ധൈര്യശാലികൾക്ക് മാത്രം! ആയിരക്കണക്കിന് പാമ്പുകളുള്ള വിയറ്റ്നാമിലെ വിചിത്ര സ്ഥലം; കൗതുകക്കാഴ്ചകൾ


● ‘ഗാർഡൻ ഓഫ് സ്നേക്സ്’ എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.
● 50-ൽ അധികം ഇനം പാമ്പുകൾ ഇവിടെയുണ്ട്; വിഷമുള്ളവയും ഇല്ലാത്തവയും.
● പാമ്പുകടിയേറ്റുള്ള ചികിത്സയ്ക്കും ഗവേഷണത്തിനും പ്രാധാന്യം.
● വിഷപ്പാമ്പുകൾക്കിടയിലും സുരക്ഷിതമായി കാഴ്ചകൾ ആസ്വദിക്കാം.
ഡോണൽ മൂവാറ്റുപുഴ
(KVARTHA) വിയറ്റ്നാമിൽ എത്തിയാൽ വിനോദസഞ്ചാരികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ് ഡോങ് താം പാമ്പ് ഫാം അഥവാ ‘ഗാർഡൻ ഓഫ് സ്നേക്സ്’. ഈ ഗാർഡന് ഒരു വലിയ പ്രത്യേകതയുണ്ട്. ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത എന്തെന്നാൽ ഈ ഗാർഡനിൽ എവിടെ തിരിഞ്ഞുനോക്കിയാലും അവിടെയെല്ലാം ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പാമ്പുകളെ കാണാം.
പക്ഷേ, നിങ്ങൾ അവിടെ സുരക്ഷിതരായിരിക്കും. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള സഞ്ചാരികളാണ് ഇവിടേക്ക് കൂടുതലായി എത്തുന്നത്. ഡോങ് താം പാമ്പ് ഫാം അഥവാ ‘ഗാർഡൻ ഓഫ് സ്നേക്സ്’ എന്ന ഈ ഫാം അല്ലെങ്കിൽ ഗാർഡനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
ഡോങ് താം പാമ്പ് ഫാം അഥവാ ‘ഗാർഡൻ ഓഫ് സ്നേക്സ്’
വിയറ്റ്‌നാമിലെ ഡോങ് താം ഫാമിൽ എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെയെല്ലാം ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പാമ്പുകൾ മാത്രം! ഒരു അസ്സൽ ‘സ്നേക്സ് ഗാർഡൻ’ എന്ന് വേണമെങ്കിൽ ഈ ഫാമിനെ വിളിക്കാം. കാരണം, കുറ്റിച്ചെടികളിലും, നീർച്ചാലുകളിലും, മരങ്ങളിലും, നിലത്തുമെല്ലാം പാമ്പുകൾ ഒന്നിനു മീതെ ഒന്നായി അട്ടിക്കട്ടിയായി കിടക്കുകയാണ്.
വിയറ്റ്‌നാമിലെ തെയ്ൻ ഗിയാങ് പ്രവശ്യയിലുള്ള ചൗ താൻഹ് ജില്ലയിലാണ് ഈ അസാധാരണമായ സ്നേക്സ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്. ടിയെൻ നദിയുടെ കരയിൽ വിശാലമായ 12 ഹെക്ടറിലുള്ള ഡോങ് താം ഫാം, പാമ്പ് കൃഷിക്ക് മാത്രമുള്ളതാണ്. 1977ൽ സ്ഥാപിക്കപ്പെട്ട ഈ ഫാമിൽ വിഷപ്പാമ്പുകളും അല്ലാത്തതുമായി അമ്പതിലധികം ഇനങ്ങളിലുള്ള പാമ്പുകളുണ്ട്. പ്രധാനമായും പാമ്പ് സംരക്ഷണത്തിനും, ശാസ്ത്രീയ ആവശ്യങ്ങൾക്കും വേണ്ടിയാണ് ഇവിടെ പാമ്പുകളെ പാർപ്പിച്ചിരിക്കുന്നതെന്ന് ഫാം അധികൃതർ പറയുന്നു.
രാജവെമ്പാലയും, മൂർഖനും അടക്കം പത്തിലധികം വിഷപ്പാമ്പ് ഇനങ്ങൾ ഇവിടെയുണ്ട്. പ്രത്യേക പരിചരണം ആവശ്യമുള്ള മൂർഖൻ അടക്കമുള്ള പാമ്പുകളെ പ്രത്യേക കൂടുകളിലാണ് പാർപ്പിച്ചിട്ടുള്ളത്. മറ്റ് വിഷപ്പാമ്പുകളെ അപേക്ഷിച്ച് മൂർഖൻ വളരെ വലുതും, നീളമുള്ളവയുമാണ്. ഏറ്റവും വിഷമുള്ള പാമ്പ് വർഗ്ഗമാണിവ. ഇവയുടെ ഒരു ഗ്രാം വിഷത്തിന് 166 ആളുകളെ വരെ കൊല്ലാൻ കഴിയുമെന്നാണ് പറയുന്നത്.
രാജവെമ്പാലയാണ് ഈ ഫാമിലെ ഏറ്റവും പ്രധാനപ്പെട്ട പാമ്പ്. അവയിൽ പലതും 10 കിലോഗ്രാമിലധികം ഭാരമുള്ളവയാണ്. ഏറ്റവും വലിയ പാമ്പിന് 27 കിലോഗ്രാം ഭാരവും, 4.2 മീറ്റർ നീളവുമുണ്ട്. ഇവയ്ക്ക് 17 വർഷം വരെയാണ് ആയുസ്സ് കണക്കാക്കുന്നത്. സാധാരണയായി ഉയർന്ന വനപ്രദേശങ്ങളിലും, മഴക്കാടുകളിലും, പുൽമേടുകളിലും, തടാകങ്ങളിലുമൊക്കെയാണ് ഇവയെ കാണാറ്. വർഷത്തിൽ 20-50 മുട്ടകൾ വരെ ഈ പാമ്പുകൾ ഇടാറുണ്ട്. മറ്റ് പാമ്പുകൾ, പക്ഷികൾ, പല്ലികൾ എന്നിവയാണ് പ്രധാന ഭക്ഷണം.
വിയറ്റ്‌നാമിലെയും ലോകത്തിലെ തന്നെയും പാമ്പ് ഗവേഷണത്തിൽ വലിയ പങ്ക് വഹിക്കുന്ന ഫാം ആണിത്. പാമ്പുകടിയേറ്റുള്ള വിഷബാധയ്ക്ക് ഫലപ്രദമായ ചികിത്സകൾ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങൾ ദിവസേന ഇവിടെ നടന്നുവരുന്നു. മാത്രമല്ല, ഫാമിലെ വിഷപ്പാമ്പുകളിൽ നിന്ന് വിഷം ശേഖരിച്ച് മരുന്നുകൾക്കും, വിഷത്തിനുള്ള മറുമരുന്ന് ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു. ഇത് മറ്റുരാജ്യങ്ങളിലേക്ക് കയറ്റി അയക്കാറുമുണ്ട്. 3-6 മാസത്തിലൊരിക്കലാണ് പാമ്പുകളിൽ നിന്നും വിഷം ശേഖരിക്കുക. രണ്ട് വയസ്സിൽ കൂടുതൽ പ്രായമുള്ള ആരോഗ്യമുള്ള പാമ്പുകളിൽ നിന്നാണ് വിഷമെടുക്കുക.
ഈ ഫാമിലുള്ള മിക്ക വിഷപ്പാമ്പുകളുടെയും വിഷത്തിനെതിരെ പ്രയോഗിക്കേണ്ട മറുമരുന്നുകൾ ഇവിടെ വികസിപ്പിച്ചിട്ടുണ്ട്. മേഖലയിലെ പ്രധാന പാമ്പ് ചികിത്സാകേന്ദ്രം കൂടിയാണ് ഈ ഫാം. പ്രതിവർഷം കുറഞ്ഞത് 1,500 പേരെങ്കിലും പാമ്പുകടിക്ക് ചികിത്സ തേടി ഇവിടെ എത്താറുണ്ട്.
നേരത്തെ ഗവേഷണ ആവശ്യങ്ങൾക്ക് മാത്രമായി പാമ്പിനെ വളർത്തിയിരുന്ന ടോങ് താം പാർക്ക് ഇപ്പോൾ വിയറ്റ്‌നാമിലെ പ്രസിദ്ധ ടൂറിസ്റ്റ് ലക്ഷ്യസ്ഥാനം കൂടിയാണ്. ഓരോ വർഷവും ദശലക്ഷക്കണക്കിന് സഞ്ചാരികളാണ് കൺനിറയെ പാമ്പുകളെ കാണാൻ ഇങ്ങോട്ട് ഒഴുകിയെത്തുന്നത്. വിഷപ്പാമ്പുകൾക്കിടയിൽ നിന്നുകൊണ്ട് വളരെ സുരക്ഷിതമായി ഫാമിലെ അപൂർവ്വ കാഴ്ചകൾ ആസ്വദിക്കാനുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
തീർച്ചയായും യാത്ര ഇഷ്ടപ്പെടുന്നവർക്ക് വിയറ്റ്നാമിലെ ഈ പ്രത്യേക സ്ഥലം ഇഷ്ടപ്പെടും. കൗതുകം തോന്നുന്ന ഒരുപാട് കാഴ്ചകളും ഇവിടെയുണ്ട്. വിനോദസഞ്ചാരികൾ ഒരിക്കലെങ്കിലും ഈ സ്ഥലം സന്ദർശിക്കാൻ ശ്രദ്ധിക്കുക. ഇവിടുത്തെ മനോഹാരിത കാണുക എന്നത് മാത്രമല്ല, ഒരുപാട് അറിവുകൾ ഇവിടം നിങ്ങൾക്ക് പ്രദാനം ചെയ്യും തീർച്ച.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Dong Tam Snake Farm in Vietnam's Tien Giang province is home to thousands of snakes of over 50 species, including venomous king cobras and vipers. Established in 1977 for research and antivenom production, it has become a popular tourist destination offering a safe yet thrilling experience.
#VietnamTravel, #SnakeFarm, #DongTam, #WildlifeTourism, #AdventureTravel, #UniqueAttraction