Mandates | സൗദിയിലെത്തുന്ന ഉംറ വിസക്കാരും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവരും നിര്‍ബന്ധമായും പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം
● നിലവില്‍ ഇന്ത്യക്കാര്‍ക്ക് ബാധകമല്ല.
● ഒരു വയസ്സിന് താഴെയുള്ള കുട്ടികളെയും ഒഴിവാക്കി.
● 10 ദിവസം മുമ്പെങ്കിലും വാക്‌സിന്‍ എടുത്തിരിക്കണം.
● വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും കൈവശം വെക്കണം.
ജിദ്ദ: (KVARTHA) സൗദിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ആരോഗ്യ മന്ത്രാലയം. സൗദിയിലേക്ക് പ്രവേശിക്കുന്ന ഉംറ വിസക്കാരും മക്ക, മദീന തുടങ്ങിയ പുണ്യസ്ഥലങ്ങള്‍, മക്കക്കടുത്തുള്ള ജിദ്ദ, ത്വാഇഫ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായെത്തുന്നവരും നിര്‍ബന്ധമായും വാക്‌സിനേഷന്‍ കുത്തിവെപ്പ് എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ പുതിയ നിബന്ധന ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് ബാധകമല്ലെന്നാണ് കരുതുന്നത്. എന്നാല്‍ സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിബന്ധനകളില്‍ മെനിംഗോകോക്കല്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എല്ലാ രാജ്യക്കാരായ ഉംറ തീര്‍ഥാടകര്‍ക്കും നിര്‍ബന്ധമാണെന്ന് വിവരിക്കുന്നുണ്ട്. ഇക്കാര്യം സിവില്‍ ഏവിയേഷന്‍ സര്‍ക്കുലറില്‍ പ്രതിപാദിക്കുന്നില്ല. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ വ്യക്തമാകും.
സൗദിയിലേക്ക് സര്‍വീസ് നടത്തുന്ന മുഴുവന്‍ വിമാന കമ്പനികള്‍ക്കും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഗാക) ഇതുസംബന്ധിച്ച സര്‍ക്കുലര്‍ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം അയച്ചു. ഉംറ വിസയുള്ളവര്‍, അല്ലെങ്കില്‍ വിസ തരം പരിഗണിക്കാതെ ഉംറ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായെത്തുന്നവര്‍ തുടങ്ങിയവര്‍ ആവശ്യമായ വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിമാന കമ്പനികള്‍ ഉറപ്പ് വരുത്തണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കി.
മഞ്ഞപ്പനി ബാധിച്ച ആഫ്രിക്കന്‍, സൗത്ത് അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം എന്നാണ് വിമാന കമ്പനികള്‍ക്കയച്ച 'ഗാക' സര്‍ക്കുലറില്‍ പറയുന്നത്. ഇങ്ങനെയുള്ളവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് യാത്രയില്‍ കൂടെ കരുതണം. 'നെയ്‌സെരിയ മെനിഞ്ചൈറ്റിസ് വാക്‌സിന്‍' ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
യാത്രക്കാര്‍ക്ക് ക്വാഡ്രിവാലന്റ് നെയ്സെരിയ മെനിഞ്ചൈറ്റിസ് വാക്‌സിന്‍, പോളിസാക്രറൈഡ് അല്ലെങ്കില്‍ സംയോജിത തരം എന്നിവ ഉപയോഗിച്ച് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്ന് വിമാനകമ്പനികള്‍ ഉറപ്പാക്കണം. യാത്രക്കാര്‍ എത്തിച്ചേരുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും വാക്‌സിന്‍ എടുത്തിരിക്കണം. അല്ലെങ്കില്‍ പോളിസാക്രറൈഡ് വാക്‌സിന്‍ മൂന്ന് വര്‍ഷത്തിനുള്ളിലോ സംയോജിത വാക്‌സിന്‍ അഞ്ചു വര്‍ഷത്തിനുള്ളിലോ ആയിരിക്കണം. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും കൈവശം വെക്കണം.
ട്രാന്‍സിറ്റ്, ഡെസ്റ്റിനേഷന്‍ കേന്ദ്രങ്ങള്‍ നിര്‍ദ്ദേശിക്കുന്ന രേഖകള്‍ യാത്രക്കാരുടെ കൈവശം ഉണ്ടെന്ന് ഉറപ്പ് വരുത്താന്‍ എംബാര്‍ക്കേഷന്‍ സമയത്ത് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം. അതേസമയം, മെനിംഗോകോക്കല്‍ മെനിഞ്ചൈറ്റിസ് വാക്‌സിനില്‍ നിന്ന് ഒരു വയസ്സിന് താഴെയുള്ള കുട്ടികളെ ഒഴിവാക്കിയിരിക്കുന്നു.
'ഗാക' പുറപ്പെടുവിച്ച സര്‍ക്കുലര്‍ പാലിക്കാത്തത് സര്‍ക്കാര്‍ ഉത്തരവുകളുടെ വ്യക്തമായ ലംഘനമാണെന്നും നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സൗദി സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.
#Umrah #SaudiArabia #vaccination #travel #health #pilgrimage #MiddleEast