Tourism Growth | മുഖ്യമന്ത്രി തുറന്നുകൊടുത്ത ഗേറ്റ്‌വേ ബേക്കൽ റിസോർട്ട് ആഡംബരത്തിന്റെയും സൗന്ദര്യത്തിന്റെയും സംഗമം; കോവിഡ് പ്രതിസന്ധി മറികടന്ന് വിനോദസഞ്ചാര മേഖല വളർച്ചയുടെ പാതയിലെന്ന് പിണറായി വിജയൻ
● 2024 ന്റെ ആദ്യ അർദ്ധവർഷത്തിൽ തന്നെ 1.5 കോടിയിലധികം ആഭ്യന്തര വിനോദ സഞ്ചാരികൾ കേരളത്തിൽ എത്തിയിട്ടുണ്ട്.
● ബേക്കല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പദ്ധതിക്ക് കീഴിലാണ് റിസോര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
● ബേക്കല്‍ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് 32 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. 150 കോടിയുടെ നിക്ഷേപമാണ് ഇത്.
കാസർകോട്: (KVARTHA) കോവിഡ്-19 മഹാമാരിയുടെ പ്രതിസന്ധി മറികടന്ന് കേരളത്തിന്റെ വിനോദസഞ്ചാര മേഖല വളർച്ചയുടെ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉദുമ മലാംകുന്നിൽ ഗേറ്റ് വേ ബേക്കല്‍ പ്രീമിയര്‍ പഞ്ചനക്ഷത്ര റിസോര്‍ട്ട് ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാൻ സർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികൾ വിജയകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റിവോൾവിങ് ഫണ്ട് പാക്കേജ്, ടൂറിസം എംപ്ലോയ്‌മെന്റ് സപ്പോർട്ട് സ്‌കീം, ടൂറിസം ഹൗസ്‌ബോട്ട് സർവ്വീസ് സ്‌കീം തുടങ്ങിയ പദ്ധതികൾ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. 2024 ന്റെ ആദ്യ അർദ്ധവർഷത്തിൽ തന്നെ 1.5 കോടിയിലധികം ആഭ്യന്തര വിനോദ സഞ്ചാരികൾ കേരളത്തിൽ എത്തിയിട്ടുണ്ട്. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ വർദ്ധനവാണ്. ഉത്തരവാദിത്ത ടൂറിസം, ബയോഡൈവേഴ്‌സിറ്റി പദ്ധതികൾ, നോർത്ത് മലബാർ ടൂറിസം സർക്യൂട്ട്, പില്‍ഗ്രിം ടൂറിസം, ഹെറിറ്റേജ് ടൂറിസം തുടങ്ങിയവയെല്ലാംവളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബേക്കല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പദ്ധതിക്ക് കീഴിലാണ് റിസോര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 1995ല്‍ ബി.ആര്‍. ഡി.സി രൂപീകരിക്കുന്നതിന് മുന്‍പ് 50000 സഞ്ചാരികള്‍ എത്തികൊണ്ടിരുന്ന ബേക്കലില്‍ ഇന്ന് അഞ്ച് ലക്ഷത്തില്‍ അധികം ആളുകള്‍ എത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബേക്കല്‍ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് 32 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. 150 കോടിയുടെ നിക്ഷേപമാണ് ഇത്.
ആഭ്യന്തര വരുമാനത്തിന്റെ 10 ശതമാനത്തില്‍ അധികം വിനോദ സഞ്ചാരമേഖലയില്‍ നിന്നാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പഞ്ച നക്ഷത്ര ഹോട്ടലുകള്‍ ഉള്ള സംസ്ഥാനമായി കേരളം മാറി. ഹോസ്പിറ്റാലിറ്റിയും വിനോദ സഞ്ചാര മേഖലയും തമ്മില്‍ വലിയ ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഫെബ്രുവരിയില്‍ നടക്കാന്‍ പോകുന്ന ഇന്‍വെസ്റ്റേഴ്സ് മീറ്റി ലേക്ക് വ്യവസായ പ്രമുഖരെ മുഖ്യമന്ത്രി ക്ഷണിച്ചു.
ലോകോത്തര സൗകര്യങ്ങളോടെ ഗേറ്റ്‌വേ ബേക്കൽ
കാസർകോടിന്റെ അതുല്യമായ ഭൂപ്രകൃതിയിൽ വിസ്മയിപ്പിക്കുന്ന ഒരു പുതിയ അദ്ധ്യായമാണ് ടാറ്റ ഗ്രൂപ്പിന്റെ ഹോസ്‌പിറ്റാലിറ്റി വിഭാഗമായ ഇൻഡ്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന് (IHCL) കീഴിലുള്ള ഗേറ്റ്‌വേ ബേക്കൽ റിസോർട്ട്. 32 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഗേറ്റ്‌വേ ബേക്കൽ റിസോർട്ട്, അതിന്റെ അതിശയകരമായ സൗകര്യങ്ങളും ആഡംബര അനുഭവങ്ങളും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്നു.
151 ആഡംബര മുറികളും, 72 കോട്ടേജുകളും, റെസ്റ്റോറന്റ്, ബങ്ക്വേറ്റ് ഹാൾ, മീറ്റിങ് റൂം, കൺവെൻഷൻ സെൻ്റർ, സ്‌പാ, ജിംനേഷ്യം, ജോഗിങ് ട്രാക്ക്, നീന്തൽക്കുളം, ആംഫി തിയേറ്റർ, ഡെസ്റ്റിനേഷൻ വെഡ്ഡിങ് സൗകര്യം തുടങ്ങി എന്തിനും എന്തിനും അവിടെ സൗകര്യമുണ്ട്. കേരളത്തിലെ ടൂറിസം വികസനത്തിന് ഒരു വഴിത്തിരിവായിരിക്കും ഈ റിസോർട്ട്. രാജ്യാന്തര തലത്തിലുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉണർത്തുന്നതിനും ഈ റിസോർട്ട് സഹായിക്കും. ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനും സിനിമാചിത്രീകരണത്തിനും ഇവിടം അനുയോജ്യമായ ഒരു സ്ഥലമാണ്.
ബേക്കൽ റിസോർട്സ് ഡെവലപ്മെന്റ് കോർപറേഷൻ (BRDC) വിവിധ പഞ്ചായതുകളിലായി സ്ഥലം ഏറ്റെടുത്ത് ലീസിന് വിവിധ കമ്പനികൾക്ക് അനുവദിച്ചിട്ടുള്ള ആറ് പഞ്ചനക്ഷത്ര റിസോർട്ടുകളിൽ മൂന്നാമത്തേതാണ് ഇപ്പോൾ പ്രവർത്തനം ആരംഭിച്ച മലാംകുന്നിലെ റിസോർട്ട്. ബേക്കലിന്റെ ടൂറിസം വികസനത്തിൽ ഒരു നാഴികക്കല്ലായിരിക്കും ഈ റിസോർട്ട്. ബേക്കലിന്റെ സൗന്ദര്യം ലോകത്തിന് അവതരിപ്പിക്കുകയും, പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉണർത്തുകയും ചെയ്യുന്ന ഒരു പ്രധാന പദ്ധതിയാണിത്.
#GatewayBekal #KeralaTourism #PinarayiVijayan #Kasaragod #TourismGrowth #LuxuryResorts