Empowerment | കേരളം സ്ത്രീ സൗഹൃദ ടൂറിസത്തിന്റെ പുതിയ അധ്യായം രചിക്കുന്നു; മൂന്നാറില്‍ അന്തര്‍ദേശീയ വനിതാ സമ്മേളനം നവംബര്‍ 30 മുതല്‍; ലോകമെമ്പാടുമുള്ള പ്രതിനിധികള്‍ പങ്കെടുക്കും
● കേരള ടൂറിസം മിഷന്‍ സൊസൈറ്റിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
● ടൂറിസം വകുപ്പും യുഎന്‍ വിമനും പരിപാടിയുമായി സഹകരിക്കുന്നു.
● മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഇടുക്കി: (KVARTHA) ടൂറിസം മേഖലയിലെ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനും അവരുടെ സുരക്ഷയും ശാക്തീകരണവും ഉറപ്പാക്കുന്നതിനുമായി സുപ്രധാന സമ്മേളനത്തിന് മൂന്നാര്‍ വേദിയാകുന്നു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ട് വരെ മൂന്നാറില്‍ നടക്കുന്ന ഈ അന്തര്‍ദേശീയ വനിതാ സമ്മേളനം ഉത്തരവാദിത്ത ജെന്‍ഡര്‍ ഇന്‍ക്ലൂസീവ് ടൂറിസത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേദിയാകും.
കേരള ടൂറിസം മിഷന്‍ സൊസൈറ്റിയാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. ടൂറിസം വകുപ്പും യുഎന്‍ വിമനും ഈ പരിപാടിയുമായി സഹകരിക്കുന്നു. സമ്മേളനത്തില്‍ ടൂറിസം മേഖലയിലെ സ്ത്രീകളുടെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും സ്ത്രീ സൗഹൃദമായ ഒരു ടൂറിസം മേഖല സൃഷ്ടിക്കുന്നതിനുള്ള പദ്ധതികള്‍ രൂപീകരിക്കുകയും ചെയ്യും. നവംബര്‍ 30 ന് രാവിലെ 10 മണിക്ക് ഗ്രാന്‍ഡ് ക്ലിഫ് റിസോര്‍ട്ടില്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അദ്ദേഹം പ്രകാശനം ചെയ്യും. എ. രാജ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എംപി മുഖ്യതിഥിയായിരിക്കും. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ഹരോള്‍ഡ് ഗുഡ് വിന്‍ മുഖ്യപ്രഭാഷണം നടത്തും. ടൂറിസം സെക്രട്ടറി ബിജു കെ സ്വാഗതവും പറയും. ഡിസംബര്‍ രണ്ടിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കേന്ദ്ര ടൂറിസം വകുപ്പ് അഡീഷണല്‍ സെക്രട്ടറി സുമന്‍ ബില്ല മുഖ്യാതിഥി ആയിരിക്കും.
ലിംഗസമത്വവും സ്ത്രീ സൗഹൃദവുമായ ടൂറിസത്തെ പറ്റിയുള്ള കേരളത്തിന്റെ പ്രഖ്യാപനം പരിപാടിയുടെ ശ്രദ്ധേയ ആകര്‍ഷണമാണ്. 'ഉത്തരവാദിത്ത-സ്ത്രീ സൗഹൃദ ടൂറിസം: കേരള മോഡല്‍' എന്ന വിഷയത്തില്‍ കേരള റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ. രൂപേഷ് കുമാര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കും. പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തത്തോടെ പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് പ്രാധാന്യം നല്‍കി ലോകത്തിനു തന്നെ മാതൃകയായി തീര്‍ന്നതാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതി. ഇതിലൂടെ സംസ്ഥാനത്തിന്റെ സുസ്ഥിരതയാര്‍ന്ന സ്ത്രീ സൗഹൃദ പ്രവര്‍ത്തനങ്ങളുടെ മികവ് പ്രകടമാക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
ലിംഗസമത്വവും സ്ത്രീ സൗഹൃദ ടൂറിസം രീതികളും പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ആഗോള വിദഗ്ധര്‍, സംരംഭകര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കും. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു, നൊമാഡ്‌ഹെര്‍ സ്ഥാപകയും സിഇഒ യുമായ ഹ്യോജിയോങ് കിം (സോളോ സ്ത്രീ യാത്രക്കാര്‍ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ പ്രമുഖ പ്ലാറ്റ് ഫോം), യുകെ യിലെ അണ്‍സീന്‍ ടൂര്‍സ് സിഇഒ ജെയ്‌നി ഗുഡ്ക, യുകെ യിലെ ട്രാവലര്‍ സ്റ്റോറി ടെല്ലര്‍ സ്ഥാപകയും സിഇഒ യുമായ എലിസ സ്പാമ്പിനാറ്റോ, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം ഇന്ത്യയില്‍ നിന്നുള്ള മനീഷ പാണ്ഡെ തുടങ്ങിയവര്‍ സംസാരിക്കും.
യുഎന്‍ വിമന്‍ പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് പൗലോമി പാല്‍, ഫിലിപ്പൈന്‍സിലെ സെബു നോര്‍മല്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ക്ലാരസീല്‍ ഡി ലാഡ്രിംഗന്‍, യുഎന്‍ വിമന്‍ ഇന്ത്ya പ്രതിനിധി സൂസന്‍ ഫെര്‍ഗൂസണ്‍, സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, പഞ്ചാബ് ടൂറിസം ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്‌സ് ഡയറക്ടര്‍ അമൃത് സിങ്, ഉത്തരാഖണ്ഡ് ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ പൂനം ചന്ദ്, ടാറ്റ ട്രസ്റ്റ് ടൂറിസം മേധാവി മൃദുല തങ്കിരാള, ശ്രീലങ്കയില്‍ നിന്നുള്ള ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് ചാര്‍മേരി മെല്‍ഗെ, വില്ലേജ് വേയ്‌സ് യുകെ ആന്‍ഡ് ഇന്ത്യയിലെ മനീഷാ പാണ്ഡെ, സൗത്ത് ഈസ്റ്റ് ഏഷ്യ റിസര്‍ച്ച് അക്കാദമി (എസ്ഇഎആര്‍എ) കോ-ഡയറക്ടര്‍ ലെന്നി യുസ്രിനി തുടങ്ങിയവര്‍ പാനലിസ്റ്റുകളായും പ്രഭാഷകരുമായെത്തും.
ജന്‍ഡര്‍ ഇന്‍ക്ലുസീവ്- ഉത്തരവാദിത്ത ടൂറിസം'; 'സുരക്ഷിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ടൂറിസം' ; 'ടൂറിസത്തിലെ വനിതാ സംരംഭകത്വം';'സുരക്ഷ, ഉള്‍ക്കൊള്ളല്‍ ആഗോള പ്രവണതകള്‍: സ്ത്രീ സൗഹൃദ ടൂറിസത്തിന്റെ ഭാവിയും വെല്ലുവിളികളും' ;'പ്രാദേശിക സമൂഹത്തെ ശാക്തീകരിക്കല്‍' ലോക ടൂറിസം മാതൃകകളിലെ സ്ത്രീകള്‍', ടൂറിസത്തിലെ സുസ്ഥിര രീതികള്‍; കേരള ടൂറിസം സ്ത്രീകള്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍', 'ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍: ടൂറിസത്തിലെ വനിതാ സംരംഭകരുടെ ആവേശകരമായ സഞ്ചാരങ്ങള്‍' എന്നീ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍ നടക്കും.
യുഎന്‍ വിമന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. പ്രീജ രാജന്‍ ജെന്‍ഡര്‍ ഓഡിറ്റിനെ സംബന്ധിച്ച് അവതരണം നടത്തും. 'സ്ത്രീ സൗഹൃദ വാസസ്ഥലങ്ങളുടെ ഡ്രാഫ്റ്റ് ക്ലാസിഫിക്കേഷന്‍' എന്ന വിഷയത്തില്‍ രൂപേഷ് കുമാര്‍ കെ ചിന്തകള്‍ പങ്കിടും. പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സംരംഭകര്‍ തമ്മില്‍ നവീന ആശയങ്ങള്‍ കൈമാറുന്നതിനും സമ്മേളനം വേദിയാകും. മൂന്ന് ദിവസത്തെ എക്‌സിബിഷനും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ബിടുബി നെറ്റ് വര്‍ക്കിംഗ് സെഷനും സംഘടിപ്പിച്ചിട്ടുണ്ട്.
'സ്ത്രീ ടൂറിസത്തില്‍ മാധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ നടക്കുന്ന അവതരണത്തില്‍ ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) വിഷ്ണുരാജ് പി, ഫ്രണ്ട്‌ലൈന്‍ സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ ടി കെ രാജലക്ഷ്മി, ബ്ലോഗര്‍ രമ്യ എസ് ആനന്ദ്, ഗൗരി (ഗൗരിയുടെ യാത്രകള്‍), ലക്ഷ്മി ശരത് (ട്രാവല്‍ ബ്ലോഗര്‍, സ്റ്റോറി ടെല്ലര്‍, എ ട്രാവലര്‍) തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ ടൂറിസം മേഖലയിലെ വനിതാ സംരംഭകരെയും താഴെത്തട്ടിലുള്ള വനിതാ പ്രതിഭകളെയും ആദരിക്കും.
2008 ല്‍ ആരംഭിച്ച ഉത്തരവാദിത്ത ടൂറിസം 25,188 രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകളുമായി സമൂഹത്തിന്റെ താഴെത്തട്ടില്‍ നിന്നുള്ള ബഹുജന മുന്നേറ്റമായി മാറുകയായിരുന്നു. ഇതില്‍ 17,632 യൂണിറ്റുകള്‍ പൂര്‍ണ്ണമായും സ്ത്രീകളുടേതോ അല്ലെങ്കില്‍ സ്ത്രീകള്‍ നേതൃത്വം നല്‍കുന്നതോ ആണ്. 52,000-ത്തിലധികം ആളുകള്‍ക്ക് നേരിട്ടും 98,432 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ഗ്രാമപ്രദേശത്ത് നിന്നുള്ളവരാണെന്നതാണ് വസ്തുത. കല-കരകൗശല, പരമ്പരാഗത ഉപജീവന മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയ്ക്ക് നിരവധി ദേശീയ അന്തര്‍ദേശീയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
#keralatourism, #womenintourism, #genderequality, #sustainabletourism, #womenempowerment, #internationalconference