Toll-Free | എന്താണ് ടോൾ ഫ്രീ നമ്പർ? സൗജന്യ ആശയവിനിമയത്തിന്റെ ചരിത്രവും പ്രാധാന്യവും

 
 Toll-Free Numbers, Communication Service, Customer Service Numbers
 Toll-Free Numbers, Communication Service, Customer Service Numbers

Representational Image Generated by Meta AI

● 1967-ൽ അമേരിക്കയിലാണ് തുടക്കം.
● 1800 എന്ന കോഡിലാണ് ഇന്ത്യയിൽ ടോൾ ഫ്രീ നമ്പറുകൾ ആരംഭിക്കുന്നത്.
● സർക്കാർ ഹെൽപ് ലൈനുകൾ ഉപയോഗിക്കുന്നു.
● ബിസിനസുകളും ഉപഭോക്താക്കളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നു.

റോക്കി എറണാകുളം

(KVARTHA) ടോൾ ഫ്രീ നമ്പർ എന്നത് മലയാളികൾക്ക് ഒരു പുതുമയുള്ള വാക്ക് അല്ല. ഈ അടുത്ത കാലത്ത് നാം നിത്യജീവിതത്തിൽ നിത്യേന കേൾക്കാറുള്ള പദമാണ് ടോൾ ഫ്രീ നമ്പർ എന്നത്. വലിയ വലിയ സ്ഥാപനങ്ങളെയും കമ്പനികളെയും ബന്ധപ്പെടാനാണ് നാം സാധാരണയായി ടോൾ ഫ്രീ നമ്പർ ഉപയോഗിക്കുന്നത്. പല വലിയ സ്ഥാപനങ്ങളും അവരുടെ സേവനങ്ങൾ ലഭിക്കുന്നതിന് ടോൾ ഫ്രീ നമ്പരിൽ വിളിക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത് നാം കണ്ടിട്ടുള്ളതാണ്. ഇന്ത്യയിൽ ടോൾ ഫ്രീ നമ്പറുകൾ പലപ്പോഴും '1800' എന്ന കോഡോടുകൂടി ആരംഭിക്കുന്നു, ഉദാ: 1800-123-4567. എന്താണ് 'ടോൾ ഫ്രീ നമ്പർ', അതിൻ്റെ ചരിത്രം, പ്രത്യേകതകൾ എന്നിവയൊക്കെയാണ് ഇവിടെ വിവരിക്കുന്നത്. 

ഡയൽ ചെയ്യുന്നവർക്ക് കോൾ ചാർജ് ഈടാക്കാത്തതും പകരം ആ നമ്പറിന്റെ ഉടമയ്ക്ക് (സാധാരണയായി ഒരു ബിസിനസ് അല്ലെങ്കിൽ സ്ഥാപനം) ചെലവ് വഹിക്കേണ്ടതുമായ പ്രത്യേക തരം ടെലിഫോൺ നമ്പർ സേവനമാണ് 'ടോൾ ഫ്രീ നമ്പർ'. ഇത്  ഉപഭോക്താക്കൾക്ക് സൗജന്യമായി ഒരു സേവനം നൽകുന്ന സ്ഥാപനം/വ്യക്തിയുമായി ബന്ധപ്പെടാൻ  ഉപയോഗിക്കുന്നു. ഇന്ത്യയിൽ ടോൾ ഫ്രീ നമ്പറുകൾ പലപ്പോഴും '1800' എന്ന കോഡോടുകൂടി ആരംഭിക്കുന്നു, ഉദാ: 1800-123-4567. ടെലിഫോൺ സാങ്കേതികവിദ്യയുടെ വികാസവും, ബിസിനസുകൾക്ക് ഉപഭോക്താക്കളുമായി കൂടുതൽ എളുപ്പത്തിൽ ബന്ധപ്പെടാനുള്ള ആവശ്യവും ഉയർന്നുവന്ന 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ടോൾ ഫ്രീ നമ്പറിന്റെ ചരിത്രം ആരംഭിക്കുന്നത് .

ഇതിന്റെ ഉത്ഭവവും വികാസവും പ്രധാനമായും അമേരിക്കയിൽ നിന്നാണ് തുടങ്ങിയത്. ദീർഘദൂര ടെലിഫോൺ കോളുകൾക്ക് ഉയർന്ന ചെലവ് വരുന്ന സാഹചര്യത്തിലാണ് ടോൾ ഫ്രീ സേവനത്തിന്റെ ആശയം ആദ്യം രൂപപ്പെട്ടത്. അക്കാലത്ത് ഉപഭോക്താക്കൾക്ക് ഒരു കമ്പനിയുമായി ബന്ധപ്പെടണമെങ്കിൽ അവരവർ തന്നെ കോൾ ചാർജ് വഹിക്കേണ്ടി വന്നിരുന്നു. യു.എസിൽ എ ടി & ടി എന്ന ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് ആദ്യമായി 1967-ൽ '800' എന്ന പ്രിഫിക്സോടുകൂടിയ ആദ്യ ടോൾ ഫ്രീ നമ്പർ അവതരിപ്പിച്ചത്. ഇത് 'ഇൻവാർഡ് വൈഡ് ഏരിയ ടെലിഫോൺ സർവീസ്' (InWATS) എന്ന പേര് നൽകി ആരംഭിച്ചു. ഈ സേവനം ബിസിനസുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് കോളുകൾ സ്വീകരിക്കാനും ചെലവ് സ്വയം വഹിക്കാനും അനുവദിച്ചു.

1970-കളോട് കൂടി ടോൾ ഫ്രീ നമ്പറുകൾ ജനപ്രിയമാവാൻ തുടങ്ങി. പിന്നീട് ഉപഭോക്തൃ സേവനം, വിൽപ്പന, പിന്തുണ എന്നിവയ്ക്കായി കമ്പനികൾ ഇവ വ്യാപകമായി ഉപയോഗിച്ചു. തുടർന്ന് '800' നമ്പറുകൾ ഒരു ബിസിനസിന്റെ പ്രതിച്ഛായ ഉയർത്തുന്ന അടയാളമായി  മാറി. 1980-കളിലും 1990-കളിലും ഇതിൻ്റെ ഡിമാൻഡ് വർധിച്ചതോടെ '800' എന്ന ഒറ്റ പ്രിഫിക്സ് മതിയാകാതെ വന്നു. അതിനാൽ '888' (1996), '877' (1998), '866' (2000) തുടങ്ങിയ പുതിയ കോഡുകൾ കൂടി അവതരിപ്പിച്ചു ടോൾ ഫ്രീ സേവനത്തിന്റെ ലഭ്യത വർധിപ്പിച്ചു. പിന്നീട് കമ്പനികൾ തങ്ങളുടെ ബ്രാൻഡിന് അനുയോജ്യമായ 'വാനിറ്റി നമ്പറുകൾ' (ഉദാ: 1-800-FLOWERS) ഉപയോഗിക്കാൻ തുടങ്ങി. ഇത് വഴി  ഉപഭോക്താക്കൾക്ക് സേവനങ്ങൾ  ഓർത്തിരിക്കാൻ എളുപ്പമായി മാറി. 

ടെലികോം വ്യവസായത്തിന്റെ സ്വകാര്യവൽക്കരണത്തിന് ശേഷം 1990-കളുടെ അവസാനത്തിലാണ് ഇന്ത്യയിൽ ടോൾ ഫ്രീ സേവനം അവതരിപ്പിക്കപ്പെട്ടത്. ബി‌എസ്‌എൻ‌എൽ, എയർടെൽ, വോഡഫോൺ തുടങ്ങിയ ടെലികോം ദാതാക്കൾ ഈ സേവനം ബാങ്കുകൾ, ഉപഭോക്തൃ ഉൽപ്പന്ന കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിങ്ങനെ ബിസിനസുകൾക്ക് ലഭ്യമാക്കി. ആദ്യകാലങ്ങളിൽ ടോൾ ഫ്രീ നമ്പറുകൾ ലാൻഡ്‌ലൈൻ ഫോണുകളിൽ മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് മൊബൈൽ ഫോണുകളുടെ വരവോടെ ഇവ മൊബൈൽ ശൃംഖലകളിലേക്ക് വ്യാപിച്ചു. ഇന്ന് 'VoIP' (Voice over Internet Protocol) സാങ്കേതിക വിദ്യയിലൂടെ ടോൾ ഫ്രീ നമ്പറുകൾ ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങളുമായി സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു. 

ഇപ്പോൾ ടോൾ ഫ്രീ നമ്പറുകൾ ഉപഭോക്തൃ സേവനത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്. ഇത് വഴി ബിസിനസുകളും ഉപഭോക്താക്കളും തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കുക യും വിശ്വാസം വളർത്തുകയും ചെയ്യുന്നു. ഇന്ത്യയിൽ സർക്കാർ ഹെൽപ്‌ലൈനുകൾ (ഉദാ: 108, 181) പോലുള്ളവയും ഈ സംവിധാനം ഉപയോഗിക്കുന്നു. 'ടോൾ ഫ്രീ നമ്പറിനെക്കുറിച്ച് ഏറെക്കുറെ ധാരണ എല്ലാവർക്കും ആയി എന്ന് വിശ്വസിക്കുന്നു. ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായിരിക്കുന്നു ടോൾ ഫ്രീ നമ്പറുകൾ. വരും കാലത്തും ഇതിൻ്റെ പ്രാധാന്യം വർദ്ധിക്കുമെന്നതിൽ സംശയമില്ല.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

This article explains the concept of toll-free numbers, their origin, evolution, and their importance in business and customer service today.

#TollFreeNumbers #FreeCommunication #Business #CustomerService #TelecomHistory #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia