വാൽപ്പാറയിലേക്ക് ഒരു യാത്ര: അറിയേണ്ട കാര്യങ്ങളും മനോഹര കാഴ്ചകളും


● വനത്തിലൂടെയുള്ള യാത്രയിൽ വന്യജീവികളെ കാണാൻ സാധ്യത.
● മലക്കപ്പാറയിൽ ചായ കുടിക്കാനും ഷോളയാർ ഡാം സന്ദർശിക്കാനും സൗകര്യം.
● ജൂൺ, ജൂലൈ മാസങ്ങളിൽ മലക്കപ്പാറ കോടമഞ്ഞിൽ മൂടിയിരിക്കും.
● 40 ഹെയർ പിൻ വളവുകളുള്ള പാത പകൽ വെളിച്ചത്തിൽ കാണേണ്ട കാഴ്ചയാണ്.
ഡോണൽ മൂവാറ്റുപുഴ
(KVARTHA) വിനോദസഞ്ചാരികൾ ഒരൊറ്റ തവണയെങ്കിലും യാത്ര ചെയ്യേണ്ട ഒരിടമാണ് ആതിരപ്പള്ളി - വാൽപ്പാറ വനപാത. എന്തൊരു ഭംഗി, എന്തൊരു അഴക് എന്നൊക്കെ ഈ യാത്രയെക്കുറിച്ച് പറയാതെ വയ്യ. അത്രയ്ക്ക് നയനമനോഹരമായ കാഴ്ചകളാണ് ഈ വനപാതയിൽ നിറയെ. നമ്മൾ സ്വർഗ്ഗത്തിലേക്കുള്ള പാത എന്ന് വിശേഷിപ്പിക്കാറില്ലേ, ഏറെക്കുറെ അതിനോടടുത്ത് നിൽക്കുന്ന ഒരനുഭവമാണിത്. പക്ഷേ ഈ സ്വർഗ്ഗത്തിൻ്റെ പേര് വാൽപ്പാറ എന്നാണ്. അതിൻ്റെ പ്രത്യേകതകളും, എത്തിച്ചേരേണ്ട വഴികളും, യാത്രയിൽ ശ്രദ്ധിക്കേണ്ട മുൻകരുതലുകളുമാണ് ഇവിടെ വിവരിക്കുന്നത്.
എത്ര പോയാലും മതിവരാത്ത, ഹരം പിടിപ്പിക്കുന്ന യാത്രയാണ് അതിരപ്പിള്ളി - വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്കുള്ളത്. നിരവധി സിനിമകൾ, എന്തിന് ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി' പോലും അതിരപ്പിള്ളിയുടെ പശ്ചാത്തലത്തിൽ പിറന്നതാണ്. വാഴച്ചാലിലെ ഫാമിലി ട്രിപ്പ് അവസാനിക്കുമ്പോൾ, ചെക്ക്പോസ്റ്റ് പിന്നിട്ടാൽ ഒരു നല്ല യാത്ര കൂടി നിങ്ങളെ കാത്തിരിക്കുന്നു. അതാണ് വാൽപ്പാറ - മലക്കപ്പാറ യാത്ര. ആനയും മറ്റ് വന്യമൃഗങ്ങളും റോഡിലിറങ്ങാൻ സാധ്യതയുള്ള വനത്തിലൂടെയാണ് ഈ യാത്ര.
പോകുന്ന വഴിയിൽ കാട്ടുകോഴികളെയും, സിംഹവാലൻ കുരങ്ങുകളെയും, മാനുകളെയും, വേഴാമ്പലുകളെയും, കൂടാതെ ധാരാളം പക്ഷികളെയും കാണാം. മലക്കപ്പാറയിൽ എത്തിയാൽ ചായ കുടിക്കാനുള്ള സൗകര്യമുണ്ട്. ചെക്ക് പോസ്റ്റിൽ വിവരങ്ങൾ നൽകിയ ശേഷം ഷോളയാർ ഡാം സന്ദർശിച്ച് തണുത്ത വെള്ളത്തിൽ കുളിക്കുന്നതും നല്ലൊരനുഭവമാണ്. മലക്കപ്പാറയിൽ നിന്ന് ഏകദേശം 28 കിലോമീറ്ററാണ് വാൽപ്പാറയിലേക്ക്.
അടുത്തതായി ആളിയാർ ഡാമിലേക്കുള്ള രസകരമായ യാത്രയാണ്. ജൂൺ, ജൂലൈ മാസങ്ങളാണ് ഇവിടുത്തെ പ്രധാന സീസൺ. ഈ മാസങ്ങളിൽ മലക്കപ്പാറ എപ്പോഴും കോടമഞ്ഞിനാൽ മൂടപ്പെട്ടിരിക്കും. ആദിവാസി വിഭാഗങ്ങളുടെ ഉത്സവങ്ങളും ഈ സമയത്താണ് നടക്കുന്നത്. അവരുടെ മനോഹരമായ കലാപരിപാടികളും കാണാൻ സാധിക്കും. മലക്കപ്പാറയിൽ ഹോം സ്റ്റേ സൗകര്യവും ലഭ്യമാണ്.
ആതിരപ്പള്ളി - വാൽപ്പാറ യാത്ര ഒരു ദൃശ്യ വിരുന്നാണ്. കാനന ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ പാത തീർച്ചയായും ഇഷ്ടപ്പെടും. അതിരപ്പള്ളിയിൽ ഒരു ഫോറസ്റ്റ് ചെക്ക് പോസ്റ്റ് ഉണ്ട്. നമ്മൾ എവിടേക്കാണ് പോകുന്നത്, വാഹനത്തിൻ്റെ നമ്പർ എന്നിവ ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. ഫോറസ്റ്റ് ഓഫീസർ വാഹനം പരിശോധിച്ചതിന് ശേഷമേ യാത്ര ചെയ്യാൻ അനുമതി ലഭിക്കൂ. പോകുന്ന വഴി നിബിഡ വനമായതിനാൽ ഒരിടത്തും വാഹനം നിർത്തരുതെന്ന നിർദ്ദേശവും ലഭിക്കും.
മഴക്കാലത്ത് വാൽപ്പാറയുടെ ഭംഗി വർദ്ധിക്കുന്നു. തേയില തോട്ടങ്ങൾ നിറഞ്ഞ പ്രദേശങ്ങൾ അവിടെ ധാരാളമായുണ്ട്. താമസിക്കാൻ സൗകര്യങ്ങളുള്ള നല്ലൊരു ടൗൺ ആണ് വാൽപ്പാറ. സമയം കിട്ടിയാൽ കാണാൻ ഒട്ടനവധി സ്ഥലങ്ങളും ഉണ്ട്. കാണേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഹോട്ടൽ അധികൃതരിൽ നിന്ന് ലഭിക്കും. തിരികെ വരാൻ എളുപ്പമുള്ള വഴി ആളിയാർ - പൊള്ളാച്ചി റൂട്ടാണ്. ഒരുപാട് വ്യൂ പോയിന്റുകളും, ഹെയർ പിൻ വളവുകളും ഈ പാതയിലുണ്ട്.
പോകുന്ന വഴിയിൽ തന്നെയാണ് മങ്കി ഫാൾസ് വെള്ളച്ചാട്ടം. ഒമ്പതാമത്തെയും പതിനൊന്നാമത്തെയും ഹെയർപിൻ വളവുകളിൽ നിന്നുള്ള ആളിയാർ ഡാമിന്റെ വിദൂര ദൃശ്യം അതിമനോഹരമാണ്. നീലഗിരി താറുകൾ ഈ മലകളിൽ മേഞ്ഞുനടക്കുന്നത് കാണാം. ഇതൊരു അവിസ്മരണീയമായ യാത്രയായിരിക്കും എന്നതിൽ സംശയമില്ല. അങ്ങോട്ട് പോകുന്നവർ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കാൻ ശ്രമിക്കുക. മറ്റൊന്നുമല്ല, ഇരുചക്ര വാഹനമാണെങ്കിൽ യാത്ര പുറപ്പെടുന്നതിന് മുൻപ് വാഹനം നന്നായി പരിശോധിക്കുക. ഒരു കുഴപ്പവുമില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം യാത്രയ്ക്ക് തയ്യാറെടുക്കുക. നല്ല ടയർ, ശരിയായ എയർ പ്രഷർ, ആവശ്യത്തിന് ഇന്ധനം എന്നിവ ഉറപ്പുവരുത്തിയിട്ട് മാത്രം യാത്ര തുടങ്ങുക.
ചാലക്കുടിയിൽ നിന്ന് ആവശ്യത്തിനുള്ള സാധനങ്ങൾ (വെള്ളം, ഇന്ധനം) കരുതുക. അതിരപ്പിള്ളിയിൽ വെച്ച് ടയർ പരിശോധിക്കുന്നതും നല്ലതാണ്. കാരണം, ഏകദേശം അറുപത് കിലോമീറ്ററോളം ആളനക്കമില്ലാത്ത പ്രദേശമാണിത്. വാഹനത്തിൽ അമിത വേഗതയിൽ പോകരുത്. ഒരു അപകടം സംഭവിച്ചാൽ പോലും സഹായത്തിന് ആരും ഉണ്ടാകില്ല.
വാഹനത്തിന് എന്തെങ്കിലും തകരാറ് സംഭവിച്ചാൽ അത് പെട്ടെന്ന് പരിഹരിക്കാൻ ബുദ്ധിമുട്ടായിരിക്കും. അമിത വേഗതയും, അനാവശ്യമായ നിയന്ത്രണവും ഒഴിവാക്കുക. വഴിയിൽ അപ്രതീക്ഷിതമായി വലിയ കുഴികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വീതി കുറഞ്ഞ വഴിയാണ് ഇവിടത്തേത്. എതിർവശത്ത് നിന്ന് ഒരു വാഹനം വന്നാൽ വെട്ടിച്ചു മാറ്റാൻ പോലും സാധിക്കാത്ത അവസ്ഥയുണ്ടാകാം.
വാൽപ്പാറ - പൊള്ളാച്ചി റൂട്ടിലെ ഈ 40 ഹെയർ പിൻ വളവുകളിലൂടെ പകൽ വെളിച്ചത്തിൽ ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടില്ലെങ്കിൽ അതൊരു വലിയ നഷ്ടം തന്നെയാണ്. പ്രിയ സഞ്ചാരി സുഹൃത്തുക്കളെ, നിങ്ങൾ ഒരൊറ്റ തവണയെങ്കിലും ഇവിടെ പോകണം. ആ യാത്ര ഒരിക്കലും ഒരു നഷ്ടമായിരിക്കില്ല.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: The Athirappilly-Valparai forest route offers a breathtaking travel experience with wildlife, waterfalls, and tea estates. The article details the route, key attractions like Malakkappara and Sholayar Dam, and essential travel precautions.
#Valparai, #Athirappilly, #TravelKerala, #ForestRoute, #Wildlife, #TeaEstates