Fake Video Row | തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ വ്യാജവീഡിയോ അപ് ലോഡ് ചെയ്തയാളെ കോയമ്പതൂരില്‍വച്ച് കസ്റ്റഡിയിലെടുത്തതായി പൊലീസ്; പിടിയിലായ ലത്വീഫ് ലീഗ് പ്രവര്‍ത്തകനല്ലെന്ന് മുസ്ലീം ലീഗ്
May 31, 2022, 11:54 IST
കൊച്ചി: (www.kvartha.com) തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരായ വ്യാജവീഡിയോ കേസില്‍ ഒരാള്‍ പിടിയിലായതായി പൊലീസ്. വീഡിയോ ട്വിറ്ററില്‍ അപ് ലോഡ് ചെയ്തയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം സ്വദേശിയായ അബ്ദുല്‍ ലത്വീഫിനെയാണ് തിങ്കളാഴ്ച രാത്രി കോയമ്പതൂരില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. നിലവില്‍ എറണാകുളം സിറ്റി പൊലീസ് കസ്റ്റഡിലുള്ള ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
പൊലീസ് പറയുന്നത്: വ്യാജ ട്വിറ്റര്‍ അകൗണ്ട് ഉണ്ടാക്കി അതില്‍ വീഡിയോ അപ് ലോഡ് ചെയ്യുകയായിരുന്നു ഇയാള്‍. ഇതില്‍നിന്ന് വാട്‌സാപിലേയ്ക്കും മറ്റു സമൂഹമാധ്യമങ്ങള്‍ വഴിയും വീഡിയോ പ്രചരിക്കുകയായിരുന്നു. സ്വന്തം ട്വിറ്റര്‍ അകൗണ്ടുമായി ബന്ധപ്പെടുത്തി വ്യാജ അകൗണ്ട് ഉണ്ടാക്കിയതാണ് ഇയാളെ കുടുക്കിയത്.
പൊലീസ് പിന്തുടരുന്നത് അറിഞ്ഞ് അബ്ദുല്‍ ലത്വീഫ് മുങ്ങുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണം ഇയാളുടെ ഒളിവ് കേന്ദ്രത്തിലേയ്ക്ക് എത്തുകയായിരുന്നു. പ്രതി മുസ്‌ലീം ലീഗുമായി ബന്ധമുള്ള ആളാണെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്.
വ്യാജ അകൗണ്ടില്‍നിന്നാണ് വീഡിയോ അപ് ലോഡ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചയാളെക്കുറിച്ചു വിവരം ലഭിച്ചിരുന്നില്ല. ഇതിനായി ട്വിറ്ററുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ നേരത്തെ അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു.
അതേസമയം, വ്യാജവീഡിയോ കേസില്‍ പിടിയിലായ അബ്ദുള്‍ ലത്വീഫ് ലീഗ് പ്രവര്‍ത്തകനല്ലെന്ന് മുസ്ലീം ലീഗ് പ്രാദേശിക നേതൃത്വം പറഞ്ഞു. ലത്വീഫിന് ലീഗുമായി ഒരു ബന്ധവുമില്ലെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം.
തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച ചെയ്യപ്പെട്ട വിഷയമായിരുന്നു ജോ ജോസഫിന്റേതെന്ന പേരില്‍ പ്രചരിക്കപ്പെട്ട വ്യാജ വീഡിയോ. ഇതേത്തുടര്‍ന്ന് മൂന്ന് മുന്നണികളും ആരോപണപ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.