Discovery | ആനയാടിക്കുത്ത്, ഇത് സാധാരണക്കാരുടെ ‘വീഗാലാൻഡ്’; നിങ്ങൾ ഒരിക്കലെങ്കിലും കാണണം!
● ആനയാടിക്കുത്ത് തൊടുപുഴയ്ക്കടുത്താണ് സ്ഥിതി ചെയ്യുന്നത്.
● ഇത് കേരളത്തിലെ ഒരു ഒളിഞ്ഞിരിക്കുന്ന രത്നമാണ്.
● കുടുംബങ്ങള്‍ക്കും പ്രകൃതി സ്നേഹികൾക്കും അനുയോജ്യം.
റോക്കി എറണാകുളം
(KVARTHA) പ്രകൃതി ഭംഗി ഏറെയുള്ള സംസ്ഥാനമാണ് നമ്മുടെ കൊച്ചു കേരളം. അതുകൊണ്ട് തന്നെ വിദേശസഞ്ചാരികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രം കൂടിയാവുന്നു ഈ മലയാള നാട്. കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളവർ പോലും വിനോദയാത്രയ്ക്ക് ഏറെ ഇഷ്ടപ്പെടുന്ന സംസ്ഥാനം കൂടിയാവുന്നു ഈ കേരളം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ ശുദ്ധ വായു, ശുദ്ധമായ വെള്ളം, വൃത്തിയുള്ള ഭക്ഷണം ഒക്കെ നമ്മുടെ പ്രത്യേകതകളാണ്.
അതുകൊണ്ടും ഒരുപാട് ആളുകൾ ഇങ്ങോട്ടേയ്ക്ക് ആകർഷിക്കപ്പെടുന്നു. മൂന്നാർ, തേക്കടി, വയനാട് തുടങ്ങിയവയൊക്കെ കേരളത്തിലെ പേരുകേട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ ആണെങ്കിൽ കൂടി അത്രയൊന്നും ശ്രദ്ധിക്കപ്പെടാത്ത എന്നാൽ ഒരിക്കൽ കണ്ടാൽ മതിവരാത്ത മനോഹരമായ ധാരാളം കൊച്ചുകൊച്ചു സ്ഥലങ്ങൾ കേരളത്തിലുണ്ടെന്നതാണ് സത്യം. പലപ്പോഴും അത് ചുരുക്കം ചില ആളുകൾക്കെ അറിവ് ഉണ്ടാകു.
അത്തരത്തിലൊരു സ്ഥലമാണ് ആനയാടിക്കുത്ത്. ഇതാണ് സാധാരണക്കാരുടെ വീഗാലാൻഡ് എന്ന പേരിൽ ജൂബിൻ കുറ്റിയാനി എഴുതിയ കുറിപ്പിൽ നിന്നാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിൽ നിന്നും 21 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തെക്കുറിച്ച് പലരും അറിയുന്നത്.
കുറിപ്പിൽ പറയുന്നത്: ‘ഇതാണ് സാധാരണക്കാരുടെ വീഗാലാൻഡ് . നിങ്ങൾ ഈ സ്ഥലം കണ്ടിട്ടുണ്ടോ?. ഇവിടെ അനുദിനം അനേകം ആളുകൾ എത്താറുണ്ട്. മുത്തശ്ശിക്കഥകളിലെ മായികലോകം പോലൊരു സ്ഥലം.... ഇതുവരെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസ്റ്റ് മാപ്പിൽ ഇടം പിടിക്കാത്ത പ്രകൃതി മനോഹരമായ ഒരു അടിപൊളി വെള്ളച്ചാട്ടം - ആനയാടിക്കുത്ത്. ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയാടിക്കുത്തിലെത്താം.
പ്രകൃതി സ്നേഹികളും, ടൂറിസ്റ്റ്കളും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ഇത്… അപകടം കൂടാതെ നീന്തൽ അറിയാത്തവർക്കും, കുട്ടികൾക്കും ഇവിടെ കുളിക്കുവാൻ സാധിക്കും എന്നുമാത്രമല്ല ഫാമിലിയായി പോകുവാനും പറ്റിയ സ്ഥലമാണിത്. ഏത് ആങ്കിളിൽ നിന്ന് ഫോട്ടോയെടുത്താലും കാണാൻ സുന്ദരിയാണ് ഈ വെള്ളച്ചാട്ടം. തൊമ്മൻകുത്തിനു സമീപമാണ് ആനയാടികുത്ത് സ്ഥിതി ചെയ്യുന്നതെങ്കിലും തൊമ്മൻകുത്തിന്റെ ഭാഗമല്ല ഈ കാട്ടരുവി.
മുണ്ടൻമുടിയുടെ നെറുകയിൽ നിന്നൊഴുകിയെത്തുന്ന വെള്ളം ആനയാടിയിലെ പാറയിൽ നൂറുമീറ്ററോളം വിസ്‌തൃതിയിൽ ഒഴുകി പാലൊഴുകും പാറയാക്കുകയാണ് ഇവിടം. ഈ വെള്ളച്ചാട്ടതിനു അടിയിൽ നിന്നു കുളിച്ച ശേഷമേ ഇവിടെ എത്തുന്നവർ മടങ്ങാറുള്ളൂ… ഇവിടെ പ്രവേശന ഫീസ് ഒന്നുമില്ല. ടോയ്‌ലറ്റ് , ഡ്രസിങ് റും പിന്നെ ചെറിയ ഒരു കടയും വെള്ളച്ചാട്ടത്തിന് സമീപം ഇപ്പോൾ ഉണ്ട്. വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവും ഇപ്പോൾ ഉണ്ട്.
തിരക്കുകളിൽ നിന്നൊഴിഞ്ഞ് പച്ചപ്പിന്റെ നിറവിൽ, മലകളുടെ സൗന്ദര്യം ആസ്വദിച്ചു പ്രകൃതിയിൽ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് ആനയാടിക്കുത്ത്. വഴി: തൊടുപുഴ - കരിമണ്ണൂർ - മുളപ്പുറം - തേക്കിൻകൂട്ടം വഴി (വലിയ തേക്കുമരങ്ങൾക്ക് ഇടയിലൂടെയുള്ള മനോഹര യാത്ര ) ചെന്നെത്തുന്നത് തൊമ്മൻകുത്ത് ജംഗ്ഷനിലാണ്. അവിടെ നിന്നും ഇടത്തേയ്ക്ക് പോയി ഒരു വളവിനു ശേഷം വലത്തേയ്ക്കുള്ള വഴിയിലൂടെ കുറച്ചു ദൂരം പോയാൽ മനോഹരമായ ആനയാടിക്കുത്തിലെത്താം. കണ്ണും കാതും മനസ്സും തുറന്നു യാത്ര ചെയ്യുമ്പോൾ ഏതു ചെറിയ യാത്രയിലും നല്ല നല്ല അനുഭവങ്ങൾ നമുക്കുണ്ടാകും’.
ഇതാണ് ആനയാടിക്കുത്തിനെക്കുറിച്ചുള്ള ആ വിവരണം. തീർച്ചയായും ഈ കുറിപ്പ് വായിക്കുന്ന ഏതൊരാൾക്കും ആനയാടിക്കുത്ത് കാണാൻ ഒരു മോഹമുദിക്കുമെന്ന് തീർച്ച. അത്ര കണ്ട് മനോഹരമായി തന്നെ ഈ പ്രദേശത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നു. ഇതുപോലെ നാം അറിയാത്ത എത്രയോ നയനമനോഹരങ്ങളായ സ്ഥലങ്ങൾ ഈ കേരളത്തിലുണ്ടാവുമെന്ന് സംശയിച്ചു പോകുക സ്വഭാവികം. തേക്കടിയോ, മൂന്നാറോ ഒക്കെ സന്ദർശിക്കുന്നവർക്ക് എളുപ്പത്തിൽ പോകാൻ പറ്റുന്ന സ്ഥലം കൂടിയാണ് ആനയാടിക്കുത്ത്. അതുകൊണ്ട് അങ്ങനെയെത്തുന്നവർ ആനയാടിക്കുത്ത് എന്ന് മനോഹര പ്രദേശവും കണ്ട് മടങ്ങാൻ ശ്രദ്ധിക്കുക. അത് ഒരു മികച്ച ഒരു അനുഭവം നിങ്ങൾക്ക് പ്രദാനം ചെയ്യും. തീർച്ച.
#Anayadykuttu #KeralaTourism #Waterfalls #Nature #Travel #Family #HiddenGem