Viral | വൈറല്‍ പാട്ടിന് മറ്റ് കുട്ടികളില്‍ എനര്‍ജി പടര്‍ത്തി അനയ; കിടിലന്‍ ഡാന്‍സ് പങ്കിട്ട് വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, വീഡിയോ
● രണ്ടാം ക്ലാസുകാരിയെ തോല്‍പ്പിക്കാന്‍ ആരുണ്ടെന്ന് മന്ത്രി.
● ചിരിയൊന്നും വക വെക്കാതെ അനയ നൃത്തം തുടര്‍ന്നു.
● അധ്യാപിക പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
കൊച്ചി: (KVARTHA) നമ്മുടെ കുഞ്ഞുങ്ങള്‍ കളിച്ചും ചിരിച്ചും അനുഭവങ്ങളിലൂടെയും ആത്മവിശ്വാസത്തോടെ പഠിച്ച് വളരാനുള്ള ഇടമായിരിക്കണം വിദ്യാലയങ്ങള്‍. ചിലപ്പോള്‍ താങ്ങാനാവാത്ത വലിയ ഫീസ് കൊടുത്ത് സ്വകാര്യ സ്‌കൂളുകളില്‍ കര്‍ശ നിയന്ത്രണങ്ങളോടെ പഠിപ്പിക്കുന്നതിനേക്കാളും എത്രയോ നല്ലത് ആടിയും പാടിയും കളിച്ചും ചിരിച്ചും സന്തോഷത്തോടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച് വളരുന്നതാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്ന ഒരു വീഡിയോ.
തൃപ്പൂണിത്തുറ എരൂര്‍ ജി.കെ.എം.യു.പി.എസ് സ്‌കൂളിലെ അനയയാണ് കോളേജുകളില്‍ ഹരമായിരുന്ന വൈറല്‍ പാട്ടിന് ചുവടുവെച്ച് വൈറലായത്. സ്‌കൂളില്‍വെച്ചുള്ള രണ്ടാം ക്ലാസുകാരിയുടെ വൈറല്‍ നൃത്തം വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു.
സ്‌കൂളില്‍ ഒഴിവുസമയത്ത് കളിക്കുന്നതിനിടെ സ്പീക്കറില്‍ ആ വൈറല്‍ പാട്ട് കേട്ടതോടെ രണ്ടാം ക്ലാസുകാരി അനയ പിന്നെ ഒന്നും നോക്കിയില്ല. ആരെയും കൂസാതെ മറ്റ് വിദ്യാര്‍ഥികള്‍ക്കും ആത്മവിശ്വാസവും എനര്‍ജിയും പകര്‍ന്ന് അവള്‍ നൃത്തം തുടങ്ങി. ആദ്യം ചിരിച്ചും അമ്പരന്നും നിന്ന കുട്ടികളൊക്കെ പിന്നാലെ കൂടി, അങ്ങനെ ആ ഡാന്‍സ് വൈറലായി.
2004ല്‍ ജയരാജ് സംവിധാനം ചെയ്ത് 'റെയിന്‍ റെയിന്‍ കം എഗയ്ന്‍' എന്ന ചിത്രത്തിലെ തെമ്മാ തെമ്മാ തെമ്മാടി കാറ്റേ.... ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ...' എന്ന പാട്ടിനായിരുന്നു അനയ മനോഹരമായ ചുവടുകള്‍ വെച്ചത്. അനയയുടെ ഗംഭീര സെറ്റ്പ്പുകള്‍ കണ്ട് കുട്ടികളും അധ്യാപകരും ആദ്യമൊന്ന് ഞെട്ടി. എന്നാല്‍ ചിരിയൊന്നും വക വെക്കാതെ അനയ നൃത്തം തുടര്‍ന്നു. ഇതോടെ അധ്യാപിക പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
പിന്നീട് സഹപാഠികളും അനയയ്ക്കൊപ്പം കൂടി ചുവടുവെച്ചു. ഇതിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മന്ത്രി ഫെയ്സ്ബുക്കില്‍ 'നൃത്തത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി അനയയെ തോല്‍പ്പിക്കാന്‍ ഇനി ആരുണ്ട്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. എന്തായാലും രണ്ടാം ക്ലാസുകാരിയുടെ ചടുലവും അനായാസവുമായ നൃത്തം ഗംഭീരമാണെന്നാണ് മന്ത്രിയുടെ പോസ്റ്റില്‍ നിറയുന്ന കമന്റുകള്‍.
#viralvideo #Kerala #studentdance #education #inspiration #socialmedia