുദ്ധിമാൻമാരായ ചൈനക്കാർ താരതമ്യേന ലളിതമായ സി ഡി മെക്കാനിസവും, അതിൻ്റെ പിസിബി ടെക്നോളജിയും സോഫ്റ്റ് വെയറുകളും ഫിലിപ്സ് കമ്പനിയിൽ നിന്നും തന്ത്രപരമായി ചോർത്തിയെടുത്ത് അവ വൻതോതിൽ നിർമ്മിച്ച് ലോക വിപണിയിലേക്കിറക്കി. ഇതോടെ ഓഡിയോ/വീഡിയോ കാസറ്റുകളും,പ്ലയറുകളും ആവുന്നത്ര വിറ്റ ശേഷം പൂഴ്ത്തിവച്ചിരുന്ന സി ഡി ടെക്നോളജി ഉപയോഗിച്ച് കാശുണ്ടാക്കാനുള്ള ഫിലിപ്സ്, സോണി കൺസോർഷ്യത്തിൻ്റെ മനക്കോട്ട തകർന്ന് പോയി കസെറ്റുകൾ വിറ്റതിന്‌റെ രണ്ടര ഇരട്ടി അധികം സിഡികൾ ലോകത്തു വിറ്റിട്ടുണ്ടെന്നാണു കണക്ക്. 1986ൽ അദ്ദേഹം ഫിലിപ്സിലെ തൻ്റെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചു റിട്ടയർമെൻ്റ് ലൈഫിലേക്ക് നീങ്ങി.
1957 ൽ പുറത്ത് വന്ന സ്റ്റീരിയോ വിനൈൽ റിക്കോർഡുകളുടെ സുവർണ്ണ കാലഘട്ടം കാസറ്റുകൾ പ്രചുരപ്രചാരം നേടിയ 1975 വരെ വെറും 18 വർഷം മാത്രമായിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിലും തരംഗമായി മാറിയ ഓഡിയോ കാസറ്റുകൾ 2005 വരെ പ്രചാരത്തിലുണ്ടായിരുന്നു. 1960 മുതൽ 2005 വരെ തുടർന്ന 45 വർഷം നീണ്ട് നിന്ന കാസറ്റ് യുഗമാണ് ഹൈ ഫൈ സംഗീത രംഗത്ത് ആധിപത്യം പുലർത്തിയതെന്ന് നിസ്സംശയം പറയാം. 2015 ഓടെ സി ഡി യുഗത്തിനും അന്ത്യമായി. ഇൻ്റർനെറ്റ് വേഗതയും, ശേഷി കൂടിയ മൊബൈൽ ഫോണുകളുടെ ലഭ്യതയും ലോകമെങ്ങും വർദ്ധിച്ചതോടെ ആമസോൺ, സ്പോട്ടിഫൈ നെറ്റ് ഫ്ലിക്സ്, യൂ ട്യൂബ്, ഐ ട്യൂൺസ്, സൗണ്ട് ക്ലൗഡ്, ആഡിയോമാക്, ബാൻഡ് ക്യാമ്പ്, വിമിയോ, ടൈഡൽ, ടെലിഗ്രാം, വാട്സാപ്പ് തുടങ്ങിയ ഓഡിയോ/വീഡിയോ ഒ ടി ടി പ്ലാറ്റ്ഫോമുകളിലൂടെയും, ആപ്പുകളിലൂടെയും സംഗീതവും, വീഡിയോകളും ഷെയർ ചെയ്യപ്പെടാൻ തുടങ്ങി.
ഇതോടെ സംഗീതവും, സിനിമകളും ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് കൈ മാറാൻ ഉപയോഗിച്ചിരുന്ന സി ഡികളും, പെൻഡ്രൈവുകളും, മെമ്മറി കാർഡുകളും, അവയുടെ പ്ലയറുകളും, അപൂർവ്വ വസ്തുക്കളായി മാറിക്കൊണ്ടിരിക്കുന്നു. ഇന്നും ഒരു തലമുറയുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ് ഓഡിയോ കാസറ്റുകൾ. കസെറ്റുകൾ പലർക്കും ഗൃഹാതുരത്വത്തിന്‌റെ ചിഹ്നങ്ങളാണ്. 2016ൽ ചില കസെറ്റ് പ്രേമികൾ ചേർന്ന് ലൂ ഓട്ടെൻസിന് ട്രിബ്യൂട്ട് നൽകാനായി കസെറ്റ് എന്ന പേരിൽ തന്നെ ഒരു ഡോക്യുമെന്‌ററി ചിത്രീകരിച്ചു. ഇതിന്‌റെ ഭാഗമായി അവർ ലൂ ഓറ്റെൻസിനെ ഇന്‌റർവ്യൂ ചെയ്തു.
കസെറ്റുകളുടെ ഗുണഗണങ്ങൾ ഓറ്റെൻസ് വർണിക്കുന്നതു പ്രതീക്ഷിച്ചു ചെന്ന അവരെ അദ്ദേഹം വഴക്കു പറയുകയാണ് ചെയ്തത്. സാങ്കേതികവിദ്യകൾ മാറിമറിയുമെന്നും അവയെ ഗൃഹാതുരത്വത്തിൽ തളച്ചിടുന്നത് നല്ല പ്രവണതയല്ലെന്നും അവരെ അദ്ദേഹം ഉപദേശിക്കുകയും ചെയ്തു. അടിമുടി സംഗീത പ്രേമിയായ ഒരു എൻജിനീയറായിരുന്നു ഓറ്റെൻസ്. എന്നും പുതുമയെ സ്‌നേഹിച്ച ഒരു യഥാർത്ഥ സാങ്കേതികവിദഗ്ധൻ. അദ്ദേഹത്തിന് സംഗീത പ്രേമികളുടെ ആദരാഞ്ജലികൾ'.
ലൂ ഓട്ടെൻസിനെക്കുറിച്ച് ഒരു വലിയ വിവരം അല്ലെ നമുക്ക് ലഭിച്ചത്. ആരും ഇപ്പോൾ ഓർക്കാത്ത ഒരു ഓർമ്മയാണ് ഈ കുറിപ്പ് വായിച്ചവർ ഇപ്പോൾ പുതുക്കിയിരിക്കുന്നത്. ഓഡിയോ കാസറ്റ്, ടേപ് റെക്കോർഡർ എന്ന് ഇന്ന് കേൾക്കുമ്പോൾ അതിനെ സ്നേഹിക്കുന്നവർ ഇപ്പോഴും ധാരാളമുണ്ട്. അങ്ങനെയൊന്നും അവരുടെ മനസ്സുകളിൽ നിന്ന് വേർപെടുത്താവുന്നതല്ല ഇവ രണ്ടും. ഒരു കാലത്ത് എല്ലാവരും ഹൃദയത്തിൽ സ്ഥാനം പിടിച്ച ഒന്നാണ് ഇവ രണ്ടും. സുഖങ്ങളിലും ദുഖങ്ങളിലും ഒരുപോലെ കൂടെ നിന്ന വസ്തുക്കൾ. അതിനാൽ ഒരിക്കലും മറക്കാനാവില്ല ഓഡിയോ കാസറ്റ്, ടേപ് റെക്കോർഡർ എന്നിവയെ. ജീവിച്ചിരിക്കുവോളം എല്ലാവരുടെയും മനസ്സിൽ ഉണ്ടാകും, കാലം എത്ര ചെന്നാലും.
#LouOttens #audiocassette #compactdisc #invention #nostalgia #musictechnology #RIP