ഇന്ത്യൻ റെയിൽവേയ്ക്ക് 172 വർഷം; കരിവണ്ടി മുതൽ ഇലക്ട്രിക് ട്രെയിൻ വരെ വികാസ പരിണാമം


● ലോകത്തിലെ ഏറ്റവും വലിയ റെയിൽ ശൃംഖലകളിൽ ഒന്ന്.
● ആദ്യ ട്രെയിൻ ഓടിയത് 1853 ഏപ്രിൽ 16ന്.
● പ്രതിവർഷം 500 കോടി യാത്രക്കാർ.
● 16 ലക്ഷത്തിലധികം പേർക്ക് തൊഴിൽ നൽകുന്നു.
● മൊത്തം പാതയുടെ നീളം 64,000 കിലോമീറ്റർ.
● കേരളത്തിലെ ആദ്യ പാത ബേപ്പൂർ-തിരൂർ.
● ഇന്ത്യൻ റെയിൽവേയ്ക്ക് 17 മേഖലകൾ.
ഭാമനാവത്ത്
(KVARTHA) ഇന്ത്യക്കാരുടെ യാത്ര, സാമ്പത്തിക വികസനം, നഗരവൽക്കരണം, ചരക്ക് കടത്തൽ എന്നിവയ്ക്ക് പുറമെ ഗൃഹാതുരതയ്ക്ക് പരിഹാരം കാണാനും മാനുഷിക ബന്ധങ്ങൾ നിലനിർത്താനും ഇന്ത്യക്കാരെ ഏറ്റവും അധികം സഹായിക്കുന്ന ഇന്ത്യൻ റെയിൽവേ നിലവിൽ വന്നിട്ട് 172 വർഷം. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വിപുലവുമായ തീവണ്ടി പാതകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. 1853 ഏപ്രിൽ 16ന് ബോംബെ-താനെ റൂട്ടിൽ ഇന്ത്യയുടെ ആദ്യ യാത്രാ തീവണ്ടി ഓടിയതിന്റെ ഓർമ്മയ്ക്കാണ് ഇന്ന് ഇന്ത്യൻ റെയിൽവേ ദിനമായി ആചരിക്കുന്നത്.
പ്രതിവർഷം ഏകദേശം 500 കോടി യാത്രക്കാരും 650 ദശലക്ഷം ടൺ ചരക്കും ഇന്ത്യൻ റെയിൽപാതയിലൂടെ നീങ്ങുന്നുണ്ട്. പൂർണ്ണമായും പൊതുമേഖലയിലുള്ള ഇന്ത്യൻ റെയിൽവേ 16 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽ സ്ഥാപനങ്ങളിൽ ഒന്നു കൂടിയാണ്. ഇന്ത്യൻ റെയിൽവേയുടെ മൊത്തം തീവണ്ടി പാളത്തിന്റെ നീളം ഏകദേശം 64,000 കിലോമീറ്ററിനടുത്ത് വരും.
ഇന്ത്യയിൽ ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ട് 1830-കളിൽ റെയിൽവേ ലൈൻ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. റോഡ്, അണക്കെട്ട് മുതലായവയുടെ നിർമ്മാണങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.
ഇന്ത്യയിൽ യാത്രാതീവണ്ടി എന്ന നിർദ്ദേശം ഹാർഡിങ് പ്രഭു മുന്നോട്ട് വെച്ചപ്പോൾ നിരവധി ബ്രിട്ടീഷ് കമ്പനികൾ രംഗത്ത് വന്നു. അങ്ങനെ ഇംഗ്ലണ്ടിൽ തീവണ്ടി ആദ്യമായി ഓടിയതിന് ശേഷം വെറും 28 വർഷം കൊണ്ട് തന്നെ ഇന്ത്യയിൽ യാത്രാ തീവണ്ടിയുടെ ഓട്ടം തുടങ്ങി. ബോറിബന്ദർ, ബോംബെ, താനെ എന്നീ സ്ഥലങ്ങളിലൂടെയാണ് ഈ തീവണ്ടി ഓടിയത്. ഏകദേശം 34 കിലോമീറ്റർ ആയിരുന്നു യാത്രാ ദൂരം.
ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലർ റെയിൽവേ എന്ന കമ്പനിയാണ് ഇന്ത്യയിൽ റെയിൽവേ നിർമ്മാണം ആരംഭിച്ചത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ബോംബെ നഗര പരിസരത്ത് റെയിൽവേ ലൈൻ സ്ഥാപിക്കാനുള്ള കരാറിൽ ഏർപ്പെടുകയും ഇതിന്റെ ഭാഗമായി ബോംബെ-താനെ റെയിൽപാത നിർമ്മാണം ആരംഭിക്കുകയും ചെയ്തു. 1853 ഏപ്രിൽ 16ന് ഉച്ചയ്ക്ക് 3:35ന് ഇന്ത്യയിലെ ആദ്യ പാസഞ്ചർ ട്രെയിൻ ബോംബെയിലെ ബോറി സ്റ്റേഷനിൽ നിന്ന് താനെയിലേക്ക് യാത്ര ആരംഭിച്ചു. 14 ബോഗികളിലായി 400-ഓളം യാത്രക്കാരുമായി യാത്ര പുറപ്പെട്ട ട്രെയിൻ 33.8 കിലോമീറ്റർ ദൂരം 57 മിനിറ്റ് കൊണ്ട് താനെയിലെത്തി. സുൽത്താൻ, സിന്ധ്, സാഹിബ് എന്നീ പേരുകളുള്ള 3 എഞ്ചിനുകളാണ് ഇതിനെ വഹിച്ചിരുന്നത്. 1925-ൽ കമ്പനി ബ്രിട്ടീഷ് സർക്കാർ ഏറ്റെടുക്കുന്നത് വരെ ഇന്ത്യയിൽ ഒട്ടാകെ റെയിൽവേ ശൃംഖലകൾ സ്ഥാപിക്കുകയും തീവണ്ടികൾ ഓടിക്കുകയും ചെയ്തു. 1951 നവംബർ അഞ്ചിന് ഇത് ഇന്ത്യൻ സെൻട്രൽ റെയിൽവേ ആയി മാറി.
കേരളത്തിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ റെയിൽ പാത ബേപ്പൂർ-തിരൂർ ആണ്. 1861-ൽ പ്രവർത്തനം തുടങ്ങിയ ഇതിന് 30.5 കിലോമീറ്റർ ദൂരമായിരുന്നു. ആദ്യത്തെ റെയിൽപാതയിൽ ഓടിക്കാൻ എൻജിനുകളും കോച്ചുകളും ബേപ്പൂർ തുറമുഖത്ത് കപ്പൽ വഴിയാണ് എത്തിച്ചത്.
നിലവിൽ കാര്യനിർവഹണത്തിന് വേണ്ടി ഇന്ത്യൻ റെയിൽവേയെ 17 മേഖലകളായി തിരിച്ചിട്ടുണ്ട്. ഓരോ മേഖലയെയും റെയിൽവേ ഡിവിഷനുകളായും തിരിച്ചിട്ടുണ്ട്. ഇങ്ങനെ ഇന്ത്യയിൽ ആകെ 67 റെയിൽവേ ഡിവിഷനുകൾ ഉണ്ട്. പാലക്കാട്, തിരുവനന്തപുരം എന്നീ റെയിൽവേ ഡിവിഷനുകൾ ഉൾക്കൊള്ളുന്ന ദക്ഷിണ റെയിൽവേ മേഖലയിലാണ് കേരളം സ്ഥിതി ചെയ്യുന്നത്.
ഇന്ത്യൻ റെയിൽവേയുടെ ഈ ചരിത്ര യാത്രയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും ഓർമ്മകളും പങ്കുവെക്കൂ. ഈ ലേഖനം ഷെയർ ചെയ്യുക.
Indian Railways celebrates its 172nd anniversary on April 16th, commemorating the first passenger train journey from Bombay to Thane in 1853. It has grown into one of the world's largest and busiest rail networks, transporting billions of passengers and millions of tons of freight annually, and employing over 1.6 million people.
#IndianRailways, #IR172Years, #RailHistory, #IndiaTravel, #ThrowbackThursday, #IndianRail