Adventure | അതിമനോഹരമായ നേപ്പാളിൽ എങ്ങനെ പോകാം? കാണേണ്ട 8 കൊടുമുടികൾ
● നേപ്പാളിലെ 8,000 മീറ്റർ കൊടുമുടികൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയവയാണ്.
● ഇന്ത്യക്കാർക്ക് വിസയില്ലാതെ നേപ്പാളിൽ സന്ദർശിക്കാം.
● ഹിമാലയൻ ഭൂപ്രകൃതിയും സാംസ്കാരിക നിർമ്മിതികളും നേപ്പാളിനെ ഒരു പെർഫക്ട് ഡെസ്റ്റിനേഷനാക്കി മാറ്റുന്നു.
സോളി കെ ജോസഫ്
(KVARTHA) ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ രാജ്യമാണ് നേപ്പാൾ. ഇന്ത്യയുമായി വളരെ അടുത്തു കിടക്കുന്ന ഒരു രാജ്യം കൂടിയാണ്. ഇന്ത്യാക്കാരായ ധാരാളം ആളുകൾ ഇവിടെ അധിവസിക്കുകയും ചെയ്യുന്നു. മറ്റ് രാജ്യങ്ങളിൽ പോകുന്നതുപോലെ നേപ്പാളിൽ പോകുന്നതിന് വലിയ നിയമതടസമൊന്നും ഇല്ലാത്തതും ഇന്ത്യാക്കാരെ കൂടുതലായി നേപ്പാളിലേയ്ക്ക് ആകർഷിക്കുന്നു. ഈ അതിമനോഹര രാജ്യം ഇന്ത്യക്കും ചൈനക്കുമിടയിൽ സ്ഥിതി ചെയ്യുന്നു എന്ന പ്രത്യേകയും ഉണ്ട്. എവറസ്റ്റ് ഉൾപ്പടെ ലോകത്തെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണവും ഇവിടെയാണ് ഉള്ളത്.
നേപ്പാളിൽ കാണേണ്ട 8 കൊടുമുടികൾ
1. എവറസ്റ്റ് കൊടുമുടി (8,848.86 മീറ്റർ) - ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം. 2. കാഞ്ചൻജംഗ (8,586 മീറ്റർ) - മൂന്നാമത്തെ ഉയർന്നത്. 3. ലോത്സെ (8,516 മീറ്റർ) - നാലാമത്തെ ഉയർന്നത്. 4. മകാലു (8,485 മീറ്റർ) - അഞ്ചാമത്തെ ഉയർന്നത്. 5. ചോ ഓയു (8,188 മീറ്റർ) - ആറാമത്തെ ഉയർന്നത്. 6. ധൗലഗിരി (8,167 മീറ്റർ) - ഏഴാമത്തെ ഉയർന്നത്. 7. മനസ്സ്ലു (8,163 മീറ്റർ) - എട്ടാമത്തെ ഉയർന്നത്. 8. അന്നപൂർണ I (8,091 മീറ്റർ) - പത്താമത്തെ ഉയർന്നത്. ഇവയാണ് നേപ്പാളിലെ പ്രധാനപ്പെട്ട കൊടുമുടികൾ.
ഇവയൊക്കെ നമ്മുടെ പാഠപുസ്തകങ്ങളിലൊക്കെ പഠിക്കാനുള്ളതുമാണ്. നേപ്പാളിലെ പർവതങ്ങളെ ഹിമാലയം, മഹാഭാരതം, ചുരെ കുന്നുകൾ എന്നിങ്ങനെ വ്യത്യസ്ത ശ്രേണികളായി തിരിച്ചിരിക്കുന്നു. ഇത് ട്രെക്കിംഗിനും മലകയറ്റ പ്രേമികൾക്കും ഒരു പറുദീസയാണ്. നേപ്പാളിൽ സമുദ്രനിരപ്പിൽ നിന്ന് 6,000 മീറ്ററിൽ കൂടുതലുള്ള 1310 കൊടുമുടികൾ ഉണ്ട്, അതിൽ 414 കൊടുമുടികൾ മലകയറ്റത്തിനായി ഔദ്യോഗികമായി തുറന്നിരിക്കുന്നു. 8,000 മീറ്റർ കൊടുമുടികൾ എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 പർവതങ്ങളിൽ ഈ എട്ട് എണ്ണമാണ് നേപ്പാളിലുള്ളത്.
എങ്ങനെ എത്തിച്ചേരാം
പ്രതിവർഷം പത്തുലക്ഷത്തിലേറെ സഞ്ചാരികളാണ് നേപ്പാളിൽ എത്തുന്നത്. ഇവരിൽ വലിയൊരു വിഭാഗവും ഇന്ത്യക്കാരാണ്. അതിമനോഹരമായ ഹിമാലയൻ ഭൂപ്രകൃതിയും സാംസ്കാരിക നിർമ്മിതികളും മഹത്തായ സംസ്കാരവും ടൂറിസം സാധ്യതകളുമെല്ലാം നേപ്പാളിനെ ഒരു പെർഫക്ട് ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. വിദേശയാത്രയുടെ യാതൊരു നൂലാമാലകളുമില്ലാതെ, ഒരു പാസ്പോർട്ട് പോലുമില്ലാതെ ഇന്ത്യക്കാർക്ക് ഈ മനോഹര രാജ്യത്ത് പോകാനാകും. ഇന്ത്യക്കാർക്ക് വിസയില്ലാതെ ഇവിടെ സന്ദർശിക്കാം.
1950-ൽ ഉണ്ടാക്കിയ ഇൻഡോ-നേപ്പാൾ സമാധാന-സൗഹൃദകരാർ അനുസരിച്ച് ഇന്ത്യക്കാർ നേപ്പാളിൽ സർവതന്ത്രസ്വതന്ത്രരാണ്. നേപ്പാളിലെവിടെയും ഇന്ത്യക്കാർക്ക് യാത്രചെയ്യാം, തൊഴിലെടുക്കാം, താമസിക്കാം. വിലക്കുകളൊന്നുമില്ല. വിമായാത്രയ്ക്ക് പാസ്പോർട്ട് ആവശ്യമായി വരും. എന്നാൽ റോഡ് മാർഗമുള്ള യാത്രയ്ക്ക് അതുപോലും ആവശ്യമില്ല. അതേസമയം പാസ്പോർട്ടോ അല്ലെങ്കിൽ ഇലക്ഷൻ ഐഡി കാർഡോ കൈയിൽ കരുതുന്നത് ഉത്തമമാണ്. വിമാനമാർഗവും പോവാമെങ്കിലും റോഡ് മാർഗമുള്ള യാത്രയാണ് ബജറ്റ് യാത്രികർക്ക് നല്ലത്.
ഡൽഹിയിൽ നിന്ന് പോകുന്നവർക്ക് ഭൈരവയ്ക്ക് സമീപമുള്ള സുനൗലി ബോർഡർ ക്രോസിങ്, പട്ന വഴിയുള്ള റക്സോൾ ബോർഡർ, ഗാംങ്ടോക്ക് വഴി പാനിതങ്കി, ഡൽഹി- ഉത്തരാഖണ്ഡ് വഴി ബൻബാസ എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം. നേപ്പാളിലെ വിവിധ സ്ഥലങ്ങളിലേക്ക് ബസ് സർവീസുകളും ലഭ്യമാണ്. സാധിക്കുന്നവർ അവധിക്കാലത്തൊക്കെ നേപ്പാളിൽ പോകാൻ ശ്രദ്ധിക്കുക. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് പോക്കറ്റ് കീറാതെ എളുപ്പത്തിൽ നേപ്പാളിൽ പോയി വരാം. ഇന്ത്യയുമായി തുറന്ന അതിർത്തി പങ്കിടുന്ന രാജ്യം കൂടിയാണ് നേപ്പാൾ എന്നതും സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു.
#Nepal #Everest #trekking #Himalayas #mountains #adventure #travel #Asia