Apology | മദ്യലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവം; പൊതുസമൂഹത്തോട് ക്ഷമ ചോദിച്ച് നടന്‍ ബൈജു, വീഡിയോ
● ഞായറാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.
● വെള്ളയമ്പലം ജംഗ്ഷനിലായിരുന്നു സംഭവം.
● ടയര്‍ പഞ്ചറായതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നടന്‍.
തിരുവനന്തപുരം: (KVARTHA) ഞായറാഴ്ച രാത്രിയാണ് തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനില്‍ വെച്ച് നടന്‍ ബൈജുവിന്റെ (Baiju Santhosh) കാര്‍, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടത്. സംഭവത്തില്‍ വൈദ്യപരിശോധനയ്ക്കായി നടനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും രക്ത സാമ്പിള്‍ കൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറായില്ലെന്നും ഡോക്ടര്‍ പൊലീസിന് മെഡിക്കല്‍ റിപ്പോര്‍ട്ട് എഴുതി നല്‍കുകയായിരുന്നു.
മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ചതിന് മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാത്രി ഒരു മണിയോടെ ബൈജുവിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, മദ്യലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബൈജു.
സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ബൈജു പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ചത്. അപകടമുണ്ടായപ്പോള്‍ തന്നെ ബൈക്ക് യാത്രക്കാരനെ ആശുപത്രിയില്‍ പോകേണ്ടതുണ്ടോയെന്ന് ചോദിച്ചിരുന്നു. എന്നാല്‍ വേണ്ടെന്നായിരുന്നു മറുപടി. തന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും ബൈജു സന്തോഷ് പറഞ്ഞു.
65 കിലോമീറ്റര്‍ സ്പീഡിലായിരുന്നു വാഹനം വന്നിരുന്നത്. വെള്ളയമ്പലം ഭാഗത്തേക്ക് എത്തിയപ്പോള്‍ ടയര്‍ പഞ്ചറാവുകയും വാഹനം തിരിക്കാന്‍ നോക്കിയപ്പോള്‍ സാധിച്ചതുമില്ല. ഇതാണ് അപകടത്തിനിടയാക്കിയത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഏഷ്യാനെറ്റ് ന്യൂസിന്റെ മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടതിനും ബൈജു ഖേദം പ്രകടിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകരാണെന്ന് അറിഞ്ഞില്ലെന്നും ടയര്‍ പഞ്ചറായതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ബൈജു ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ വിശദീകരിച്ചു.
#BaijuSanthosh #Accident #DrunkDriving #Apology #Kerala #MalayalamActor #CelebrityNews